Breaking NewsBusinessKeralaLead NewsLIFELife StyleNEWSNewsthen SpecialpoliticsTRENDINGWorld

ഇന്ത്യയുടെ പ്രതിദിന എല്‍പിജി ഉപഭോഗം 80,000 ടണ്‍; ഭൂരിഭാഗവും എത്തുന്നത് ഹോര്‍മൂസ് വഴി; ലോകത്തെ രണ്ടാമത്തെ വലിയ ഉപഭോക്താവ്; സംഭരണ ശേഷി രണ്ടു ദിവസത്തേക്കു മാത്രം! യൂറോപ്പ് സംഭരിക്കുന്നത് 25 ദിവസത്തേക്ക്; യുദ്ധം നീണ്ടാല്‍ പാചകം നിലയ്ക്കുമെന്ന് ഉറപ്പ്

പ്രതിവര്‍ഷം 2.2 ദശലക്ഷം ടണ്ണിനായി ഫെബ്രുവരിയില്‍ ഇന്ത്യ അമേരിക്കയുമായി എല്‍പിജി ഇറക്കുമതി കരാറില്‍ ഒപ്പിട്ടു, എന്നാല്‍ പേര്‍ഷ്യന്‍ ഗള്‍ഫ് ചരക്കുകളില്‍ നിന്ന് വ്യത്യസ്തമായി അമേരിക്കന്‍ വാതക കപ്പലുകള്‍ ഇന്ത്യയിലെത്താന്‍ 45 ദിവസമെടുക്കും.

ന്യൂഡല്‍ഹി: യുദ്ധമടക്കമുള്ള അടിയന്തര സാഹചര്യങ്ങളില്‍ ഇന്ത്യയിലെ അടുക്കളകള്‍ക്കും ഹോട്ടലുകള്‍ക്കുമുള്ള എല്‍പിജി (പാചകവാതകം) ഉറപ്പിക്കാന്‍ ദീര്‍ഘകാല പദ്ധതികള്‍ ഇല്ലെന്നു കണക്കുകള്‍. ആകെ ഇറക്കുമതിയുടെ 85 ശതമാനത്തിലധികം ഇന്ത്യയുടെ തീരത്തടുക്കണമെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് കടക്കണം. പെട്രോള്‍, ഡീസല്‍ എന്നിവയെ അപേക്ഷിച്ചു പിരിമിതമായ സംഭരണ ശേഷികാരണം പാചക വാതക പ്രതിസന്ധി ഇന്ത്യയെ വേഗത്തില്‍ ബാധിച്ചു.

ഇന്ത്യന്‍ എല്‍പിജി സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് വിതരണത്തിനാണ് (operational flow), അല്ലാതെ സംഭരണത്തിനായല്ല. വലിയ ഭൂഗര്‍ഭ സംഭരണികള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി നിലവില്‍ കൃത്യമായ നിര്‍ദ്ദേശങ്ങളൊന്നുമില്ല. അത്തരം സംഭരണത്തിന്റെ അഭാവം ഇന്ത്യയിലെ ഒരു അടിസ്ഥാന സൗകര്യ ബലഹീനതയാണെന്ന് അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി (ഐഇഎ) ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ആഭ്യന്തര വാതക കുതിച്ചുചാട്ടം

Signature-ad

ഐഇഎ കണക്കുകള്‍ പ്രകാരം, ഇന്ത്യയുടെ എല്‍പിജി ഇറക്കുമതി 2011-12 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ ഏകദേശം 20 ദശലക്ഷം ടണ്ണായി. മൂന്നിരട്ടിയാണു വര്‍ധന. ഇന്ത്യയുടെ ആവശ്യത്തിന്റെ ഏകദേശം 60 ശതമാനത്തോളമാണ് ഇറക്കുമതി.

2026-സാമ്പത്തിക വര്‍ഷത്തില്‍, ജനുവരി വരെ ഇറക്കുമതി 18 ദശലക്ഷം ടണ്‍ പിന്നിട്ടു. ഇന്ത്യയുടെ പ്രതിമാസ മൊത്തം എല്‍പിജി ഉപഭോഗം ഏകദേശം 3 ദശലക്ഷം ടണ്ണാണ്. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ എല്‍പിജി ഉപഭോക്താവാണെങ്കിലും ആകെ സംഭരണ ശേഷി പ്രതിമാസ ഉപയോഗത്തിന്റെ പകുതി മാത്രമാണ് നിറവേറ്റുന്നത്. ഇതില്‍ ഭൂരിഭാഗവും എന്നൂര്‍ പോലുള്ള ഇറക്കുമതി ടെര്‍മിനലുകളിലെ ടാങ്കുകളിലാണ്.

ദീര്‍ഘകാല സംഭരണത്തിന്റെ കാര്യത്തില്‍, ഇന്ത്യയ്ക്ക് എല്‍പിജിക്കായി മംഗളൂരുവിലും വിശാഖപട്ടണത്തുമായി രണ്ട് ഭൂഗര്‍ഭ സംഭരണികളുണ്ട് (underground caverns). ആകെ സംഭരണശേഷി 1.4 ലക്ഷം ടണ്‍. വിശാഖപട്ടണം സംഭരണി 2007-ല്‍ കമ്മീഷന്‍ ചെയ്തപ്പോള്‍, എല്‍പിജി ഉപഭോഗം വന്‍തോതില്‍ വര്‍ദ്ധിക്കാന്‍ തുടങ്ങിയതിന് ശേഷം ഒരെണ്ണം മാത്രമാണ് കമ്മീഷന്‍ ചെയ്തത് – 80,000 മെട്രിക് ടണ്‍ അല്ലെങ്കില്‍ വെറും ഒരു ദിവസത്തെ ഉപഭോഗത്തിന് മാത്രമുള്ള മംഗളൂരു സംഭരണി.

മൊത്തം ഭൂഗര്‍ഭ സംഭരണം 1.4 ലക്ഷം ടണ്‍ അല്ലെങ്കില്‍ രണ്ട് ദിവസത്തെ ഉപഭോഗത്തിനു തികയുന്നതു മാത്രമാണ്. പ്രതിദിന എല്‍പിജി ഉപഭോഗം ഏകദേശം 80,000 ടണ്ണാണ്, ഇതിന്റെ 85 ശതമാനത്തിലധികവും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കാണ് പോകുന്നത്. രാജ്യത്ത് 33 കോടി ഗാര്‍ഹിക എല്‍പിജി കണക്ഷനുകളുണ്ട്. ഇതില്‍ ഏകദേശം 10 കോടിയോളം 2017 മുതല്‍ പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) വഴിയാണ് ചേര്‍ത്തത്.

ദരിദ്രര്‍ക്കും ശുദ്ധമായ പാചകവാതകം വാഗ്ദാനം ചെയ്യാനും വിറക് അടുപ്പുകള്‍, ചാണകം, മണ്ണെണ്ണ സ്റ്റൗകള്‍ എന്നിവയില്‍ നിന്നുള്ള സ്ത്രീകളുടെ കഷ്ടപ്പാടുകള്‍ ഒഴിവാക്കാനുമാണ് പിഎംയുവൈ പദ്ധതി ലക്ഷ്യമിട്ടത്. ഈ പദ്ധതി പാവപ്പെട്ട കുടുംബങ്ങളിലെ പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് ഡെപ്പോസിറ്റ് ഇല്ലാത്ത എല്‍പിജി കണക്ഷനുകള്‍ നല്‍കുകയും പര്‍ച്ചേസിനായി സബ്സിഡി നല്‍കുകയും ചെയ്തു. ഇന്ത്യന്‍ എല്‍പിജി ഉപഭോഗത്തിലെ കുതിച്ചുചാട്ടത്തിനും ഇറക്കുമതി ആശ്രിതത്വത്തിനും കാരണം ഈ പദ്ധതിയാണ്.

