ന്യൂഡൽഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രസക്തിയും ലക്ഷ്യവും സന്ദേശവും ജനങ്ങളോടു നേരിട്ടു വിശദീകരിക്കാനൊരുങ്ങി കോണ്‍ഗ്രസ്. എല്ലാ സംസ്ഥാനങ്ങളിലും താഴെത്തട്ടിലടക്കം ഗൃഹസന്ദര്‍ശനം നടത്തി കാര്യങ്ങള്‍ വിശദീകരിക്കണമെന്ന് എ.ഐ.സി.സി. നേതൃത്വം സംസ്ഥാന പി.സി.സികളോടു നിര്‍ദ്ദേശിച്ചു. ഭാരത് ജോഡോ യാത്രയുടെ ആവേശം സ്വീകരണ കേന്ദ്രങ്ങളിൽ മാത്രമാണെന്ന നേതൃത്വത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായ ശക്തമായ രാഷ്ട്രീയസന്ദേശമെന്ന നിലയിലാണ് കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ഭാരതത്തെ ഒരുമിപ്പിക്കുകയെന്ന സന്ദേശമുയര്‍ത്തി രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. എന്നാല്‍, ഉന്നതമായ രാഷ്ട്രീയസന്ദേശം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാരംഭിച്ച യാത്ര നൂറു ദിവസം പിന്നിടുമ്പോള്‍, അത് കടന്നുപോകുന്ന ഇടങ്ങളില്‍ വലിയ ഓളം സൃഷ്ടിക്കുന്നതല്ലാതെ രാജ്യത്താകമാനം ചലനമുണ്ടാക്കുന്നില്ലെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സംഘടനാ ശേഷിയുടെ പരിമിതികളടക്കമാണ് ഇതിന് വിഘാതമായിരിക്കുന്നനെത്തന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഏല്‍ക്കേണ്ടിവന്ന കനത്ത തോല്‍വിയും ഇത്തരത്തില്‍ ചിന്തിക്കാന്‍ നേതൃത്വത്തെ നിര്‍ബന്ധിതമാക്കിയിട്ടുണ്ട്. ഹിമാചലിലെ വിജയം ഉയര്‍ത്തിക്കാട്ടി പരസ്യമായി അതിനെ പ്രതിരോധിക്കുന്നുണ്ടെങ്കിലും സംഘനാ ദൗര്‍ബല്യങ്ങള്‍ നേതൃത്വത്തിനും കൃത്യമായി ബോധ്യമുണ്ട്.
ഈ സാഹചര്യത്തില്‍ കേരളത്തിലെ പ്രചരണപരിപാടികള്‍ ആലോചിക്കുന്നതിനായി കെ.പി.സി.സി. ഭാരവാഹികൾ ഇന്ന് യോഗം ചേരുന്നുണ്ട്.. അതോടൊപ്പം പാര്‍ട്ടി പുനഃസംഘടനയും ചര്‍ച്ചയായേക്കും. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനടക്കമുള്ള നേതാക്കള്‍ പാര്‍ലമെന്റ് സമ്മേളനത്തിന്റെ ഭാഗമായി ഡല്‍ഹിയിലായതിനാല്‍ ഓൺലൈനിലാണ് യോഗം ചേരുന്നത്.