Breaking NewsIndiaLead News

രാജ്യത്തിന്റെ അടിസ്ഥാന സംസ്‌കാരം ഹിന്ദുത്വം, ഇന്ത്യയില്‍ അഹിന്ദുക്കള്‍ ഇല്ല ; ഇന്ത്യയിലെ എല്ലാ മുസ്ലീങ്ങളുടേയും ക്രിസ്ത്യാനിയുടേയും പൂര്‍വ്വികര്‍ വരെ ഹിന്ദുക്കള്‍ ; അത് അവര്‍ മറയ്ക്കാന്‍ ശ്രമിക്കുന്നെന്ന് മോഹന്‍ഭഗവത്

ഭാരതത്തില്‍ ‘അഹിന്ദുക്കള്‍’ ഇല്ലെന്നും രാജ്യത്തിന്റെ അടിസ്ഥാന സംസ്‌കാരം ഹിന്ദുവാണെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. എല്ലാവരും ഒരേ പൂര്‍വ്വികരുടെ പിന്‍ഗാമികളായതിനാല്‍ ഭാരതത്തില്‍ എല്ലാ മുസ്ലീങ്ങളും ക്രിസ്ത്യാനികളും വരെ ഇന്ത്യയിലെ ‘ഒരേ പൂര്‍വ്വികരുടെ പിന്‍ഗാമികള്‍’ ആണെന്ന് മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു.

അധികാരം നേടുന്നതിന് വേണ്ടിയല്ല, മറിച്ച് രാജ്യത്തിന്റെ ശോഭയ്ക്ക് വേണ്ടി ഹിന്ദു സമൂഹത്തെ സംഘടിപ്പിക്കുകയാണ് ആര്‍എസ്എസിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച സംസാരിക്കവെയാണ് ഭാരതത്തിന് ‘ഉത്തരവാദികള്‍ ഹിന്ദുക്കളാണ്’ എന്ന് മോഹന്‍ ഭാഗവത് പറഞ്ഞത്. എല്ലാവരും ഒരേ പൂര്‍വ്വികരുടെ പിന്‍ഗാമികളായതിനാല്‍ ഭാരതത്തില്‍ ‘അഹിന്ദു’ (ഹിന്ദു അല്ലാത്തവര്‍) ഇല്ലെന്നും, രാജ്യത്തിന്റെ അടിസ്ഥാന സംസ്‌കാരം ഹിന്ദുവാണ് എന്നും അദ്ദേഹം പറഞ്ഞു.

Signature-ad

‘സംഘ യാത്രയുടെ 100 വര്‍ഷങ്ങള്‍: പുതിയ ചക്രവാളങ്ങള്‍’ എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് ഭാഗവത് ഈ അഭിപ്രായങ്ങള്‍ പറഞ്ഞത്. ‘സംഘം ഒരു സംഘടിത ശക്തിയായി ഉയരുമ്പോള്‍, അത് അധികാരം ആഗ്രഹിക്കുന്നില്ല. സമൂഹത്തില്‍ പ്രമുഖ സ്ഥാനം ആഗ്രഹിക്കുന്നില്ല. ഭാരത മാതാവിന്റെ മഹത്വത്തിന് വേണ്ടി സമൂഹത്തെ സേവിക്കാനും സംഘടിപ്പിക്കാനും മാത്രമാണ് ആഗ്രഹിക്കുന്നത്. എന്തുകൊണ്ടോ, ഇത് വിശ്വസിക്കാന്‍ നമ്മുടെ രാജ്യത്തെ ജനങ്ങള്‍ക്ക് വളരെ പ്രയാസമായിരുന്നു, എന്നാല്‍ ഇപ്പോള്‍ അവര്‍ വിശ്വസിക്കുന്നു,’ ഭാഗവത് പറഞ്ഞു.

എന്തുകൊണ്ടാണ് ആര്‍എസ്എസ് ഹിന്ദു സമൂഹത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ന ചോദ്യം ഉയരുമ്പോള്‍, അതിന്റെ ഉത്തരം, ഭാരതത്തിന് ഉത്തരവാദികള്‍ ഹിന്ദുക്കളാണ് എന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ‘ഒരേ പൂര്‍വ്വികരുടെ പിന്‍ഗാമികളാണ്. ‘അവര്‍ ഒരുപക്ഷേ ഇത് അറിയുന്നില്ലായിരിക്കാം, അല്ലെങ്കില്‍ അവര്‍ അത് മറക്കാന്‍ നിര്‍ബന്ധിതരായിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അതുകൊണ്ടാണ് ഹിന്ദു സമൂഹത്തിന്റെ ഈ സംഘാടനം, അതുകൊണ്ടാണ് ഭാരതം ഒരു ഹിന്ദു രാഷ്ട്രമാകുന്നത്. ഇന്ന് നമ്മള്‍ ചെയ്യുന്ന ഒന്നിനും ഇത് വിരുദ്ധമല്ല. നേരെമറിച്ച്, നമ്മള്‍ ഇന്ന് പിന്തുടരുന്ന ഭരണഘടനയുമായി ഇത് പൊരുത്തപ്പെടുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദു സമൂഹത്തിന്റെ മുഴുവന്‍ സംഘടിപ്പിക്കപ്പെടേണ്ടതുണ്ടെന്നും, അതിന്റെ ഉന്നതമായ ശക്തിയിലും മഹത്വത്തിലും ഹിന്ദു സമൂഹം എപ്പോഴും ലോകത്തെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുമെന്നും ഭാഗവത് പറഞ്ഞു.

‘സനാതന ധര്‍മ്മം ഹിന്ദു രാഷ്ട്രമാണ്, സനാതന ധര്‍മ്മത്തിന്റെ പുരോഗതി ഭാരതത്തിന്റെ പുരോഗതിയാണ്,’ അദ്ദേഹം പറഞ്ഞു. ഹിന്ദു സമൂഹത്തെ ഞങ്ങള്‍ സംഘടിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. 142 കോടി വരുന്ന ഹിന്ദു സമൂഹം, നിരവധി മതവിഭാഗങ്ങളോടു കൂടിയവരും, ചരിത്രത്തിന്റെ ഗതിയില്‍ പുറത്തുനിന്ന് വന്നവരും ഇതില്‍ ഉള്‍പ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വയം ഹിന്ദുക്കളായി കണക്കാക്കാത്തവരുമായി ആര്‍എസ്എസ് സംഭാഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: