പട്ന: ബിഹാറില്‍ രണ്ട് കിലോമീറ്റര്‍ ദൂരത്തോളം റെയില്‍വേ ട്രാക്ക് മോഷണം പോയി. സമസ്തിപൂര്‍ ജില്ലയിലാണ് സംഭവം. ലോഹത് പഞ്ചസാര മില്ലിനെ പന്‍ഡൗള്‍ റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ട്രാക്ക് ആണ് മോഷണം പോയത്. കുറച്ച് വര്‍ഷങ്ങളായി പഞ്ചസാര മില്‍ അടഞ്ഞുകിടക്കുകയാണ്. അതിനാല്‍ തന്നെ ഈ പാതയിലൂടെ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.
സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. മോഷണവുമായി ബന്ധപ്പെട്ട് രണ്ട് ആര്.പി.എഫ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ഇവരുടെ അറിവോടെയാണ് മോഷണം നടന്നതെന്നാണ് റെയില്‍വേ അധികൃതരുടെ നിഗമനം.
അന്വേഷണത്തിനായി റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള സാധനങ്ങള്‍ മോഷ്ടിക്കുന്നത് ബിഹാറില്‍ നിത്യസംഭവമാണ്. എന്നാല്‍, റെയില്‍വേ ട്രാക്ക് മോഷണം പോകുന്നത് ആദ്യമായാണ്. സംഭവത്തില്‍ ആര്.പി.എഫ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.