KeralaNEWS

ഈ പരിഷ്കരണം ആർക്കുവേണ്ടി; യാത്രക്കാരെ അവഗണിച്ച്‌ കോട്ടയം എക്സ്പ്രസിന്‍റെ സമയമാറ്റം

കൊല്ലം: നാഗര്‍കോവില്‍-കോട്ടയം അണ്‍റിസര്‍വ്ഡ് എക്സ്പ്രസിന്‍റെ (16366) സമയമാറ്റം യാത്രക്കാർക്ക് തിരിച്ചടി. തിരുവനന്തപുരത്ത് നിന്നുള്ള യാത്രക്കാര്‍ക്ക് ഒട്ടും പ്രയോജനമില്ലാതെയാണ് സമയമാറ്റമെന്നാണ് ആരോപണം. കൊല്ലം മുതല്‍ ചങ്ങനാശ്ശേരി വരെയുള്ള സ്റ്റേഷനുകളിലെ സമയക്രമത്തില്‍ മാറ്റംവരുത്തിയുള്ള പുതിയ പരിഷ്കാരത്തില്‍, തിരുവനന്തപുരം മുതല്‍ വര്‍ക്കല വരെയുള്ള സ്റ്റേഷനുകളെ ആശ്രയിക്കുന്നവരെ പരിഗണിച്ചിട്ടില്ലെന്നാണ് വിമര്‍ശനം കൊല്ലത്ത് 4.55ന് എത്തിയിരുന്ന ട്രെയിൻ ഇനി മുതല്‍ വൈകീട്ട് 5.15നാകും എത്തുക എന്നതാണ് കാതലായ മാറ്റം

ഈ ട്രെയിന്‍ നിലവില്‍ തിരുവനന്തപുരം വിടുന്നത് 2.35നാണ്. ശേഷം വഴിയില്‍ നിര്‍ത്തിയിട്ടും വേഗം കുറച്ചുമാണ് 5.15ന് കൊല്ലത്തെത്തിക്കുക. അതേസമയം നിലവില്‍ തിരുവനന്തപുരം വിടുന്ന 2.35 എന്നത് ചെന്നൈ മെയില്‍ പുറപ്പെടുന്ന മൂന്നിന് ശേഷം 3.15നോ 3.20നോ ആക്കിയാല്‍ മറ്റ് സ്റ്റേഷനുകളില്‍നിന്ന് ഓഫീസ്-സ്കൂള്‍ സമയം കഴിഞ്ഞിറങ്ങുന്നവര്‍ക്കടക്കം പ്രയോജനപ്പെടുമെന്നാണ് യാത്രക്കാര്‍ പറയുന്നത്. ഈ ആവശ്യം റെയില്‍വേയ്ക്ക് മുന്നിലുണ്ടെങ്കിലും ഇനിയും പരിഗണിച്ചിട്ടില്ല.

Signature-ad

നിലവില്‍ ഈ ട്രെയിന്‍ 2.35ന് വിടുമെങ്കിലും കൊച്ചുവേളി സ്റ്റേഷനില്‍ ഏറെസമയം നിര്‍ത്തിട്ട് ശതാബ്ദി, ചെന്നൈ മെയില്‍ എന്നിവ കടന്നുപോയ ശേഷമേ യാത്ര പുനരാരാംഭിക്കൂ. നേരത്തെ പാസഞ്ചറായിരുന്ന സമയത്ത് മൂന്ന് മണി കഴിഞ്ഞ് പുറപ്പെട്ടിരുന്ന ഈ ട്രെയിന്‍ സമയക്രമം പുതുക്കിയപ്പോഴാണ് 2.35 ആയി പുറപ്പെടല്‍ സമയം മാറിയത്. നിലവില്‍ മൂന്നിനുള്ള ചെന്നൈ മെയില്‍ പോയാല്‍ പിന്നെ കോട്ടയം ഭാഗത്തേക്കുള്ള ഏക ആശ്രയം 5.15നുള്ള ചെന്നൈ സൂപ്പറാണ്. സമയപ്പട്ടികയില്‍ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന സമയം 2.35 ആണെങ്കിലും ഫലത്തില്‍ മിക്ക ദിവങ്ങളിലും തമ്പാനൂർ വിടുന്നത് മൂന്ന് കഴിഞ്ഞാണ്. എല്ലാ യാത്രക്കാര്‍ക്കും ആശ്രയിക്കാവുന്ന തരത്തില്‍ സമയം ക്രമീകരിക്കണമെന്നാണ് ആവശ്യം. അതേസമയം ഈ സമയം ട്രെയിനുകള്‍ നിര്‍ത്തിയിടാനുള്ള സ്ലോട്ടില്ലാത്തതാണ് ഇത്തരമൊരു സമയക്രമത്തിന് കാരണമെന്നും യാത്രക്കാരുടെ ആവശ്യം മുന്നിലുണ്ടെന്നുമാണ് റെയില്‍വേ അധികൃതരുടെ വിശദീകരണം. നാഗര്‍കോവിലില്‍നിന്ന് പുറപ്പെടുന്നതും കോട്ടയത്ത് എത്തുന്നതുമായ സമയക്രമത്തില്‍ മാറ്റം വരുത്തിയിട്ടില്ല.

Back to top button
error: