ശ്രീകുമാരൻതമ്പിയുടെ തിരക്കഥ, ശശികുമാർ സംവിധാനം; ‘പ്രവാഹം’ റിലീസ് ചെയ്‌ത് 1975 ഫെബ്രുവരി 7 ന്
സിനിമ ഓർമ്മ
‘തായില്ലാ പിള്ളൈ’യുടെ മലയാളാവിഷ്‌ക്കാരം ‘പ്രവാഹം’ റിലീസ് ചെയ്‌തിട്ട് 48 വർഷം. കരുണാനിധി എഴുതി എൽ.വി പ്രസാദ് സംവിധാനം ചെയ്‌ത ‘തായില്ലാ പിള്ളൈ’ എന്ന തമിഴ് ചിത്രം തിയേറ്ററുകളിലെത്തിയത്1961 ലാണ്. 1975 ഫെബ്രുവരി 7നാണ് ശശികുമാർ സംവിധാനം ചെയ്‌ത പ്രേംനസീർ, വിൻസെന്റ്, വിധുബാല എന്നിവർ അഭിനയിച്ച ‘പ്രവാഹം’ പ്രദർശനത്തിനെത്തിയത്.
ശ്രീകുമാരൻതമ്പിയുടെ തിരക്കഥ. ശശികുമാറിന്റെ തന്നെ സേതുബന്ധനം, സിന്ധു എന്നീ ചിത്രങ്ങൾ നിർമ്മിച്ച സോമനാഥനാണ് നിർമ്മാണം.
രണ്ടു തവണ അലസിപ്പോയ ഗർഭത്തിന് ശേഷം ഒരു കുട്ടിയെ ദത്തെടുക്കാൻ നിശ്ചയിക്കുന്ന ദമ്പതികൾക്ക് കുഞ്ഞുണ്ടാവുന്നു. സ്വന്തം കുഞ്ഞിനൊപ്പം ദത്തെടുക്കുന്ന കുഞ്ഞിനെ അവർ ഉപേക്ഷിക്കുന്നില്ല. പക്ഷെ അച്ഛന് ഒരു കുട്ടിയെ മതി. ആശയക്കുഴപ്പത്തിൽ ദത്തെടുക്കുന്ന മകനാണ് നറുക്കെടുപ്പ് വീഴുന്നത്. യഥാർത്ഥ മകൻ തെരുവിൽ റിക്ഷാക്കാരനാവുന്നു. ഒടുവിൽ ആശയക്കുഴപ്പം മാറി രണ്ട് മക്കളും ഒന്നിക്കുന്നു.
വാണിജയറാം യേശുദാസിനൊപ്പം പാടിയ ‘മാവിന്റെ കൊമ്പിലിരുന്നൊരു മൈന വിളിച്ചു’, യേശുദാസിന്റെ ‘സ്നേഹഗായികേ’ അടക്കം 6 പാട്ടുകളുണ്ടായിരുന്നു. സംഗീതം എംകെ അർജ്ജുനൻ.
സമ്പാദകൻ: സുനിൽ കെ ചെറിയാൻ