IndiaNEWS

ഡല്‍ഹി വഖഫ് ബോര്‍ഡിന്റെ സ്വത്തുക്കള്‍ ഏറ്റെടുക്കാൻ കേന്ദ്ര സര്‍ക്കാര്‍; ഡൽഹിയിൽ വീണ്ടും ബി.ജെ.പി- ആം ആദ്മി പോര്

ന്യൂഡല്‍ഹി: ഡല്‍ഹി വഖഫ് ബോര്‍ഡിന് കീഴിലുള്ള പള്ളികളും ദര്‍ഗകളും ഖബറിടങ്ങളും ഉള്‍പ്പെടെ 123 സ്വത്തുക്കള്‍ ഏറ്റെടുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം വിവാദത്തിൽ. കേന്ദ്ര നീക്കത്തിനെതിരേ ആം ആദ്മി പാർട്ടിയും വഖഫ് ബോർഡും രംഗത്തെത്തി. ഇതോടെ ഡൽഹിയിൽ വീണ്ടും ആം ആദ്മി പാർട്ടി – ബി.ജെ.പി. പോരിനു കളമൊരുങ്ങി.

കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയമാണ് വഖഫ് സ്വത്ത് ഏറ്റെടുക്കുന്നതു സംബന്ധിച്ച ഉത്തരവിറക്കിയത്. എന്നാല്‍ സ്വത്തുക്കള്‍ സര്‍ക്കാരിന് വിട്ടുനല്‍കാനാകില്ലെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാനും ആം ആദ്മി പാര്‍ട്ടി എം.എല്‍.എയുമായ അമാനത്തുള്ള ഖാന്‍ വ്യക്തമാക്കി. ഫെബ്രുവരി എട്ടിനായിരുന്നു വഖഫ് ബോര്‍ഡിന്റെ കീഴിലുള്ള 123 സ്വത്തുക്കളില്‍ നിന്നും ബോര്‍ഡിനെ നീക്കം ചെയ്യുമെന്ന് ചൂണ്ടികാണിച്ച് മന്ത്രാലയത്തിന്റെ അറിയിപ്പ് വരുന്നത്. സ്വത്തുക്കള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി വിരമിച്ച ദല്‍ഹി ഹൈക്കോടതി ജസ്റ്റിസ് എസ്.പി. ഗാര്‍ഗ് അടങ്ങുന്ന രണ്ടംഗ സമിതിയെ നിയോഗിച്ചതായും മന്ത്രാലയം ബോര്‍ഡിന് കൈമാറിയ കത്തില്‍ പരാമര്‍ശിച്ചിരുന്നു.

Signature-ad

2014ലെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപീകരിച്ചതെന്നും കത്തില്‍ പറയുന്നു. വഖഫ് സ്വത്തുക്കള്‍ ഏറ്റെടുക്കുകയാണെന്ന് അറിയിച്ചിട്ടും ബോര്‍ഡ് സ്വത്തുക്കളില്‍ അവകാശമുന്നയിക്കുകയോ പ്രാതിനിധ്യം തെളിയിക്കുകയോ ചെയ്തിട്ടില്ലെന്നും മന്ത്രാലയം ആരോപിച്ചു.

‘വഖഫ് ബോര്‍ഡിന്റെ കീഴിലെന്ന് പറയപ്പെടുന്ന സ്വത്തുക്കളില്‍ ബോര്‍ഡിന് യാതൊരു പങ്കുമില്ല എന്നത് വ്യക്തമാണ്. കാരണം ബോര്‍ഡ് 123 സ്വത്തുക്കളെ സംബന്ധിച്ച് അവകാശം തെളിയിക്കാനോ പ്രാതിനിധ്യം ഉറപ്പാക്കാനോ ശ്രമിച്ചിട്ടില്ല. അതിനാല്‍ 123 വഖഫ് സ്വത്തുക്കളില്‍ നിന്നും ബോര്‍ഡിനെ നീക്കാന്‍ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നു,’ കത്തില്‍ നഗരകാര്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം കമ്മിറ്റി റിപ്പോര്‍ട്ട് ബോര്‍ഡുമായി പങ്കുവെക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് അമാനത്തുള്ള ഖാനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2014ലെ കോടതി വിധിയില്‍ രണ്ടംഗ കമ്മിറ്റിയെ രൂപീകരിക്കാന്‍ നിര്‍ദേശമില്ല. കമ്മിറ്റി രൂപീകരണത്തെ വഖഫ് ബോര്‍ഡ് വെല്ലുവിളിച്ചിരുന്നുവെന്നും കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Back to top button
error: