തിരുവനന്തപുരം: കുടുംബവഴക്കിനെത്തുടര്‍ന്ന് 87 വയസുകാരന്‍ 82 വയസുകാരിയായ രണ്ടാം ഭാര്യയെ കുത്തിക്കൊന്നു. തിരുവല്ലം പുഞ്ചക്കരി തിരുവഴിമുക്ക് സൗമ്യ കോട്ടേജില്‍ ജഗദമ്മയെയാണ് ഭര്‍ത്താവ് ബാലാനന്ദന്‍ കൊലപ്പെടുത്തിയത്.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.15 നായിരുന്നു സംഭവം. ബാലാനന്ദനും ജഗദമ്മയും തമ്മില്‍ വഴക്ക് പതിവായിരുന്നു. ഇന്നലെ ഉച്ചയ്ക്കും വഴക്കുണ്ടായി. ഇതിനു ശേഷം വീടിന്റെ രണ്ടാം നിലയില്‍ പോയിരുന്ന ബാലാനന്ദന്‍, കുറച്ചു സമയം കഴിഞ്ഞു കത്തിയുമായി വീടിനു പുറത്തുവന്നു ജഗദമ്മയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ബാലാനന്ദനെ പിടിച്ചുമാറ്റി. സംഭവസ്ഥലത്തെത്തിയ പോലീസ്, കഴുത്തിലും വയറിലും മുതുകിലും കുത്തേറ്റ ജഗദമ്മയെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, രക്ഷിക്കാനായില്ല. ബാലാനന്ദനെ അറസ്റ്റു ചെയ്തു.
ബാലാനന്ദന്റെ ആദ്യ ഭാര്യ കമലമ്മ രണ്ടുവര്‍ഷം മുമ്പു മരിച്ചിരുന്നു. 40 വര്‍ഷമായി ജഗദമ്മ ബാലാനന്ദനൊപ്പമാണ് കഴിയുന്നത്. ഇവര്‍ക്ക് മക്കളില്ല. കമലമ്മയിലെ മക്കള്‍ ജഗദമ്മയെ കാണാന്‍ വീട്ടിലെത്തുമായിരുന്നു. ഇത് ബാലാനന്ദന് ഇഷ്ടമില്ലായിരുന്നു. ഇതേച്ചൊല്ലിയാണ് ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നത്.
ജഗദമ്മയെ കുത്തിയ ശേഷവും ബാലാനന്ദന്‍ അക്രമാസക്തനായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. ജഗദമ്മയെ കുത്തിവീഴ്ത്തിയ ശേഷം തങ്ങളെയും ആക്രമിക്കാന്‍ വന്നു. തങ്ങള്‍ ഓടിവന്നില്ലായിരുന്നെങ്കില്‍ ഇയാള്‍ രക്ഷപ്പെടുമായിരുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവസമയം ഇയാളുടെ ആദ്യ ഭാര്യ കമലമ്മയുടെ മകളായ സൗമ്യ വീട്ടിലുണ്ടായിരുന്നു. അര്‍ബുദത്തിന് ചികിത്സയിലിരിക്കുന്ന സൗമ്യയ്ക്ക് ഒന്നും ചെയ്യാനായില്ല. സംഭവമറിഞ്ഞ് സുഖമില്ലാതായ സൗമ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജഗദമ്മയുടെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.