ചാലക്കുടി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മേലൂര്‍ സ്വദേശിനിയില്‍നിന്ന് അഞ്ചരലക്ഷം രൂപ തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. പാലക്കാട് പറളി സ്വദേശി മടമ്പത്ത് വീട്ടില്‍ പൃഥ്വിരാജിനെ (48) എസ്.എച്ച്.ഒ. ബി.കെ അരുണ്‍ ആണ് അറസ്റ്റ് ചെയ്തത്. സമാനകേസില്‍ ആലുവ ജയിലില്‍ കഴിയുകയായിരുന്ന ഇയാളെ കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഇസ്രയേലില്‍ ജോലി തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ചാണ് യുവതിയെ ഇയാള്‍ കബളിപ്പിച്ചത്. ഇസ്രയേലിലേക്കെന്ന് പറഞ്ഞ്, വിസിറ്റിങ് വിസയില്‍ ഈജിപ്തിലും ജോര്‍ദാനിലും യുവതിയെ കൊണ്ടുപോയിരുന്നു. പിന്നീട് ഡല്‍ഹിയില്‍ ഇറക്കിവിട്ട് പ്രതി മുങ്ങി.
പൃഥ്വിരാജിന്റെ പേരില്‍ അങ്കമാലി, ചാലക്കുടി, നെടുമ്പാശ്ശേരി, ഇടുക്കി, കുറുപ്പംപടി എന്നീ സ്റ്റേഷനുകളില്‍ തട്ടിപ്പുകേസുകളും മനുഷ്യക്കടത്തുകേസുകളും നിലവിലുണ്ട്.