കൊല്ലം: ആര്‍.എസ്.പി സംസ്ഥാന കമ്മിറ്റിയില്‍ നേതൃമാറ്റത്തിനു വഴിയൊരുങ്ങുന്നു. നിലവിലെ സംസ്ഥാന സെക്രട്ടറി എ.എ. അസീസ് സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. മുന്‍മന്ത്രി ഷിബു ബേബിജോണ്‍ പുതിയ സെക്രട്ടറിയാകും. അടുത്തമാസം സ്ഥാനമാറ്റം ഉണ്ടാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
കഴിഞ്ഞ ഒക്ടോബറില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലും അതിനു മുന്നോടിയായുള്ള മണ്ഡലം, ജില്ലാ സമ്മേളനങ്ങളിലും നേതൃമാറ്റത്തിന് ആവശ്യമുയര്‍ന്നിരുന്നു. ഷിബുവിനെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നായിരുന്നു ആവശ്യം. ഒരുതവണകൂടി സെക്രട്ടറിയായി തുടരാന്‍ മുതിര്‍ന്ന നേതാവ് അസീസ് താത്പര്യം പ്രകടിപ്പിച്ചതോടെ അദ്ദേഹത്തെത്തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിനില്ലെന്ന് ഷിബു ബേബിജോണ്‍ വ്യക്തമാക്കുകയും ചെയ്തു. ദേശീയ സമ്മേളനം കഴിഞ്ഞതിനുശേഷം ഇക്കാര്യത്തില്‍ പുനര്‍വിചിന്തനമാകാമെന്ന് പാര്‍ട്ടിയില്‍ ധാരണയുണ്ടായിരുന്നു. പാര്‍ട്ടിക്ക് കൂടുതല്‍ ചടുലമായ നേതൃത്വം നല്‍കാന്‍ ഷിബുവിനു കഴിയുമെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്. ദേശീയ സമ്മേളനത്തെ തുടര്‍ന്ന് നടന്ന സംസ്ഥാന സമിതിയില്‍ സ്ഥാനമൊഴിയുന്നതിനു സന്നദ്ധനാണെന്ന് എ.എ.അസീസ് അറിയിച്ചിരുന്നു.
ആര്‍.എസ്.പി. ഭിന്നിച്ച് ആര്‍.എസ്.പി. (ബി) നിലവിലുണ്ടായിരുന്നപ്പോള്‍ അതിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു ഷിബു ബേബിജോണ്‍. യു.ഡി.എഫില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ ഘടകത്തെ പ്രതിനിധാനംചെയ്ത് മന്ത്രിയുമായി. പിന്നീട് ഇടതുമുന്നണി വിട്ട ആര്‍.എസ്.പിയെ യു.ഡി.എഫിലേക്ക് കൊണ്ടുവരുന്നതിന് മുഖ്യപങ്കുവഹിച്ചത് അന്ന് മന്ത്രിയായിരുന്ന ഷിബു ബേബിജോണ്‍ ആയിരുന്നു. തുടര്‍ന്ന് ആര്‍.എസ്.പിയുടെ ഇരുവിഭാഗങ്ങളും ലയിക്കുകയും ചെയ്തു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തെത്തുടര്‍ന്ന് സജീവ പാര്‍ട്ടിപ്രവര്‍ത്തനത്തില്‍നിന്ന് അവധിയെടുക്കാന്‍ ഷിബു ബേബിജോണ്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടി നേതാക്കളുടെയും അണികളുടെയും ശക്തമായ സമ്മര്‍ദം കണക്കിലെടുത്താണ് അദ്ദേഹം തീരുമാനം മാറ്റിയത്. എങ്കിലും പാര്‍ട്ടിയെ നയിക്കാനുള്ള അവസരം അദ്ദേഹത്തിനു നല്‍കിയില്ലെന്ന പൊതുവികാരം പാര്‍ട്ടിയില്‍ ഉയര്‍ന്നിരുന്നു.