ന്യൂഡല്‍ഹി: യുവതിയെ കൊന്ന് മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചെന്ന കേസില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട നിക്കി യാദവിന്റെ പിതാവ് സുനില്‍ യാദവ്. തന്റെ മകളെ സഹില്‍ ഗെലോട്ട് വിവാഹം ചെയ്തെന്ന കാര്യം അറിയില്ലായിരുന്നുവെന്ന് സുനില്‍ യാദവ് പറഞ്ഞു. മൂന്ന് വര്‍ഷം മുന്‍പ് ആര്യ സമാജ് ക്ഷേത്രത്തില്‍ വച്ച് ഇരുവരും വിവാഹിതരായതായും സഹില്‍ ഗെലോട്ടിന്റെ ലൈവ് ഇന്‍ പാര്‍ട്ണര്‍ ആയിരുന്നില്ല നിക്കി യാദവെന്നും ഡല്‍ഹി പൊലീസ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിക്കി യാദവിന്റെ വിവാഹത്തെ കുറിച്ച് അറിയില്ലായിരുന്നുവെന്ന പ്രതികരണവുമായി അച്ഛന് സുനില്‍ യാദവ് രംഗത്തുവന്നത്.
നിക്കി യാദവിനെ സഹില്‍ യാദവ് ഫോണിന്റെ ഡേറ്റ കേബിള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. നിക്കിയെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചെന്ന കേസില്‍ സഹില്‍ ഗെലോട്ടിന്റെ അച്ഛനെ അടക്കം അഞ്ചു പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാമുകിയായ നിക്കി യാദവിനെ സഹില്‍ ഗെലോട്ട് കൊലപ്പെടുത്തിയത് ഇവരുടെ അറിവോടെയും സഹായത്തോടെയുമാണ് എന്ന് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് ഡല്‍ഹിയെ വീണ്ടും ഞെട്ടിച്ച് കൊണ്ട് കൊലപാതകം നടന്നത്. സഹില്‍ യാദവിന്റെ കുടുംബം നടത്തുന്ന റെസ്റ്റോറന്റിലെ ഫ്രിഡ്ജില്‍ നിന്നാണ് നിക്കി യാദവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തില്‍ സഹില്‍ ഗെലോട്ടിന്റെ അച്ഛന് അടക്കം അഞ്ചുപേരുടെയും പങ്ക് വ്യക്തമായതായി സ്പെഷ്യല്‍ കമ്മീഷണര്‍ രവീന്ദ്ര യാദവ് പറഞ്ഞു. പിടിയിലായവരില്‍ നവീന്‍ ഡല്‍ഹി പൊലീസിലെ കോണ്‍സ്റ്റബിളും സഹിലിന്റെ അടുത്ത ബന്ധുവുമാണെന്നും പൊലീസ് പറഞ്ഞു.
തന്നെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് നിക്കി യാദവ് സമ്മര്‍ദ്ദം ചെലുത്തിയതാണ് കൊലപാതകത്തിലേക്ക് പ്രേരിപ്പിച്ചതെന്നാണ് സഹിലിന്റെ കുറ്റസമ്മത മൊഴി. ഫെബ്രുവരി 10നാണ് മറ്റൊരു യുവതിയുമായി സഹിലിന്റെ വിവാഹം കുടുംബം നിശ്ചയിച്ചത്. ഇതില്‍ നിന്ന് പിന്മാറണമെന്ന് സഹിലിനോട് നിക്കി യാദവ് കേണപേക്ഷിച്ചു. സമ്മര്‍ദ്ദം വര്‍ധിച്ചതിനെ തുടര്‍ന്ന് നിക്കി യാദവിനെ കൊലപ്പെടുത്താന്‍ സഹില്‍ പദ്ധതിയിടുകയായിരുന്നു. അച്ഛന്റെ അടക്കം അറിവോടെയും സഹായത്തോടെയുമാണ് സഹില്‍ കൊലപാതകം നടത്തിയത്. വിവാഹം നടത്താന്‍ നിശ്ചയിച്ച പത്തിന് തന്നെ കൊലപ്പെടുത്താനാണ് തീരുമാനിച്ചത്. കൊലപാതകത്തിന് ശേഷം സഹിലും ബന്ധുക്കളും വിവാഹ വേദിയിലേക്ക് പോയതായും പൊലീസ് പറയുന്നു.