മൂവാറ്റുപുഴ: കാറില്‍ കൈക്കുഞ്ഞുമായി രാത്രി യാത്ര ചെയ്ത ദമ്പതികള്‍ക്കു നേരെ മൂന്നംഗ സംഘത്തിന്റെ സദാചാര ഗുണ്ടായിസം. തിങ്കളാഴ്ച രാത്രി പത്തരയോടെ വാളകം സിടിസി കവലയ്ക്കു സമീപമുള്ള കുന്നയ്ക്കാല്‍ റോഡില്‍ വാളകം പൂച്ചക്കുഴി വടക്കേക്കര വീട്ടില്‍ ഡെനിറ്റിനും ഭാര്യ റീനി തോമസിനുമാണ് ആക്രമണം നേരിടേണ്ടി വന്നത്.
കാര്‍ തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയും കയ്യേറ്റത്തിനു മുതിരുകയും ചെയ്ത സംഘം കാറിന്റെ റിയര്‍ വ്യൂ മിററും നമ്പര്‍ പ്ലേറ്റും തകര്‍ത്തു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഡെനിറ്റിന്റെയും റീനിയുടെയും 5 മാസം പ്രായമുള്ള കുഞ്ഞ് തുടര്‍ച്ചയായി കരഞ്ഞപ്പോള്‍ കുഞ്ഞിനെയും കൂട്ടി കാറില്‍ പുറത്തേക്ക് ഇറങ്ങിയതാണ് ഇരുവരും. യാത്രയ്ക്കിടെ സ്കൂട്ടറുമായി എതിരെ വന്നയാള്‍ കാറിന്റെ ഉള്ളിലേക്കു നോക്കിയ ശേഷം കടന്നുപോയിരുന്നു.
അല്പനേരത്തിനു ശേഷം ഇയാള്‍ മറ്റു രണ്ടു പേരുമായി തിരികെ എത്തി കാറിനു മുന്നിലേക്ക് സ്കൂട്ടര്‍ ഓടിച്ചു കയറ്റി തടഞ്ഞെന്നാണ് ഡെനിറ്റ് പോലീസിനു നല്കിയ പരാതിയില്‍ പറയുന്നത്. രാത്രി എവിടേക്കു പോകുന്നെന്നും എന്താണു പരിപാടി എന്നും ചോദിച്ച് അസഭ്യം പറയുകയും അര മണിക്കൂറോളം ഇവരെ റോഡില്‍ തടഞ്ഞുവയ്ക്കുകയും ചെയ്തു. റീനി പോലീസിനെ വിളിക്കുന്നതു കണ്ടതോടെ സംഘം സ്ഥലം വിട്ടു. ആക്രമണത്തിനു നേതൃത്വം നല്‍കിയവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.