IndiaNEWS

തമിഴ്‌നാട്ടില്‍ ദലിതരുടെ കുടിവെള്ള ടാങ്കില്‍ മലമൂത്രവിസര്‍ജ്യം തള്ളി, വിവരം പുറത്തുവന്നത് കുട്ടികള്‍ക്ക് രോഗം ബാധിച്ചതിനെ തുടര്‍ന്ന് വെള്ളം പരിശോധിച്ചപ്പോള്‍

ജാതി വിവേചനവും  നിറത്തിന്റെയും സമ്പത്തിത്തിന്റെയും പേരിലുള്ള വേർതിരിവും രാജ്യത്ത് ഇപ്പോഴും കൊടിക്കുത്തി വാഴുന്നു എന്നതിന്റെ ഞെട്ടിക്കുന്ന വിവരമാണ് തമിഴ്‌നാട്ടിലെ പുതുക്കോട്ടൈ ജില്ലയിലെ ഇരായൂര്‍ ഗ്രാമത്തില്‍ നിന്ന് പുറത്തുവരുന്നത്.

ദലിത് വിഭാഗത്തില്‍പെട്ടവര്‍ക്കായി സ്ഥാപിച്ച കുടിവെള്ളടാങ്കില്‍ മനുഷ്യന്റെ മലമൂത്രവിസര്‍ജ്യം കലത്തിയതായി പരാതി.

Signature-ad

നൂറോളം പേര്‍ക്ക് കുടിവെള്ളം എത്തിക്കുന്ന 10,000 ലീറ്ററിന്റെ ടാങ്കിലാണ് ഹീനമായ ഈ സംഭവം നടന്നത്. ടാങ്കിനുള്ളില്‍ വലിയ അളവില്‍ വിസര്‍ജ്യം കണ്ടെത്തിയെന്ന പരാതിയെത്തുടര്‍ന്ന് പുതുക്കോട്ടൈ കലക്ടര്‍ കവിത രാമുവും ജില്ലാ പൊലീസ് മേധാവി വന്ദിത പാണ്ഡെയും ഇരായുര്‍ ഗ്രാമത്തില്‍  എത്തി. അടുത്തിടെ, ഗ്രാമത്തിലെ കുട്ടികള്‍ക്ക് രോഗം പിടിപെട്ടു. കുടിവെള്ളത്തിലെ പ്രശ്‌നമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോഴാണ് ഗ്രാമീണര്‍ ടാങ്കിനു മുകളില്‍ക്കയറി പരിശോധിച്ചത്.

ആരാണ് കുറ്റക്കാരെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ടാങ്കിന് ചുറ്റുമുള്ള വേലി ആരോ തുറന്നിരുന്നു. മാത്രമല്ല ഗ്രാമീണര്‍ ടാങ്കിന് മുകളില്‍ കയറിയപ്പോള്‍ അതിന്റെ മൂടി മാറിയിരിക്കുന്നതായും കണ്ടു. എന്നാല്‍ ഇതിനു മുകളില്‍ ആരെങ്കിലും കയറുന്നതോ മാലിന്യം ഇടുന്നതോ ആരും കണ്ടിട്ടില്ല.

‘ഉയര്‍ന്ന അളവില്‍ വിസര്‍ജ്യം ടാങ്കിനുള്ളില്‍ നിക്ഷേപിച്ചിട്ടുണ്ട്. വെള്ളം മഞ്ഞനിറത്തിലായി. അതു മനസിലാക്കാതെ ഒരാഴ്യിലേറെയായി ജനങ്ങള്‍ ഈ വെള്ളമാണ് ഉപയോഗിച്ചിരുന്നത്.’
കുട്ടികള്‍ രോഗബാധിതരാകാന്‍ തുടങ്ങിയപ്പോഴാണ് സത്യം പുറത്തുവന്നതെന്ന് പ്രദേശത്തെ രാഷ്ട്രീയപ്രവര്‍ത്തക മോക്ഷ ഗുണവലഗന്‍ പറയുന്നു.

അതേസമയം, അന്വേഷണത്തിനായി ഗ്രാമത്തിലെത്തിയ അധികൃതര്‍ക്ക് കണ്ടെത്താനായത് ജാതി വിവേചനത്തിന്റെ അങ്ങേയറ്റം മോശമായ മറ്റു കാര്യങ്ങളാണ്. പ്രദേശത്തെ ചായക്കടയില്‍ രണ്ടു തരത്തിലുള്ള ഗ്ലാസ് ഉണ്ട്. ഒന്ന് ദലിതര്‍ക്ക് ഉപയോഗിക്കാന്‍ മാത്രം. ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ ഇപ്പോഴും ദലിതര്‍ക്കു പ്രവേശനം അനുവദിച്ചിട്ടില്ല എന്നും പരാതിയുണ്ട്.

ജാതിവിവേചനം ആഴത്തില്‍ വേരോടുന്ന ഗ്രാമങ്ങളില്‍ ഒന്നാണ് ഇതെന്ന് ഗ്രാമീണര്‍ പറയുന്നു. കഴിഞ്ഞ മൂന്നു തലമുറകളിലായി ദലിത് വിഭാഗക്കാര്‍ക്ക് ഗ്രാമത്തിലെ ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചിരുന്നില്ല.

Back to top button
error: