LIFELife Style

പച്ചക്കറി കൃഷിക്കും പൂച്ചെടികൾക്കും അത്യുത്തമം, മുട്ടത്തോടും ചായച്ചണ്ടിയും പാഴാക്കരുത്; വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം

മുട്ടത്തോടും ചായച്ചണ്ടിയും മാലിന്യമായി കണക്കാക്കി ഒഴിവാക്കുകയാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ ഗുണകരമാണ്. നൈട്രജന്‍, ഫോസ്ഫറസ് പൊട്ടാഷ് തുടങ്ങി ചെടികള്‍ക്ക് വേണ്ട ഒട്ടുമിക്ക മൂലകങ്ങളും അടങ്ങിയിട്ടുള്ള ചായച്ചണ്ടിയും മുട്ടത്തോടും പച്ചക്കറി വിളകള്‍ക്ക് ഏറെ നല്ലതാണ്. ചെടികള്‍ നല്ല പോലെ വളരാനും പൂ കൊഴിച്ചില്‍ ഇല്ലാതെ വിളവ് നല്‍കാനുമിതു സഹായിക്കും.

മുട്ടത്തോട്, ചായച്ചണ്ടി, പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് തൊലി, ഉള്ളി തൊലി, പഴത്തൊലി, പയറിന്റെ അവശിഷ്ടങ്ങള്‍ തുടങ്ങിയവയെല്ലാം വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാനെടുക്കാം. അടുക്കളയില്‍ നിന്നു ലഭിക്കുന്ന മാലിന്യങ്ങള്‍ വെയിലത്തിട്ട് നന്നായി ഉണക്കുകയാണ് ആദ്യം വേണ്ടത്. പൊടിച്ചെടുക്കേണ്ടതിനാല്‍ നല്ല പോലെ ഉണക്കിയെടുക്കണം. നാലോ അഞ്ചോ ദിവസം ഉണക്കിയ ശേഷം ഒരു മിക്സിയിലിട്ട് ഇവ നന്നായി പൊടിച്ചെടുക്കുക. ഒരു ബക്കറ്റെടുത്ത് കാല്‍ ഭാഗം പച്ചച്ചാണകം നിറയ്ക്കലാണ് ആദ്യ പടി. ഇതിലേയ്ക്ക് പൊടിച്ചു വെച്ചിരിക്കുന്നവയിട്ട് അല്‍പ്പം വെള്ളവും ചേര്‍ത്ത് നന്നായി ഇളക്കി അടച്ചുവെക്കണം. രണ്ടു ദിവസം കൂടി ഈ മിശ്രിതം ഇളക്കി അടച്ചു വെക്കാം. മൂന്നാം ദിവസം ബക്കറ്റ് തുറന്നു നോക്കിയാല്‍ നല്ല കുഴമ്പു രൂപത്തിലായിട്ടുണ്ടാവും.

ഉപയോഗ ക്രമം

ബക്കറ്റിലെ കുഴമ്പു രൂപത്തിലുള്ള മിശ്രിതത്തിലേയ്ക്ക് കൂടുതല്‍ വെള്ളമൊഴിച്ചു നേര്‍പ്പിച്ചു തെളി ആവശ്യാനുസരണം ഉപയോഗിക്കാം. ഒരു കപ്പ് മിശ്രിതത്തിലേയ്ക്ക് നാല് -അഞ്ച് കപ്പ് വെള്ളമെന്ന കണക്കിന് ഉപയോഗിക്കാം. നേര്‍പ്പിച്ചതിനു ശേഷം വേണം ചെടികളുടെ തടത്തിലൊഴിച്ചു കൊടുക്കാന്‍. ആഴ്ച്ചയില്‍ ഒരിക്കലെങ്കിലും ഈ വളപ്രയോഗം നടത്തിയാല്‍ ചെടികള്‍ കരുത്തോടെ വളര്‍ന്നു വന്നു നല്ല ഫലം തരും. കൂടുതല്‍ പൂക്കള്‍ വിരിയുകയും ഇവയുടെ പൊഴിച്ചില്‍ തടഞ്ഞ് കായ്പ്പിടുത്തം വര്‍ധിക്കുകയും ചെയ്യും.

Back to top button
error: