കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കോര്പറേഷന് യോഗത്തില്‍ പ്രതിഷേധിച്ച യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ക്ക് സസ്പെന്ഷന്. 15 പേരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഒരു ദിവസത്തേക്കാണ് സസ്പെന്ഷന്.
കോഴിക്കോട് കോര്‍പറേഷന്റെ പഞ്ചാബ് നാഷണല്‍ ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം നഷ്ടപ്പെട്ട സംഭവത്തില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരുന്നു. പണത്തട്ടിപ്പില്‍ സി.ബി.ഐ. അന്വേഷണം ഉള്‍പ്പെടെ ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസും ബി.ജെ.പിയും അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. എന്നാല്‍, ഇതിന് അനുമതി നിഷേധിച്ചു. ഇതേത്തുടര്‍ന്നാണ് കൗണ്‍സില്‍ യോഗത്തില്‍ ബഹളം തുടങ്ങിയത്. തുടര്‍ന്ന് മേയര്‍ ബീനാ ഫിലിപ്പ് എഴുന്നേറ്റപ്പോഴും കൗണ്‍സിലര്‍മാര്‍ ബഹളം തുടര്‍ന്നു.
ഇതോടെ അഞ്ചു മിനിറ്റ് നേരത്തേക്ക് നടപടികള്‍ നിര്‍ത്തി വെച്ചെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നു. യു.ഡി.എഫ്. അംഗങ്ങള്‍ ബാനര്‍ ഉയര്‍ത്തി മുദ്രാവാക്യം വിളിച്ചപ്പോള്‍ എല്‍.ഡി.എഫ്. അംഗങ്ങള്‍ കൂവി വിളിക്കുകയും ചെയ്തു. ഒടുവില്‍ ഇരുവിഭാഗവും നേര്‍ക്കുനേര്‍നിന്ന് മുദ്രാവാക്യം വിളിക്കുന്ന സാഹചര്യവും ഉണ്ടായി. ബഹളത്തിനിടെ അജണ്ടകള്‍ ചര്‍ച്ചയില്ലാതെ പാസാക്കുകയും 15 യു.ഡി.എഫ്. കൗണ്‍സിലര്‍മാരെ സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു
കോര്‍പറേഷന്റെ പണം നഷ്ടമായ സംഭവത്തില്‍ ആര്.ബി.ഐയ്ക്കും പ്രധാനമന്ത്രിയുടെ ഓഫീസിനും ബാങ്കിങ് ഓംബുഡ്സ്മാനും പരാതി നല്‍കിയെന്ന് മേയര്‍ ബീനാ ഫിലിപ്പ് പറഞ്ഞു. സി.ബി.ഐ. അന്വേഷണത്തെ എതിര്‍ക്കുന്നില്ലെന്നും ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.