ന്യൂയോര്‍ക്ക്: ലഷ്‌കര്‍ ഇ തൊയ്ബ നേതാവും പാക് ഭീകരനുമായ അബ്ദുള്‍ റഹ്‌മാന്‍ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് യുഎന്‍ സുരക്ഷ കൗണ്‍സില്‍. ചൈനയുടെ എതിര്‍പ്പിനെ മറികടന്നായിരുന്നു ഐക്യരാഷ്ട്ര സഭയുടെ തീരുമാനം. ലഷ്‌കര്‍ ഇ തൊയ്ബ സ്ഥാപകനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിന്റെ ഭാര്യാ സഹോദരനാണ് മക്കി. കഴിഞ്ഞ വര്‍ഷം ജൂണില്‍ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിന് ഇന്ത്യയും യു.എസും യു.എന്നില്‍ നടത്തിയ നീക്കം ചൈന തടഞ്ഞിരുന്നു. ഇതിന് പിന്നാലെ ചൈനയ്‌ക്കെതിരേ ഇന്ത്യ ആഞ്ഞടിച്ചിരുന്നു.
ഇപ്പോള്‍ ചൈനയുടെ എതിര്‍പ്പിനെ മറികടന്ന് യു.എന്‍ ഉപരോധ സമിതി മക്കിക്കെതിരായ പ്രമേയത്തിന് അംഗീകാരം നല്‍കുകയായിരുന്നു. ലഷ്‌കറിനു പുറമേ ഭീകര പട്ടികയില്‍ യുഎസ് ഉള്‍പ്പെടുത്തിയിട്ടുള്ള ഫോറിന്‍ ടെററിസ്റ്റ് ഓര്‍ഗനൈസേഷന്‍ (എഫ്ടിഒ) ഉള്‍പ്പെടെയുള്ള സംഘടനകളുടെ നേതൃത്വം വഹിച്ചിട്ടുള്ള മക്കിയെ ഇന്ത്യയും യുഎസും നേരത്തേതന്നെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഇയാളെക്കുറിച്ചുള്ള വിവരം അറിയിക്കുന്നവര്‍ക്ക് യു.എസ് 20 ലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.
ജമ്മു കശ്മീരില്‍ ഉള്‍പ്പെടെ നിരവധി ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഭീകരനാണ് അബ്ദുല്‍ റഹ്‌മാന്‍ മക്കി. 2020ല്‍ പാക് തീവ്രവാദ വിരുദ്ധ കോടതി, തീവ്രവാദത്തിന് ധനസഹായം നല്‍കിയതിന്റെ പേരില്‍ തടവുശിക്ഷ വിധിച്ചിരുന്നു. അതേസമയം, മക്കിയെ കൂടാതെ പാക്കിസ്ഥാനില്‍ നിന്നുള്ള നിരവധി ഭീകരരെ ആഗോള പട്ടികയില്‍ ഉള്‍പ്പെടുത്തന്നതിന് ചൈന തടസ്സം സൃഷ്ടിച്ചിരുന്നു. ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം തടഞ്ഞതും ചൈനയാണ്.