KeralaNEWS

‘കേരളത്തില്‍ എന്ത് അപകടമാണ് കണ്ടത് ? കേരളവും കര്‍ണാടകയും എന്താണെന്ന് എല്ലാവര്‍ക്കുമറിയാം’; അമിത് ഷായ്ക്ക് മറുപടിയുമായി പിണറായി വിജയന്‍

കോട്ടയം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തെക്കുറിച്ച് നടത്തിയ അധിക്ഷേപ പരാമര്‍ശത്തിനു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ സംഘര്‍ഷങ്ങളില്ലാത്ത, ക്രമസമാധാനനില ഭദ്രമായ കേരളത്തെ മാതൃകയാക്കണമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി പറയേണ്ടിയിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം വാഴൂര്‍ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കേരളത്തില്‍ എന്ത് അപകടമാണ് അമിത് ഷാ കണ്ടത്? നിങ്ങളുടെ മറ്റെല്ലാ പ്രദേശങ്ങളെയും പോലെ കേരളത്തെയും മാറ്റിക്കളയാമെന്നാണോ? വെറുതെ ഉണ്ടായതല്ലിത്…വര്‍ഗീയതക്കെതിരെ ജീവന്‍ കൊടുത്ത് പോരാടിയവരാണ് ഈ മണ്ണിലുള്ളത്,’ പിണറായി വിജയന്‍ പറഞ്ഞു. രാജ്യത്ത് സംഘപരിവാറിന്റെ നേതൃത്വത്തിലാണ് ഭൂരിഭാഗം വര്‍ഗീയ സംഘര്‍ഷങ്ങളും നടക്കുന്നതെന്നും കര്‍ണാടകയിലും ഇത് വ്യാപകമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

Signature-ad

കേരളത്തില്‍ ഏത് മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കും മതവിശ്വാസികളല്ലാത്തവര്‍ക്കും സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യമുണ്ടെന്നും എന്നാല്‍ കര്‍ണാടകയടക്കം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇതല്ല സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ സംഘപരിവാര്‍ നടത്തിയ അതിക്രമ സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം സംസാരിച്ചത്.

കഴിഞ്ഞ ദിവസം കര്‍ണാടകയിലെ പുട്ടൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ ബി.ജെ.പി പ്രവര്‍ത്തകരെയും ജനങ്ങളെയും അഭിസംബോധന ചെയ്ത് പ്രസംഗിച്ചപ്പോഴായിരുന്നു കേരളത്തെ അധിക്ഷേപിച്ച് അമിത് ഷാ സംസാരിച്ചത്. ‘നിങ്ങളുടെ തൊട്ടടുത്ത് കേരളമാണ്, കൂടുതല്‍ ഒന്നും ഞാന്‍ പറയേണ്ടല്ലോ. മോദിയുടെ നേതൃത്വത്തില്‍, ഒരു ബി.ജെ.പി. സംസ്ഥാന സര്‍ക്കാരിന് മാത്രമേ കര്‍ണാടകത്തെ സുരക്ഷിതമാക്കി നിലനിര്‍ത്താനാകൂ,’ അമിത് ഷാ പറഞ്ഞു. ഈ പ്രസ്താവനക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് ഇന്നലെ മുതല്‍ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നത്.

Back to top button
error: