ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശനവിധേയമായ ബിബിസി ഡോക്യുമെന്ററിക്കെതിരായ പാര്‍ട്ടി നിലപാട് തള്ളി രംഗത്തെത്തിയത് വിവാദമായതിനു പിന്നാലെ കോൺഗ്രസ് പദവികൾ രാജിവച്ച് അനിൽ ആന്റണി. എഐസിസി സോഷ്യല്‍ മീഡിയ കോ-ഓർഡിനേറ്ററായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകൻ കൂടിയായ അനില്‍ ആന്റണി.
അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവര്‍ തന്നെ ബിബിസി ഡോക്യുമെന്ററിയെ എതിര്‍ത്തുകൊണ്ടുള്ള തന്റെ ട്വീറ്റിന്റെ പേരില്‍ അസഹിഷ്ണുത പ്രകടപ്പിക്കുകയാണ്. ട്വീറ്റ് പിന്‍വലിക്കണമെന്ന് അവരെല്ലാം ആവശ്യപ്പെട്ടെങ്കിലും താന്‍ നിരസിച്ചു. അതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ശകാരങ്ങള്‍ നിറയുകയാണ്. ഈ കാപട്യം സഹിക്കാനാവില്ലെന്ന് അനില്‍ ട്വീറ്റ് ചെയ്തു. പാര്‍ട്ടിയില്‍ സ്തുതിപാഠകര്‍ക്കാണ് സ്ഥാനമെന്നും അതുമാത്രമാണ് പലരുടെയും യോഗ്യതയെന്നും രാജിക്കത്തില്‍ അനില്‍ ആന്റണി വിമര്‍ശിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി ഇന്ത്യയുടെ പരമാധികാരത്തിന് എതിരെയുള്ള കടന്നുകയറ്റമാണെന്ന അനില്‍ കെ ആന്റണിയുടെ നിലപാടാണ് വിവാദമായത്. ഡോക്യുമെന്ററി നിരോധിച്ചതിനെ രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിക്കുന്നതിനിടെയാണ് വിരുദ്ധാഭിപ്രായവുമായി അനില്‍ കെ ആന്റണി രംഗത്തെത്തിയത്. ഇന്ത്യയിലുള്ളവര്‍ ഇന്ത്യന്‍ സ്ഥാപനങ്ങളെക്കാള്‍ ബിബിസിയുടെ വീക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്നത് അപകടകരമാണെന്നും അനിലിന്റെ ട്വീറ്റിലുണ്ടായിരുന്നു.
‘ബിജെപിയോട് വലിയ അഭിപ്രായ വ്യത്യാസമുണ്ട്, എന്നിരുന്നാലും ഇന്ത്യയിലുള്ളവര്‍ ഇന്ത്യന്‍ സ്ഥാപനങ്ങളെക്കാള്‍ ബിബിസിയുടെ വീക്ഷണത്തിന് മുന്‍തൂക്കം കല്പിക്കുന്നത് വളരെ അപകടകരമായ കീഴ്വഴക്കമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. മാത്രമല്ല, നമ്മുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്. കാരണം ഒട്ടേറെ മുന്‍വിധികളുടെ വലിയ ചരിത്രമുള്ള ബ്രിട്ടന് പിന്തുണക്കുന്ന ഒരു ചാനലാണ് ബിബിസി. മാത്രവുമല്ല, ഇറാഖ് യുദ്ധത്തിന് പുറകിലെ തലച്ചോറായിരുന്നു ജാക്ക് സ്ട്രോ’.- അനില്‍ ട്വീറ്റ് ചെയ്തു.