കോട്ടയം: ബ്രിട്ടനില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിനെ ഭര്‍ത്താവ് സാജു മുന്‍പും ഉപദ്രവിച്ചിരുന്നെന്ന് അഞ്ജുവിന്റെ അമ്മ കൃഷ്ണമ്മ. വസ്ത്രത്തില്‍ കുത്തിപ്പിടിച്ച് ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്നും അച്ഛനോട് പറയരുതെന്നും ആത്മഹത്യ ചെയ്യില്ലെന്നും അഞ്ജു പറഞ്ഞിരുന്നുവെന്നും കൃഷ്ണമ്മ പറഞ്ഞു. ഇരുവരും സൗദിയിലായിരുന്നപ്പോള്‍ സാജുവിനെ ഭയന്നാണ് താനും കഴിഞ്ഞിരുന്നതെന്നും കൃഷ്ണമ്മ പറഞ്ഞു.
വൈക്കം കുലശേഖരമംഗലം ആറാക്കല്‍ അശോകന്റെ മകള്‍ അഞ്ജു (40), മക്കളായ ജീവ (6), ജാന്‍വി (4) എന്നിവരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. പ്രണയവിവാഹമായിരുന്നു അഞ്ജുവിന്റേത്. 2012 ഓഗസ്റ്റ് 10ന് ഇരുവീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം. തുടര്‍ന്ന് 7 വര്‍ഷം അഞ്ജു സൗദിയില്‍ ജോലി ചെയ്തു. സാജു അവിടെ ഡ്രൈവറായി ജോലി നോക്കി ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ബ്രിട്ടനിലേക്ക് പോയത്.
അഞ്ജുവിനെ ശ്വാസംമുട്ടിച്ചാണ് കൊന്നതെന്ന് പോലീസ് അറിയിച്ചിരുന്നു. അഞ്ജുവിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. കുട്ടികളുടെ മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും. പ്രതി ഭര്‍ത്താവ് സാജു 72 മണിക്കൂര്‍ കൂടി കസ്റ്റഡിയില്‍ തുടരും. ഇയാള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തുമെന്ന് പോലീസ് അറിയിച്ചു.
കൊല്ലപ്പെട്ട അഞ്ജുവിന്റെയും മക്കളുടെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിനും പോലീസ് നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാഴിക്കാടന് എം.പി ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ക്ക് കത്ത് നല്കി. അഞ്ജുവിന്റെ കുടുംബവുമായി ബന്ധപ്പെട്ടുവെന്നും എല്ലാവിധ സഹായങ്ങളും ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ഹൈക്കമ്മിഷണര്‍ മറുപടി നല്കി.