Breaking NewsIndiaLead Newspolitics

വിദ്യാസമ്പന്നരായ ഇന്ത്യക്കാര്‍ എന്തിനാണ് ഭീകരവാദത്തിലേക്ക് തിരിയുന്ന്? ചെങ്കോട്ട സ്‌ഫോടനം നടത്തിയത് ‘നാട്ടില്‍ വളര്‍ത്തിയെടുത്ത ഭീകരവാദികള്‍?’ ; കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ പരാമര്‍ശം വിവാദത്തില്‍

ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനം സംബന്ധിച്ച കാര്യങ്ങള്‍ എന്‍ഐഎയുടെ അന്വേഷണ പരിധിയിലിരിക്കെ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ പരാമര്‍ശം വന്‍ വിവാദമാകുന്നു. ഡല്‍ഹി സ്‌ഫോടനം നടത്തിയത് ‘നാട്ടില്‍ വളരുന്ന ഭീകരവാദികള്‍’ എന്ന ചിദംബരത്തിന്റെ പരാമര്‍ശം ബിജെപിയുടെ വലിയ പ്രതിഷേധം വിളിച്ചുവരുത്തി. നാട്ടില്‍ വളരുന്ന ഭീകരവാദികളുടെ പങ്കാളിത്തത്തെക്കുറിച്ച് അന്വേഷിക്കണമെന്നും വിദ്യാസമ്പന്നരായ ഇന്ത്യക്കാര്‍ എന്തിനാണ് ഭീകരവാദത്തിലേക്ക് തിരിയുന്നതെന്നും അദ്ദേഹം ചോദിച്ചു.

‘നാട്ടില്‍ വളരുന്ന ഭീകരവാദികളെ’ കുറിച്ച് സര്‍ക്കാരിന് കൃത്യമായിട്ട് അറിയാമെന്നതിനാ ലാണ് ഈ ‘വിവേകപൂര്‍ണ്ണമായ മൗനം’ എന്നായിരുന്നു ചിദംബരത്തിന്റെ ട്വീറ്റ്. 13 പേര്‍ മരിക്കുകയും 25-ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഡല്‍ഹി സ്‌ഫോടനത്തെക്കുറിച്ച് നേരിട്ട് പരാമര്‍ശിക്കാതെ ‘എന്തിനാണ് ഇന്ത്യന്‍ പൗരന്മാര്‍ ഭീകരവാദത്തിലേക്ക് തിരിയുന്നത്?’ എന്നായിരുന്നു ചിദംബരത്തിന്റെ ട്വീറ്റ്. ”പഹല്‍ഗാം ഭീകരാക്രമണത്തിന് മുമ്പും ശേഷവും ഞാന്‍ പറഞ്ഞിട്ടുണ്ട്, രണ്ട് തരം ഭീകരവാദികളുണ്ട് വിദേശത്ത് പരിശീലനം നേടിയ നുഴഞ്ഞുകയറിയ ഭീകരവാദികളും, നാട്ടില്‍ വളരുന്ന ഭീകരവാദികളും. ഓപ്പറേഷന്‍ സിന്ദൂര്‍ സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ ഞാന്‍ പാര്‍ലമെന്റില്‍ ഇത് പറഞ്ഞിരുന്നു. നാട്ടില്‍ വളരുന്ന ഭീകരവാദികളെക്കുറിച്ചുള്ള പരാമര്‍ശത്തിന് എനിക്ക് പരിഹാസങ്ങളും ട്രോളുകളും നേരിടേണ്ടി വന്നു.” അദ്ദേഹത്തിന്റെ പോസ്റ്റില്‍ പറയുന്നു.

Signature-ad

”നാട്ടില്‍ വളരുന്ന ഭീകരവാദികള്‍ ഉണ്ടെന്ന് സര്‍ക്കാരിന് അറിയാമെന്നതിനാലാണ് സര്‍ക്കാര്‍ വിവേകപൂര്‍ണ്ണമായ മൗനം പാലിക്കുന്നത്. ഇന്ത്യന്‍ പൗരന്മാര്‍ വിദ്യാസമ്പന്നരായവര്‍ പോലും എന്ത് സാഹചര്യത്തിലാണ് ഭീകരവാദികളായി മാറുന്നതെന്ന് നമ്മള്‍ സ്വയം ചോദിക്കണം എന്നതാണ് ഈ ട്വീറ്റിന്റെ കാതല്‍.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രൊഫഷണലായി ഡോക്ടര്‍മാരായ നിരവധി പേര്‍ പ്രതികളായതിനെ സൂചിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ ഡല്‍ഹി സ്‌ഫോടനത്തെ ‘ഭീകരപ്രവര്‍ത്തനം’ എന്ന് വിശേഷിപ്പിച്ച ദിവസമാണ് ചിദംബരത്തിന്റെ പോസ്റ്റ് പുറത്തുവന്നത്. സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരില്‍ ദുഃഖം രേഖപ്പെടുത്തിയ കേന്ദ്രമന്ത്രിസഭ, സംഭവത്തെക്കുറിച്ചുള്ള അന്വേഷണം അതീവ അടിയന്തിരമായി മുന്നോട്ട് കൊണ്ടുപോകണമെന്ന് നിര്‍ദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: