തിരുവനന്തപുരം: ഈ വര്‍ഷത്തെ ശിവഗിരി തീര്‍ത്ഥാടന ഉദ്ഘാടനം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് നിര്‍വഹിക്കും. ഈമാസം 30- ന് രാവിലെ 9.30ന് ശിവഗിരിയില്‍ നടക്കുന്ന സമ്മേളനത്തില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ മുഖ്യാതിഥിയാകും. രബീന്ദ്രനാഥ ടാഗോറിന്റെ ശിവഗിരി സന്ദര്‍ശനത്തിന്റെയും മഹാകവി കുമാരനാശാന്റെ ചണ്ഡാല ഭിക്ഷുകിയുടെ രചനാശതാബ്ദിയുടെയും ആഘോഷങ്ങളും ഇതോടൊപ്പം നടക്കും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് നവതിയോടനുബന്ധിച്ച് 15ന് ആരംഭിച്ച ശിവഗിരി തീര്‍ത്ഥാടനം ജനുവരി 5വരെ നീണ്ടു നില്‍ക്കും.
30-ന് പുലര്‍ച്ചെ പര്‍ണ്ണശാലയിലും ശാരദാമഠത്തിലും മഹാസമാധിയിലും വിശേഷാല്‍ പൂജകള്‍ക്ക് ശേഷം ബ്രഹ്മവിദ്യാലയത്തില്‍ ഗുരുദേവ കൃതികളുടെ പാരായണം നടക്കും. രാവിലെ 7.30ന് ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ശുഭാംഗാനന്ദ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും. എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍, കെ. ബാബു, പ്രവാസി സമ്മാന്‍ പുരസ്‌കാര ജേതാവ് കെ.ജി. ബാബുരാജന്‍ തുടങ്ങിയവർ വിശിഷ്ടാതിഥികളാകും. സ്വാമി വിശാലാനന്ദ,സ്വാമി ശാരദാനന്ദ തുടങ്ങിയവരും പങ്കെടുക്കും. ചടങ്ങില്‍ സ്വാമി സച്ചിദാനന്ദ രചിച്ച ഗുരുദേവന്റെ സുവര്‍ണ്ണ രേഖകള്‍, ഡോ. ഗീതാസുരാജ് രചിച്ച ശിവഗിരി ദൈവദശകം എന്ന ദൈവോപനിഷത്ത് എന്നീ പുസ്‌കങ്ങളുടെ പ്രകാശനം നടക്കും.
മൂന്നാംദിവസം ജനുവരി 1ന് രാവിലെ 10ന് നടക്കുന്ന ശിവഗിരി തീര്‍ത്ഥാടന നവതി സമാപന സമ്മേളനം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി എ.കെ. ശശീന്ദ്രന്‍, മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. കവി പ്രഭാവര്‍മ്മ, സൂര്യകൃഷ്ണമൂര്‍ത്തി എന്നിവര്‍ വിശിഷ്ഠാതിത്ഥികളാകും. വൈകിട്ട് 4.30ന് നടക്കുന്ന തീര്‍ത്ഥാടന സമാപന സമ്മേളനം മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ശ്രീ.ആന്റണി രാജു അദ്ധ്യക്ഷനാകും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മുഖ്യാതിഥിയാകും. പി.എം.എ ഇന്റര്‍നാഷണല്‍ എല്‍.എല്‍.സി സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ ചെയര്‍മാന്‍ ഡോ. പി. മുഹമ്മദ് അലിയെ സമ്മേളനത്തില്‍ ആദരിക്കും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും.