KeralaNEWS

1960 ലെ ഭൂ പതിവ് നിയമം ഭേദഗതി ബില്ലുമായി സര്‍ക്കാര്‍ മുമ്പോട്ട് പോകുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍

ഇടുക്കി: ഇടുക്കിയില്‍ മാത്രമല്ല കേരളത്തിലാകെ നിലനില്‍ക്കാവുന്ന വിധത്തില്‍ 1960ലെ ഭൂപതിവ് ചട്ടം ഭേദഗതി വരുത്തുന്നതിനുള്ള ബില്ലുമായി മുന്നോട്ടുപോകാനുള്ള ഔദ്യോഗികമായ തീരുമാനം എടുത്തതായി റവന്യ മന്ത്രി കെ. രാജന്‍. മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ ഭൂരഹിതരായ 100 പേര്‍ക്ക് ഭൂമി വാങ്ങുന്നതിനുള്ള തുക അനുവദിച്ചുള്ള അനുമതി പത്രത്തിന്റെയും, നേരത്തെ ഭൂമി വാങ്ങിയ 50 പേര്‍ക്ക് ഭവന നിര്‍മ്മാണത്തിന് ധനസഹായം അനുവദിച്ചു കൊണ്ടുള്ള അനുമതി പത്രത്തിന്റെയും, പഞ്ചായത്തിലെ പുതിയ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട അര്‍ഹരായ 45 ഭൂരഹിതരായ ഗുണഭോക്താക്കള്‍ക്കുള്ള ഭവന നിര്‍മ്മാണ ധനസഹായ രേഖയുടെയും വിതരണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ലൈഫ് പദ്ധതി സര്‍ക്കാര്‍ വിഭാവനം ചെയത ശേഷം ആദ്യമായി മൂന്നാര്‍ ഗ്രാമപഞ്ചായത്തില്‍ 50 പേരെയെങ്കിലും ഉപഭോക്താക്കളാക്കി കൊണ്ട് ഈ പദ്ധതിക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞത് ചരിത്രമാണ്. 1960ല്‍ രൂപീകരിക്കപ്പെട്ട ഭൂപതിവ് നിയമം 2023ല്‍ എത്തിച്ചേര്‍ന്നപ്പോള്‍ മുപ്പതോളം വിവിധങ്ങളായ ചട്ടങ്ങള്‍ കൂടി തയ്യാറാക്കപ്പെട്ട വിധത്തില്‍ മാറി കഴിഞ്ഞിട്ടുണ്ട്. 1960ല്‍ ഭൂപതിവ് നിയമം രൂപീകരിച്ച ശേഷം ആദ്യം വന്ന ചട്ടം 1964ലെ ചട്ടമാണ്. ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തുമ്പോള്‍ അതിനനുസരിച്ച് വിവിധങ്ങളായ ചട്ടങ്ങളിലും ഭേതഗതി ഉണ്ടാക്കേണ്ടി വരും. ചട്ടങ്ങളിലെ ഭേദഗതി, നിയമഭേദഗതി അംഗീകരിച്ചാല്‍ അതിനുശേഷം നടത്തേണ്ട സര്‍ക്കാരിന്റെ ഒരു ഇടപെടലാണ്. മൂന്നാറിലെ പ്രശ്‌നങ്ങളെ കേട്ടും ഇടുക്കിയിലെ ജനപ്രതിനിധികളുടെ വാക്കുകള്‍ മുഖവിലക്കെടുത്തും കേരളത്തിലാകെ സാധാരണക്കാരായ മനുഷ്യരുടെ ജീവിത പ്രശ്‌നങ്ങളെ തിരിച്ചറിഞ്ഞു കൊണ്ടുമാകും ഭൂപതിവ് നിയമവും ഭൂപതിവ് നിയമത്തെ തുടര്‍ന്ന് കേരളത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന ചട്ടഭേദഗതികളും നടപ്പില്‍ വരുത്തുയെന്നും മന്ത്രി പറഞ്ഞു.

ജില്ലയുമായി ബന്ധപ്പെട്ട് നേരത്തെ ഉയര്‍ന്ന് വന്ന പ്രശ്‌നമാണ് ഏലകൃഷി നടന്നിരുന്ന സ്ഥലങ്ങള്‍. ഗവണ്‍മെന്റ് ഈ പ്രശ്‌നങ്ങളില്‍ എങ്ങനെ പരിഹാരം കാണാം എന്ന് പഠിച്ച് അതിവേഗം ഈ സര്‍ക്കാരിന്റെ കാലയളവില്‍ തന്നെ പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്. സി എച്ച് ആര്‍ മേഖലയില്‍ 2036 ഹെക്ടര്‍ ഭൂമി കേന്ദ്ര സര്‍ക്കാരിന്റെ പതിവ് നല്‍കി ഇവിടെ വനവും റവന്യുവും തമ്മിലുള്ള ചെറിയ തര്‍ക്കം മൂലം കൃത്യമായി രേഖപ്പെടുത്തി കൊടുക്കാനാകുന്നില്ലെന്ന പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ 2036 ഹെക്ടര്‍ രേഖപ്പെടുത്തി അടിയന്തിര പ്രധാന്യത്തോടെ ജനങ്ങള്‍ക്ക് വീതിച്ച് നല്‍കാന്‍ വേണ്ടി ചില തീരുമാനമെടുത്തിരുന്നു. വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഇടുക്കി ജില്ലാ കളക്ടര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു ഉന്നത തല സമിതിയെ തീരുമാനിച്ച് ആ സമിതി ഫെബ്രുവരി മാസത്തിനകം യോഗം ചേര്‍ന്ന് ഈ സ്ഥലങ്ങള്‍ തിരിക്കാനാവശ്യമായ മുഴുവന്‍ നടപടിക്രമങ്ങളും നടത്തണമെന്ന് നിശ്ചയിച്ചിട്ടുണ്ട്. ജില്ലയിലെ ചില പട്ടയ പ്രശ്‌നങ്ങള്‍ ചര്‍ച്ചയുടെ ഭാഗമായി ഉയര്‍ന്നു വരിക ഉണ്ടായി. പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ ഏറ്റെടുത്തു കൊണ്ട് ഉന്നതതല സമിതിയോഗം ഇടുക്കിയില്‍ യോഗം ചേര്‍ന്ന് ഈ സര്‍ക്കാരിന്റെ കാലയളവില്‍ ഏറ്റവും ചുരുങ്ങിയ കാലയളവിനുള്ളില്‍ ആപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്ന വിധത്തുള്ള നടപടി ക്രമങ്ങള്‍ മുമ്പോട്ട് കൊണ്ടു പോകുകയാണെന്നും മന്ത്രി പറഞ്ഞു.

അഡ്വ. എ രാജ എം എല്‍ എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വാഴൂര്‍ സോമന്‍ എം എല്‍ എ, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി ദാസ്, മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാര്‍, ജില്ലാ പഞ്ചായത്തംഗം അഡ്വ. ഭവ്യ കണ്ണന്‍, മൂന്നാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാജേന്ദ്രന്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍, രാഷ്ര്ടീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: