കെഎസ്‌യുക്കാർ ഓടിച്ചുകൊണ്ടുവന്ന എസ്എഫ്ഐക്കാർ അതുവഴി ഓടിവന്നു, അവനെ ശ്രദ്ധിക്കാതെ ജനൽചാടിപ്പോയി. പുറകേ വന്ന കെഎസ്‌യുക്കാർ ഭുവനേശ്വരനെ കാലിൽവാരി നിലത്തടിച്ചു, തലച്ചോർ തകർന്നു, അതോടെ ശബ്ദംപോയി, ശ്വാസം മാത്രമായി… 5-ാം ദിവസം അവൻ പോയി, മൃതദേഹം പാർട്ടിക്ക്, കേസ് നടത്തിയത് മരം മുറിച്ച് വിറ്റ്…

ആലപ്പുഴ: തന്റെ സഹോദരനായ ജി. ഭുവനേശ്വരൻ പാർട്ടിക്കായി ആക്രമിക്കപ്പെട്ട് ആശുപത്രിയിലായിട്ടും പിന്നീട് മരണപ്പെട്ടിട്ടും പാർട്ടിയിൽനിന്ന് ഒരു സഹായവും ലഭിച്ചില്ലെന്ന് വാർത്താ സമ്മേളത്തിൽ തുറന്നടിച്ച് സിപിഎം മുൻ നേതാവ് ജി. സുധാകരൻ. അന്നു പാർട്ടി അധികാരത്തിലുണ്ടായിരുന്നിട്ടും കേസ് നടത്താൻ ആരും പൈസ തന്നില്ല. രക്തസാക്ഷി ഫണ്ടും പിരിച്ചില്ല. വീട്ടിലെ ആഞ്ഞിലി മരം വെട്ടിവിറ്റാണ് കേസ് നടത്തിയത്. ഇടതു സർക്കാർ ഭരിച്ചിട്ടും അന്ന് കേസിൽ അപ്പീൽ പോയില്ലെന്നും ജി. സുധാകരൻ പറഞ്ഞു.
സുധാകരന്റെ വാക്കുകൾ ഇങ്ങനെ:
‘‘ എന്റെ അനുജൻ ഭുവനേശ്വരനെ കൊലപ്പെടുത്തിയ കോൺഗ്രസിലേക്ക് ഞാൻ പോകുന്നു എന്നാണ് അക്ഷേപം. അവർക്ക് ഭുവനേശ്വരനെ അറിയാമോ? ഞാനും കുടുംബവും അനുഭവിച്ച വിഷമം അറിയാമോ?… എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന അവൻ പന്തളം എൻഎസ്എസ് കോളജിലെ ബിഎ എക്കണോമിക്സ് രണ്ടാം വർഷ വിദ്യാർഥിയായിരുന്നു. സംഭവദിവസം രാവിലെ ക്ലാസിലിരിക്കുകയായിരുന്നു. പുറത്ത് സംഘർഷം നടക്കുന്നതായി എസ്എഫ്ഐക്കാർ വന്ന് അവനോട് പറഞ്ഞു. അവനോടു പോകേണ്ടെന്ന് അധ്യാപകൻ പറഞ്ഞു. പക്ഷേ, യൂണിറ്റ് സെക്രട്ടറിയായതുകൊണ്ട് പോയി.
പ്രിൻസിപ്പലിന്റെ ഓഫിസിനു മുന്നിലായിരുന്നു സംഘർഷം. കെഎസ്‌യു, ഡിഎസ്‌യു പ്രവർത്തകർ സൈക്കിൾ ചെയിൻകൊണ്ട് അടിച്ചു. അവൻ കരഞ്ഞുകൊണ്ട് സ്റ്റാഫ് റൂമിൽ ചെന്നിരുന്നു. ഇതിനിടെ കെഎസ്‌യുക്കാർ ഓടിച്ച എസ്എഫ്ഐക്കാർ അതുവഴി ഓടിവന്നു. അവനെ ശ്രദ്ധിക്കാതെ ജനൽചാടിപ്പോയി. പുറകേ വന്ന കെഎസ്‌യുക്കാർ ഭുവനേശ്വരനെ കാലിൽവാരി നിലത്തടിച്ചു. തലച്ചോർ തകർന്നു. അതോടെ ശബ്ദംപോയി. ശ്വാസം മാത്രമായി. ഉടൻ കുളനട ആശുപത്രിയിൽ കൊണ്ടുപോയി. എംഎൽഎ സ്ഥലത്തുവന്നു. മാവേലിക്കര താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയി. അവർ മെഡിക്കൽ കോളേജിൽ കൊണ്ടുപോകാൻ പറഞ്ഞു.
അന്നു ഞാൻ ജില്ലാ കമ്മിറ്റി ഓഫിസിലാണ് ഉണ്ടായിരുന്നത്. പരുക്കേറ്റതായാണ് എന്നോട് പറഞ്ഞത്. ഞാൻ ബസിൽ വീട്ടിൽ പോയി. വീട്ടിൽ കാര്യം പറഞ്ഞില്ല. അവിടെനിന്ന് മാവേലിക്കരയിലേക്ക് ബസിൽ പോയി. അവിടെ എത്തിയപ്പോൾ ആലപ്പുഴയിലേക്ക് കൊണ്ടുപോയിരുന്നു. ആലപ്പുഴയിലെത്തിയപ്പോൾ അവന് ശ്വാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 5 ദിവസത്തിനുശേഷം 1977 ഡിസംബർ 7ന് അവൻ മരിച്ചു.
ഞാനാണ് ആശുപത്രിയിൽനിന്നത്. ആരെയും അവിടെ കണ്ടില്ല. കരിമുളയ്ക്കൽ കശുവണ്ടി ഫാക്ടറിയുടെ സ്ഥലത്ത് സംസ്ക്കരിക്കണമെന്ന് പാർട്ടി പറഞ്ഞു. മൃതദേഹം പാർട്ടിക്ക് വിട്ടുകൊടുത്തു. അവനെ അവിടെയാണ് അടക്കിയത്. കേസ് വന്നു. 33 സാക്ഷികളുണ്ട്. കേസ് നടത്തി. ഒരു പൈസയും ആരും തന്നില്ല. പറമ്പിലെ ആഞ്ഞിലി വെട്ടിവിറ്റാണ് കുടുംബം കേസ് നടത്തിയത്. ഞങ്ങൾ പരാതി പറഞ്ഞില്ല. ഒരു ഫണ്ടും പാർട്ടി പിരിച്ചില്ല. അന്ന് കഷ്ടപ്പാടുള്ള കാലമാണ്. എനിക്ക് ജോലിയില്ല. അതാണ് ഭുവനേശ്വരന്റെ ചരിത്രം.
തമിഴ്നാട്ടിലും ബംഗാളിലും കോൺഗ്രസുമായി സിപിഎം സഖ്യമുണ്ടാക്കിയില്ലേ? ഇത് രാഷ്ട്രീയമാണ്. എന്നെ കണ്ടാണ് സഹോദരൻ രാഷ്ട്രീയത്തിലിറങ്ങിയത്. അവന്റെ കേസ് തോറ്റു. പോലീസാണ് ഒന്നാംപ്രതിയെന്നു കോടതി പറഞ്ഞു. അപ്പീൽ കൊടുക്കാൻ ആരും സഹായിച്ചില്ല. ഇടതു സർക്കാർ ഭരിക്കുന്ന കാലമാണ്. ടി.കെ. രാമകൃഷ്ണനാണ് ആഭ്യന്തരമന്ത്രി. പക്ഷെ അപ്പീൽ പോയില്ല.
വിഎസ് പറഞ്ഞിട്ടാണ് അവസാനം സ്പെഷൽ പ്രോസിക്യൂട്ടറെ വച്ചത്. ഇതാണ് ഭുവനേശ്വരന്റെ ചരിത്രം. ഭുവനേശ്വരന്റെ പേരിൽ സ്കോളർഷിപ്പ് ഏർപ്പെടുത്തിയിരുന്നു. ഇപ്പോൾ എസ്എഫ്ഐക്കാർ അത് മറന്നു. പൈസ കൊടുക്കുന്നില്ല. ‘പന്തളത്ത് ഒരു പട്ടി ചത്താൽ രക്തസാക്ഷി ആകുമോ’ എന്നാണ് പഴയ ഒരു എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കൂട്ടുകാരുമൊത്ത് പാടിയത്. നല്ല കണ്ടീഷനിലല്ല എന്നതു പാടിയത്’’…






