NEWS

ഇഡിയുടെ ചോദ്യങ്ങള്‍ക്ക് രേഖകളില്ല, കെ.എം ഷാജി കുരുക്കിലേക്ക്‌

ഴീക്കോട് പ്ലസ്ടു കോഴ കേസില്‍ കെ.എം ഷാജി വലിയ കുരുക്കിലേക്കെന്നാണ് പുറത്ത് വരുന്ന വിവരം. ഇഡിയുടെ പല ചോദ്യങ്ങള്‍ക്കും തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാതെ വെളളം കുടിക്കുകയാണ് ഷാജി.

പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴവാങ്ങിയെന്ന പരാതിയുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 14 മണിക്കൂറിലധികമാണ് കെ.എം ഷാജിയെ ചോദ്യം ചെയ്തത്.

Signature-ad

സ്വത്ത് സമ്പാദനത്തെക്കുറിച്ചുളള ആരോപണങ്ങള്‍ ഉയര്‍ന്ന ഘട്ടത്തില്‍ അതിനെ പ്രതിരോധിക്കാനായി ഷാജി പറഞ്ഞിരുന്നത് തനിക്ക് വയനാട്ടിലും കര്‍ണാടകയിലെല്ലാം ഇഞ്ചികൃഷിയുണ്ടെന്നും അതില്‍ വരുമാനം ലഭിക്കുന്നുണ്ട് എന്നുമായിരുന്നു. എന്നാല്‍ ഈ മാരത്തോണ്‍ ചോദ്യം ചെയ്യലില്‍ ഷാജി കെട്ടിപ്പൊക്കിയ പ്രതിരോധശ്രമങ്ങളെല്ലാം ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞുവീഴുകയായിരുന്നു.

ചോദ്യം ചെയ്യലില്‍ ഈ ആരോപണങ്ങളെ സാധൂകരിക്കുന്ന രേഖകളൊന്നും ഷാജിക്ക് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. കോടികളുടെ വരുമാന സ്രോതസ്സായി പറഞ്ഞ ഇഞ്ചികൃഷിയുടെ ഭൂമിയുടെ രേഖയോ പാട്ടക്കരാറോ ഇഞ്ചി വില്‍പ്പന നടത്തിയ രേഖകളോ ഷാജിക്ക് ഹാജരാക്കാന്‍ കഴിഞ്ഞില്ല.

താന്‍ ജന്മനാ സമ്പന്നനാണെന്ന കണ്ണൂരിലെ പൊതുയോഗത്തില്‍ വെച്ചുനടത്തിയ പ്രസ്താവനയും ഷാജിക്ക് ക്ഷീണമുണ്ടാക്കുന്നു. ഇടതുനേതാക്കളെ പോലെ ചെറുകുടിലിലല്ല താന്‍ ജനിച്ചതെന്നും ആരില്‍ നിന്നും കോഴവാങ്ങി വീടുവെയ്‌ക്കേണ്ട ഗതികേടില്ലെന്നും പറഞ്ഞ ഷാജി ചോദ്യം ചെയ്യലില്‍ തന്റെ കോഴിക്കോട്ടെ വീട് വീണ്ടെടുക്കാന്‍ 10 ലക്ഷം രൂപ ലോണ്‍ എടുത്തെന്നും രണ്ട് വാഹനങ്ങള്‍ വില്‍പ്പന നടത്തിയിട്ടുണ്ടെന്നും ഭാര്യവീട്ടുകാരും തന്നെ സഹായിച്ചുവെന്നും ഷാജി ഇഡിക്ക് മൊഴി നല്‍കി. ഇതോടെ ഷാജിയുടെ ഭാര്യാവീട്ടിലേക്കും അന്വേഷണം നീങ്ങുമെന്നാണ് സൂചന.

അതേസമയം, 5 വര്‍ഷത്തിനുളളില്‍ 150 തവണയെങ്കിലും കെ.എം ഷാജി വിദേശ യാത്ര നടത്തിയിട്ടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വിദേശയാത്രകളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഈ യാത്രകളെല്ലാം ഷാജിയുടെ ഹവാല ഇടപാടുകളാണെന്നും പരാതിയില്‍ പറയുന്നു. അതേസമയം, കഴിഞ്ഞ ദിവസം ഷാജിയുടെ ഭാര്യ ആശ തനിക്ക് സ്വന്തമായി വരുമാനമില്ലെന്നും തന്റെ പേരില്‍ വാങ്ങിക്കൂട്ടിയത് ഭര്‍ത്താവാണെന്നും ഭര്‍ത്താവിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ഇഡിക്ക് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു. ഈ വൈരുദ്ധ്യങ്ങളും കെ.എം ഷാജിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

Back to top button
error: