ഭര്‍ത്താവ് താരചന്ദ് തളര്‍വാതം വന്ന് കിടപ്പില്‍ ; സാമ്പത്തിക ബുദ്ധിമുട്ടിനിടയില്‍ അഞ്ചാമതും ഒരു കുട്ടിയുണ്ടായി ; കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ നവജാതശിശുവിനെ മാതാവ് പിറന്ന് മണിക്കൂറുകള്‍ക്കകം കഴുത്തുഞെരിച്ചു കൊന്നു

ജയ്പൂര്‍: കടുത്ത സാമ്പത്തീക ബുദ്ധിമുട്ടിനെയും മാനസീക സമ്മര്‍ദ്ദത്തെയും തുടര്‍ന്ന് രാജസ്ഥാനില്‍ യുവതി നവജാത ശിശുവിനെ പിറന്നയുടന്‍ കഴുത്തുഞെരിച്ച് കൊന്നു. സാമ്പത്തിക ബുദ്ധിമുട്ടും മാനസിക സമ്മര്‍ദ്ദവുമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. രാജസ്ഥാനിലെ ചുരു ജില്ലയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം
പ്രസവിച്ച് മണിക്കൂറുകള്‍ക്കകം 40 വയസ്സുള്ള യുവതി തന്റെ നവജാതശിശുവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി പോലീസ് ശനിയാഴ്ച അറിയിച്ചു. പ്രതിയായ ഗുഡ്ഡി ദേവി, വ്യാഴാഴ്ച രാത്രിയാണ് തന്റെ അഞ്ചാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. മറ്റ് കുടുംബാംഗങ്ങള്‍ ആശുപത്രി വാര്‍ഡില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ പ്രസവിച്ച് മണിക്കൂറുകള്‍ക്ക് ശേഷം അവര്‍ കഴുത്ത് ഞെരിച്ച് കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. കോട്വാലി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സുഖ്‌റാം ഛോട്ടിയ പറഞ്ഞു.
ഗുഡ്ഡി ദേവി കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലും മാനസിക സമ്മര്‍ദ്ദത്തിലുമായിരുന്നു എന്ന് പ്രാഥമിക അന്വേഷണത്തില്‍ വെളിപ്പെട്ടു. അവരുടെ ഭര്‍ത്താവ് താരചന്ദ് തളര്‍വാതം വന്ന് കിടപ്പിലാണ്. മറ്റൊരു കുട്ടിയെക്കൂടി വളര്‍ത്താനുള്ള ഭാരം ഏറ്റെടുക്കാന്‍ തനിക്ക് കഴിയില്ലെന്ന് അവര്‍ ബന്ധുക്കളോട് പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച അതിരാവിലെ, ഗുഡ്ഡിയുടെ മൂത്ത സഹോദരി മൈന ദേവി കുഞ്ഞിന് ചലനമില്ലെന്ന് ശ്രദ്ധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
കുഞ്ഞിന്റെ കഴുത്തില്‍ ആഴത്തിലുള്ള പാടുകള്‍ കണ്ട അവര്‍ ഉടന്‍ തന്നെ ഡോക്ടര്‍മാരെ വിവരമറിയിച്ചു. കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ മരണം കഴുത്ത് ഞെരിഞ്ഞാണ് സംഭവിച്ചതെന്ന് സ്ഥിരീകരിച്ചു. സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.






