കൊച്ചി: മാലിന്യസംസ്‌കരണ സംവിധാനങ്ങളെക്കുറിച്ചും സാങ്കേതിക വിദ്യയെക്കുറിച്ചും ധാരണയില്ലാഞ്ഞതാണ് പ്രധാന വെല്ലുവിളിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഖര-ദ്രവ്യ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാനത്തെ മാലിന്യ വിമുക്തമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ എക്‌സ്‌പോ ഓണ്‍ വേസ്റ്റ് മാനേജ്‌മെന്റ് ടെക്‌നോളജീസ് കോണ്‍ക്‌ളേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പ്രത്യേകതരം മാലിന്യങ്ങളുടെ സംസ്‌കരണ ഉപാധികള്‍, മലിനജല, കക്കൂസ് മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ തുടങ്ങിയവയുടെ ലഭ്യതയെക്കുറിച്ചുള്ള കൃത്യമായ ധാരണയില്ലായ്മയാണ് മാലിന്യസംസ്‌കരണ രംഗത്ത് സംസ്ഥാനം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഖരമാലിന്യ സംസ്‌കരണരംഗത്ത് പുരോഗതിയുണ്ടായി. എന്നാല്‍ ദ്രവ മാലിന്യ സംസ്‌കരണത്തില്‍ അതല്ല സ്ഥിതിയെന്നും പരിഹരിക്കപ്പെടേണ്ട ഒട്ടേറെ പ്രശ്‌നങ്ങള്‍ ഇവിടെയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനഃചംക്രമണം സാധ്യമല്ലാത്ത പാഴ്‌വസ്തുക്കളുടെ സംസ്‌കരണ കാര്യത്തില്‍ ഇനിയും വേണ്ടത്ര മുന്നേറിയിട്ടില്ല. സാനിട്ടറി ലാന്റ്ഫില്‍, പുനഃചംക്രമണ സാധ്യമല്ലാത്തതും എന്നാല്‍ ഇന്ധനമായി മാത്രം ഉപയോഗിക്കാന്‍ കഴിയുന്നതുമായ പാഴ്‌വസ്തുക്കള്‍ തുടങ്ങിയവയുടെ സംസ്‌കരണം, ഗാര്‍ഹിക സാനിട്ടറി, ബയോമെഡിക്കല്‍ മാലിന്യസംസ്‌കരണം, കണ്‍സ്ട്രക്ഷന്‍ ആന്റ് ഡിമോളിഷന്‍ വേസ്റ്റ് സംസ്‌കരണം, കക്കൂസ് മാലിന്യ സംസ്‌കരണം എന്നീ രംഗങ്ങളിലാണ് പോരായ്മകള്‍ നിലനില്‍ക്കുന്നത്. ഇവ പരിഹരിക്കുന്നതിനായി ഗൗരവവമായ ഇടപെടലാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ടിന്റെ ഭാഗമായി സാനിട്ടറി ലാന്റ് ഫില്ലിനുള്ള സൗകര്യം ഒരുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ജൈവമാലിന്യ സംസ്‌കരണത്തിനായി 3,810 ഇടങ്ങളില്‍ കമ്മ്യൂണിറ്റി സംസ്‌കരണ സംവിധാനം ഒരുക്കി. എന്നാല്‍ ഇതിനുള്ള പൊതുസംവിധാനങ്ങള്‍ ഇനിയും നിര്‍മ്മിക്കേണ്ടതുണ്ട്. കോഴി അറവുമാലിന്യം സംസ്‌കരിക്കുന്നതിന് 43 റെന്‍ഡറിംഗ് പ്ലാന്റുകള്‍ സംസ്ഥാനത്തുണ്ട്. നാലു പുതിയ സ്വകാര്യ റെന്‍ഡറിംഗ് പ്ലാന്റുകളുടെ നിര്‍മ്മാണവും നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.