കണ്ണൂര്‍: മൂന്നരപ്പതിറ്റാണ്ടിന്െ്റ കാത്തിരിപ്പിനൊടുവില്‍ അര്‍ജന്‍്റീന ലോക കിരീടം ചൂടിയിട്ട് ഒരാഴ്ചയാകുന്നു. എന്നാല്‍, ലോകമെമ്പാടും ആരാധകര്‍ ആേഘാഷം തുടരുകയാണ്. കപ്പുമായി നാട്ടിലെത്തിയ ലയണല്‍ മെസിയെയും സംഘത്തെ വരവേല്‍ക്കാന്‍ ലക്ഷങ്ങളാണ് തടിച്ചു കൂടിയത്. കാത്തിരുന്ന സ്വപ്ന നേട്ടത്തില്‍ പല പ്രഖ്യാപനങ്ങളും നടത്തി രംഗത്തെത്തിയവരും കുറവല്ല. ഇങ്ങ് കണ്ണൂരിലും ഉണ്ടായി വ്യത്യസ്തമായൊരു നേര്‍ച്ച.
മെസ്സിയും കൂട്ടരും കപ്പടിച്ചാല്‍ സാക്ഷാല്‍ മുത്തപ്പന് വെള്ളാട്ടവും അന്നദാനവും നടത്തുമെന്നായിരുന്നു നേര്‍ച്ച. ആഗ്രഹം സഫലമായതോടെ വെള്ളാട്ടത്തിനുള്ള അടയാളം കൊടുത്ത് തീയതി നിശ്ചയിച്ചു. ഇന്നലെ ഉച്ചയോടെ മുത്തപ്പന് തെയ്യം കെട്ടിയാടി. വെള്ളയും നീലയും ജഴ്സി അണിഞ്ഞ് ആരാധക കൂട്ടവും. ആഗ്രഹം സഫലമായില്ലേയെന്ന മുത്തപ്പന്റെ ചോദ്യത്തിന് മനസ് നിറഞ്ഞെന്ന് ആരാധകരുടെ മറുപടി. അങ്ങ് ബ്യൂണസ് ഐറീസില്‍ അര്‍ജന്റീനയുടെ ലോകകപ്പ് ഫുട്ബോള്‍ ആഘോഷം പൊടിപൊടിക്കുമ്പോള്‍ കണ്ണൂരിലെ ഈ ആരാധകര്‍ മുത്തപ്പന് വെള്ളാട്ടവും അന്നദാനവും നടത്തി വിജയാഹ്ലാദത്തില്‍ പങ്കുചേര്‍ന്നു.
കുഞ്ഞിമംഗലം കുതിരുമ്മല്‍ ഫാന്‍സിന്റെ നേതൃത്വത്തിലാണ് മുത്തപ്പന് കെട്ടിയാടിച്ചത്. കുതിരുമ്മല്‍ അങ്ങാടിയില്‍ സ്ഥാപിച്ച 55 അടി ഉയരമുള്ള മെസ്സിയുടെ കട്ടൗട്ട് നേരത്തേ ശ്രദ്ധേയമായിരുന്നു. അര്‍ജന്റീന കപ്പടിച്ചാല്‍ മുത്തപ്പന് കെട്ടിയാടിക്കുമെന്നും അന്നദാനമൊരുക്കുമെന്നും ഈ കട്ടൗട്ടിനു കീഴില്‍ നിന്ന് അര്‍ജന്റീനയുടെ കടുത്ത ആരാധകനായ പി വി ഷിബുവും സുഹൃത്തുക്കളും പറഞ്ഞിരുന്നു. ഷിബുവിന് മുത്തപ്പനും മെസ്സിയും ഏറെ പ്രിയപ്പെട്ടവരാണ്. ചിരകാല സ്വപ്നം പൂവണിഞ്ഞപ്പോള്‍ നോട്ടീസടിച്ച് പ്രചരണം തുടങ്ങി. നാട്ടുകാരെ മൊത്തം വിളിച്ച് മികച്ച സദ്യയും ഒരുക്കി നല്കി.