പെട്രോളിയം മന്ത്രാലയം (MoPNG) 2025ല്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച ഗ്രാന്റുകള്‍ക്കായുള്ള ആവശ്യത്തില്‍, നിലവിലുള്ള രണ്ടെണ്ണം കൂടാതെ കൂടുതല്‍ സംഭരണികള്‍ നിര്‍മ്മിക്കാന്‍ പദ്ധതികളില്ലെന്ന് പറഞ്ഞു. മംഗളൂരു സംഭരണി 2025-ലാണ് പ്രവര്‍ത്തനക്ഷമമായത്. പ്രതിവര്‍ഷം 2.2 ദശലക്ഷം ടണ്ണിനായി ഫെബ്രുവരിയില്‍ ഇന്ത്യ അമേരിക്കയുമായി എല്‍പിജി ഇറക്കുമതി കരാറില്‍ ഒപ്പിട്ടു, എന്നാല്‍ പേര്‍ഷ്യന്‍ ഗള്‍ഫ് ചരക്കുകളില്‍ നിന്ന് വ്യത്യസ്തമായി അമേരിക്കന്‍ വാതക കപ്പലുകള്‍ ഇന്ത്യയിലെത്താന്‍ 45 ദിവസമെടുക്കും.

ഭൂഗര്‍ഭ സംഭരണികള്‍

യൂറോപ്പിന് ആകെ വാര്‍ഷിക വാതക ഉപഭോഗത്തിന്റെ ഏകദേശം 25 ശതമാനം സംഭരിക്കാന്‍ കഴിയുമെന്ന് നോര്‍വേയിലെ എനര്‍ജി റിസര്‍ച്ച് സ്ഥാപനമായ റിസ്റ്റാഡ് എനര്‍ജിയിലെ സീനിയര്‍ അനലിസ്റ്റ് ക്രിസ്റ്റോഫ് ഹാല്‍സര്‍ പറയുന്നു.

’90 ദിവസത്തെ എമര്‍ജന്‍സി സ്റ്റോക്കിന് തുല്യമായ നിര്‍ബന്ധിത വ്യവസ്ഥ നിലനില്‍ക്കുന്ന എണ്ണയില്‍ നിന്ന് വ്യത്യസ്തമായി, യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തന്ത്രപ്രധാനമായ സര്‍ക്കാര്‍ നിയന്ത്രിത വാതക കരുതല്‍ ശേഖരം ഇല്ല, യൂറോപ്യന്‍ യൂണിയന്‍ അത് നിര്‍ബന്ധമാക്കുന്നുമില്ല. ഉക്രെയ്ന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് 2022-ലാണ് പൊതു സംഭരണ ശാലകളില്‍ വാതകം നിറയ്ക്കുന്നതിനുള്ള ലക്ഷ്യങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ ആദ്യമായി ഏര്‍പ്പെടുത്തിയത്. വിപണിയിലെ തടസങ്ങളും സാങ്കേതിക പരിമിതികളും ഒഴികെയുള്ള സാഹചര്യങ്ങളില്‍ ശൈത്യകാലത്തിന് മുമ്പ് അംഗരാജ്യങ്ങള്‍ 90 ശതമാനം ഫില്ലിംഗ് ലെവലില്‍ എത്താന്‍ നിര്‍ദ്ദേശിക്കുന്നു’ ഹാല്‍സര്‍ കൂട്ടിച്ചേര്‍ത്തു.

മൂന്ന് ഭൂമിശാസ്ത്ര മേഖലകള്‍

അത്തരം വാതക സംഭരണത്തിന് അനുയോജ്യമായ മൂന്നു ഭൂമിശാസ്ത്ര മേഖലകളായി ഇന്ത്യയെ വിഭജിക്കാം. ഏറ്റവും മികച്ചതു പെനിന്‍സുലാര്‍ ഷീല്‍ഡ് ആണ് – പെനിന്‍സുലാര്‍ ഇന്ത്യയുടെ 60 ശതമാനത്തോളം വരുന്ന ഗ്രാനൈറ്റ്, ഗ്‌നൈസ് (gneiss), ചാര്‍ണോക്കൈറ്റ് എന്നിവയുടെ പുരാതനമായ തറയാണിത്. പ്രവര്‍ത്തനക്ഷമമായ രണ്ട് എല്‍പിജി ഗ്യാസ് സംഭരണികളും ഈ പാറയിലാണു നിര്‍മിച്ചത്. വിശാഖപട്ടണത്ത്, പ്രീകാംബ്രിയന്‍ ഗ്‌നൈസില്‍ ഭൂനിരപ്പില്‍ നിന്ന് 162 മുതല്‍ 196 മീറ്റര്‍ വരെ താഴെയാണ് ഹൈഡ്രോളിക് കണ്ടെയ്ന്‍മെന്റ് തത്വമുപയോഗിച്ച് സംഭരണി നിര്‍മ്മിച്ചിരിക്കുന്നത്. മംഗളൂരുവില്‍, സമുദ്രനിരപ്പില്‍ നിന്ന് 141 മീറ്റര്‍ താഴെയായി ഗ്രാനൈറ്റിക് ഗ്‌നൈസ് ആണ് ആതിഥേയ പാറ. ഇതിന്റെ എഞ്ചിനീയറിംഗ് ശാസ്ത്രീയമായി തെളിയിച്ചതാണ്.

