തിരുവനന്തപുരം: സജി ചെറിയാനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കുന്നതില്‍ ധൃതി വേണ്ടെന്ന നിലപാടിലേക്കു സി.പി.എം. സജി ചെറിയാന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ടു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിപ്പിക്കേണ്ടെന്നാണു സി.പി.എം തീരുമാനം. ഗവര്‍ണറുടെ നിലപാട് അറിഞ്ഞശേഷം തുടര്‍ നടപടി മതിയെന്നാണു ധാരണ.
ബുധനാഴ്ച തന്നെ സത്യപ്രതിജ്ഞ വേണമെന്നു നിര്‍ബന്ധമില്ലെന്നു പാര്‍ട്ടിവൃത്തങ്ങള്‍ സൂചിപ്പിച്ചു. ഗവര്‍ണറുടെ തുടര്‍ച്ചയായ പ്രതികൂല നിലപാടുകളില്‍ സി.പി.എമ്മിന് അതൃപ്തിയുണ്ട്. തല്‍ക്കാലം പ്രകോപനപരമായ പ്രതികരണം വേണ്ടെന്നാണു നേതൃത്വത്തിന്റെ നിര്‍ദേശം. സജി ചെറിയാനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കണമെന്ന ശിപാര്‍ശയില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയനോടു വിശദീകരണം തേടിയേക്കും.
ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയതിന്റെ പേരില്‍ കോടതിയിലുള്ള കേസില്‍ സജി ചെറിയാനെ കുറ്റവിമുക്തനാക്കിയോ എന്നായിരിക്കും പ്രധാനമായും ഗവര്‍ണര്‍ സര്‍ക്കാരിനോട് ചോദിക്കുക. കോടതി കുറ്റവിമുക്തനാക്കി എന്ന് ബോധ്യപ്പെടാതെ സത്യപ്രതിജ്ഞ നടത്തരുതെന്നും കേസിന്റെ വിശദാംശങ്ങള്‍ തേടണം എന്നുമാണ് ഗവര്‍ണര്‍ക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം. സജി ചെറിയാന് എതിരെയുള്ളത് സാധാരണ കേസല്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.