കൊച്ചി: താന്‍ പദവി ആഗ്രഹിച്ചിരുന്നില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് വിട്ട് ഇടതുമുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രഫ കെവി തോമസ്. ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി കാബിനറ്റ് റാങ്കോടെയുള്ള നിയമനത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇക്കാര്യം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കൊച്ചിയില്‍ വന്നപ്പോള്‍ തന്നെ നേരിട്ട് വിളിപ്പിച്ച് അറിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
താന്‍ പദവി ആഗ്രഹിക്കുന്നയാളല്ല. ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നയാളാണ്. ജീവിതകാലം മുഴുവന്‍ രാഷ്ട്രീയത്തിന് അതീതമായി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ട്രസ്റ്റിന്റെ കാര്യങ്ങളും എഴുത്തിലുമായിരുന്നു ഇപ്പോഴത്തെ ശ്രദ്ധ. ജനങ്ങളോടൊപ്പം ജോലി ചെയ്യാന്‍ കേരളത്തിന്റെ മുഖ്യമന്ത്രി അവസരം തന്നു. കേരളത്തിന്റെ വികസനത്തിന് ഇടതുമുന്നണിയുടെ നയപരിപാടി അനുസരിച്ച് ഡല്‍ഹിയിലെ 50 വര്‍ഷത്തെ പരിചയവും സൗഹൃദവും പ്രയോജനപ്പെടുത്താനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നതെന്നും പ്രഫ. തോമസ് വ്യക്തമാക്കി.
”മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കൊച്ചിയില്‍ വന്നപ്പോള്‍ വിളിപ്പിച്ചിരുന്നു, നിയമന കാര്യം അറിയിച്ചിരുന്നു. വികസന കാര്യത്തില്‍ ഞാന്‍ രാഷ്ട്രീയം നോക്കിയിട്ടില്ല. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് കുമ്പളങ്ങി ടൂറിസം ഗ്രാമമാക്കാന്‍ അന്നത്തെ ടൂറിസം മന്ത്രിയില്‍ നിന്ന് സഹായങ്ങള്‍ കിട്ടിയിരുന്നു. കേന്ദ്രമന്ത്രിയായിരുന്ന കാലത്ത് യെച്ചൂരി അടക്കമുള്ള സി.പി.എം നേതാക്കളുമായും ഡി രാജയടക്കമുള്ളവരുമായും നല്ല ബന്ധമായിരുന്നു. ഭക്ഷ്യസുരക്ഷാ നിയമം എല്ലാവരുടെയും പിന്തുണയോടെ പാസാക്കാനായത് നേട്ടമാണ്. ആ ബന്ധങ്ങളൊക്കെ പ്രയോജനപ്പെടുത്തും. ഉത്തരവാദിത്തങ്ങള്‍ക്ക് വലുപ്പ ചെറുപ്പമില്ല” -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.