രണ്ടാമത്തെ മേഖല ഡെക്കാന്‍ ട്രാപ്‌സ് ആണ് – പശ്ചിമ-മധ്യ ഇന്ത്യയിലെ 5,00,000 ചതുരശ്ര കിലോമീറ്റര്‍ വരുന്ന വിശാലമായ ബസാള്‍ട്ട് പീഠഭൂമി. സംഭരണ ആവശ്യങ്ങള്‍ക്കായി ഇവ വെല്ലുവിളികള്‍ നിറഞ്ഞതാണ്. മൂന്നാമത്തെ മേഖല രാജസ്ഥാനിലെ ബിക്കാനീര്‍-ബാര്‍മര്‍ ബെല്‍റ്റിലെ ഉപ്പ് ശേഖരങ്ങളാണ്. ഈ ഹാലൈറ്റ് നിക്ഷേപങ്ങള്‍ സംഭരണികളായി ഉപയോഗിക്കാം.

ചിലവ് കുറഞ്ഞതും വേഗതയേറിയതും

ഉപ്പ് സംഭരണികള്‍ (Salt caverns) നിര്‍മ്മിക്കാന്‍ ചിലവ് കുറഞ്ഞതും വേഗതയേറിയതുമാണ്, സ്വാഭാവികമായും ചോര്‍ച്ചയില്ലാത്തവയാണ്, കൂടാതെ വേഗത്തില്‍ വാതകം നിറയ്ക്കാനും പുറത്തെടുക്കാനും ഇവയ്ക്ക് സാധിക്കും.

ബാര്‍മറില്‍ ഒരു റിഫൈനറി നിര്‍മ്മാണത്തിലാണ്. കൂടാതെ ക്രൂഡ് പൈപ്പ്ലൈനുകള്‍ ഈ മേഖലയിലൂടെ കടന്നുപോകുന്നു. സോള്‍ട്ട് കാവെര്‍ന്‍ സാങ്കേതിക വിദ്യയ്ക്കായി ജര്‍മ്മനിയിലെ ഡീപ്പ് (DEEP) എന്ന സ്ഥാപനവുമായി ഇഐഎല്‍ (EIL) പങ്കാളിത്ത കരാറില്‍ ഒപ്പിട്ടു. നാലാമത്തെ സാധ്യത, കൃഷ്ണ-ഗോദാവരി, കാംബേ, മുംബൈ ഓഫ്ഷോര്‍ ബേസിനുകളിലെ ശൂന്യമായ വാതക ശേഖരണ പാടങ്ങളാണ് (depleted gas reservoirs). ഇതേക്കുറിച്ചു പഠനങ്ങള്‍ നടക്കുകയാണ്.

ന്യൂസ്ദെൻ’ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകു.

ഫെയ്സ്ബുക്ക് പേജ്

യൂട്യൂബ് ചാനല്

#LPGShortage, #IndiaEnergyCrisis, #LPGImport, #EnergySecurity, #HormuzStrait, #GasStorage, #ModiGovernment, #UjjwalaYojana, #PetroleumMinistry, #EnergyInfrastructure, #IndiaNews, #MalayalamNews, #InternationalEnergyAgency, #FuelCrisis, #IndiaTrade, #LPGConsumption, #KitchenCrisis, #EconomyNews, #UndergroundStorage, #IndiaVsEurope, #SaltCavernStorage, #EnergySustainability, #OilAndGas, #SupplyChainInterruption, #NationalSecurity, #IndiaEnergyOutlook2026, #PMUY, #MangaloreStorage, #VizagStorage, #Dailyhunt, #GoogleNewsIndia

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: