പശുവിനെ കെട്ടിപ്പിടിച്ചാൽ രക്തസമ്മർദം കുറയുമെന്ന് യു.പി. മന്ത്രി; എന്തെല്ലാം കാണേണ്ടിവരുമെന്ന് സോഷ്യൽ മീഡിയ
ലക്‌നൗ: വാലന്റെസ് ഡേയിൽ പശുവിനെ ആലിംഗനം ചെയ്യാനുള്ള കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ പ്രഖ്യാപനത്തിനു പിന്നാലെ പശുവിനെ കെട്ടിപ്പിടിക്കുന്നതിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഉത്തര്‍പ്രദേശ് മൃഗസംരക്ഷണമന്ത്രി ധരംപാല്‍ സിങ്. ഫെബ്രുവരി 14 പശു ആലിംഗന ദിവസമായി ആചരിക്കണമെന്ന കേന്ദ്ര മൃഗസംരക്ഷണവകുപ്പിന്റെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നതായും എല്ലാവരും അത് ആഘോഷമാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെയും യു.പി. മന്ത്രിയുടെയും നടപടികളെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ ആറാട്ടാണ്. ഇനി എന്തെല്ലാം കാണേണ്ടി വരുമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.
പശുവിനെ കെട്ടിപ്പിടിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുമെന്നും, നിരവധി രോഗങ്ങള്‍ക്ക് ശമനമാകുമെന്നും മന്ത്രി പറഞ്ഞു. പശു നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. എല്ലാവരും ആ നിര്‍ദേശം അംഗീകിരച്ച് പരിപാടിയുടെ ഭാഗമാകണമെന്നും മന്ത്രി പറഞ്ഞു. ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന് കേന്ദ്രമൃഗസംരക്ഷണ വകുപ്പ് ഉത്തരവിറക്കിയിരുന്നു. മൃഗങ്ങളോടുള്ള അനുകമ്പ വളര്‍ത്തുകയാണ് ലക്ഷ്യമെന്നാണ് കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡിന്റെ വിശദീകരണം. ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്നും അതിനെ ആലിംഗനം ചെയ്യുന്നത് സന്തോഷം നല്‍കുമെന്നുമാണു കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്റെ ഉത്തരവില്‍ പറയുന്നത്.
പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും മൃഗസംരക്ഷണ ബോര്‍ഡ് കുറ്റപ്പെടുത്തുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ വളര്‍ച്ച വേദ പാരമ്പര്യത്തെ നാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നുവെന്നും ഉത്തരവില്‍ പറയുന്നു.