ദോഹ: ഫിഫ ലോകകപ്പില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ പ്രതിരോധക്കോട്ട 83 ാം മിനിറ്റില്‍ തകര്‍ത്തെറിഞ്ഞ് ബ്രസീലിനു വിജയം. കാസെമിറോയുടെ തകര്‍പ്പന്‍ ഗോളില്‍ ലോകകപ്പിലെ രണ്ടാം ജയം സ്വന്തമാക്കി ബ്രസീല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ആദ്യ മത്സരത്തില്‍ സെര്‍ബിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു കീഴടക്കിയ ബ്രസീല്‍ ജി ഗ്രൂപ്പില്‍ ആറു പോയിന്റുമായി ഒന്നാമതാണ്. ആദ്യ മത്സരം ജയിച്ച സ്വിറ്റ്സര്‍ലന്‍ഡ് മൂന്നുപോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.
ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് കാസെമിറോ ബ്രസീലിന്റെ രക്ഷകനായി അവതരിച്ചത്. റോഡ്രിഗോയുടെ അസിസ്റ്റില്‍നിന്നായിരുന്നു ബ്രസീലിന്റെ ഗോള്‍ പിറന്നത്. ബോക്സിന് അകത്തുനിന്ന് കാസെമിറോയുടെ അതിമനോഹരമായ ഷോട്ട് സ്വിസ് പ്രതിരോധ താരത്തിന്റെ ദേഹത്തുതട്ടിയ ശേഷം വലയിലെത്തുകയായിരുന്നു.
പരുക്കേറ്റു പുറത്തായ നെയ്മാറുടെ അഭാവം മുഴച്ചുനില്‍ക്കുന്ന കളിയാണ് ആദ്യ പകുതിയില്‍ ബ്രസീലിന്റേത്. വേഗത കുറഞ്ഞ മുന്നേറ്റങ്ങള്‍ പലതും സമ്മര്‍ദങ്ങളില്ലാതെയാണ് സ്വിസ് താരങ്ങള്‍ പ്രതിരോധിച്ചത്. 12 ാം മിനിറ്റില്‍ ബ്രസീലിനു ഗോള്‍ നേടാന്‍ ലഭിച്ച സുവര്‍ണാവസരവും പാഴാക്കി. പക്വെറ്റയില്‍നിന്ന് ഫ്ലിക് പാസായി പന്തു ലഭിച്ച റിചാര്ലിസന് സ്വിസ് പോസ്റ്റിനു മുന്പില് ഗോളി മാത്രം മുന്നില്‍ നില്‍ക്കെ അവസരം ലഭിച്ചു. എന്നാല്‍ പന്ത് വിനീഷ്യസിനു കട് ബാക്ക് ചെയ്തു നല്‍കാനാണ് താരം ശ്രമിച്ചത്. സ്വിസ് പ്രതിരോധ താരം നികോ എല്‍വെദി പന്തു രക്ഷപെടുത്തി.
കാസെമിറോയുടേയും ഫ്രെഡിന്റേയും വണ്‍ ടച്ച് പാസ് റിചാര്ലിസന് വീണ്ടുമൊരു അവസരം ഒരുക്കി നല്‍കിയെങ്കിലും നീക്കം ഗോള്‍കിക്കില്‍ അവസാനിച്ചു. ആദ്യ പകുതിയുടെ 20 മിനിറ്റുകള്‍ പിന്നിടുമ്പോഴും ബ്രസീലും സ്വിറ്റ്സര്‍ലന്‍ഡും ഒപ്പത്തിനൊപ്പമുള്ള പ്രകടനമായിരുന്നു. 27ാം മിനിറ്റില്‍ വിനീസ്യൂസിന്റെ വോളി സ്വിസ് ഗോളി യാന്‍ സോമര്‍ രക്ഷിച്ചു. 25 വാര അകലെനിന്ന് റാഫീഞ്ഞ എടുത്ത ഷോട്ടും യാന്‍ സോമര്‍ പിടിച്ചെടുത്തു. 37ാം മിനിറ്റില്‍ മിലിറ്റാവോയുടെ ഒരു ഗോള്‍ ശ്രമം സ്വിസ് താരം ഷാക്ക ബ്ലോക്ക് ചെയ്തു. റാഫിഞ്ഞയെടുത്ത കോര്‍ണറില്‍നിന്ന് ഗോള്‍ നേടാനുള്ള തിയാഗോ സില്‍വയുടെ ശ്രമവും ലക്ഷ്യത്തിലെത്തിയില്ല. സ്വിസ് പ്രതിരോധ താരം നികോ എല്‍വെദിയുടെ ബ്ലോക്കില്‍ പന്തു ഗോള്‍ പോസ്റ്റിലെത്തിയില്ല. ആദ്യപകുതി അവസാനിച്ചപ്പോള്‍ സ്റ്റേഡിയം 974 ല്‍ ഗോള്‍ പിറന്നില്ല. ആദ്യ പകുതിയില്‍ ഒരു ഗോള്‍ ശ്രമം മാത്രമാണ് സ്വിറ്റ്സര്‍ലന്‍ഡില്‍നിന്നുണ്ടായത്.