ഒടുവില്‍ അതും! പാകിസ്ഥാന്‍ ‘വ്യാജ ഫുട്‌ബോള്‍ ടീം’ പിടിയില്‍; അറസ്റ്റിലായത് ഇമിഗ്രേഷന്‍ പരിശോധനക്കിടെ

ടോകിയോ: അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ച പാകിസ്ഥാനില്‍ നിന്നുള്ള വ്യാജ ഫുട്‌ബോള്‍ ടീമിനെ ജാപ്പനീസ് അധികൃതര്‍ അറസ്റ്റു ചെയ്തു. ഫുട്‌ബോള്‍ കിറ്റുകള്‍ ഉള്‍പ്പെടെ വ്യാജ രേഖകള്‍ കൈവശം വച്ചിരുന്ന 22പേരെയാണ് ഇമിഗ്രേഷന്‍ പരിശോധനകള്‍ക്കിടെ അറസ്റ്റു ചെയ്തത്. പാകിസ്ഥാന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ (PFF) പ്രതിനിധീകരിക്കുന്നതായി കാണിച്ചാണ് സംഘം വിമാനത്താവളത്തിലെത്തിയത്. ഇമിഗ്രേഷന്‍ പരിശോധനകള്‍ക്കിടെ രാജ്യത്തേക്ക് കടക്കാനുള്ള സംഘത്തിന്റെ നീക്കം പൊളിയുകയായിരുന്നു. ജാപ്പനീസ് അധികൃതര്‍ ഉടന്‍ തന്നെ എല്ലാവരെയും അറസ്റ്റ് ചെയ്ത് നാടു കടത്തി.
ഇവര്‍ പാകിസ്ഥാന്‍ ഫുട്‌ബോള്‍ ടീം ജഴ്‌സി ധരിച്ചാണ് യാത്ര ചെയ്തത്. യാത്രയ്ക്കുള്ള ഔദ്യോഗിക അനുമതിക്കായി വിദേശകാര്യ മന്ത്രാലയം നല്‍കിയതെന്ന് അവകാശപ്പെട്ട വ്യാജ നോ-ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ (എന്‍ഒസി) സംഘം കൈവശം വച്ചിരുന്നു. പാകിസ്ഥാന്‍ ഫുട്‌ബോള്‍ ഫെഡറേഷനുമായി (പിഎഫ്എഫ്) ബന്ധമുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ടാണ് രേഖകള്‍ ഹാജരാക്കിയതെന്ന് പാകിസ്ഥാന്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറിയിച്ചു.
പതിവ് ചോദ്യം ചെയ്യലിനിടെ സംഘത്തിലുണ്ടായിരുന്നവരില്‍ ചിലരുടെ സംഭാഷണത്തില്‍ പൊരുത്തക്കേടുകള്‍ കണ്ടെതോടെയാണ് ജാപ്പനീസ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്. തട്ടിപ്പ് തുറന്നുകാട്ടിയതോടെ സംഘത്തെ പാകിസ്ഥാനിലേക്ക് തിരിച്ചയച്ചു. പാകിസ്ഥാന്‍ വിമാനത്താവളങ്ങളില്‍ നിന്ന് അന്താരാഷ്ട്ര വിമാനങ്ങളില്‍ കയറാന്‍ ഇവര്‍ക്ക് എങ്ങനെ സാധിച്ചുവെന്നാണ് ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നത്.
അതേസമയം, സിയാല്‍കോട്ടിലെ പാസ്രൂര്‍ സ്വദേശി മാലിക് വഖാസാണ് ആള്‍ക്കാരെ കയറ്റി അയയക്കുന്ന റാക്കറ്റിന് പിന്നിലെ മുഖ്യ കണ്ണിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു. ഗോള്‍ഡന്‍ ഫുട്‌ബോള്‍ ട്രയല്‍ എന്ന പേരില്‍ വ്യാജ ഫുട്‌ബോള്‍ ക്ലബിന് രൂപം നല്‍കിയ ആളാണ് മാലിക് വഖാസ്. ജപ്പാന്‍ യാത്രയ്ക്കായി ഓരോരുത്തരില്‍ നിന്നും നാപ്പത് മതല്‍ നാല്‍പ്പത്തഞ്ച് ലക്ഷം രൂപ വരെ വഖാസ് ഈടാക്കിയതായും ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവത്തെത്തുട ഗുജ്റന്‍വാലയില്‍ നിന്ന് സെപ്തംബര്‍ 15നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മറ്റു നിരവധി കേസുകളും വഖാസിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഫുട്‌ബോളിനെ മറയാക്കികൊണ്ട് രാജ്യത്തേക്ക് ആളുകളെ കയറ്റി വിടുന്ന വഖാസിന്റെ ആദ്യ ശ്രമമല്ല ഇതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2024 ജനുവരിയിലും സമാനമായ കേസ് വഖാസിനെതിരെ നിലവിലുണ്ട്. വ്യാജ രേഖകളും ജാപ്പനീസ് ഫുട്‌ബോള്‍ ക്ലബ്ബായ ബോവിസ്റ്റ എഫ്സിയില്‍ നിന്നുള്ള ക്ഷണക്കത്തുകളും ഉപയോഗിച്ച് 17 പേരെ ഇയാള്‍ ജപ്പാനിലേക്ക് മുമ്പ് യാത്ര ചെയ്യാന്‍ ഏര്‍പ്പാട് ചെയ്തു. 17 പേരും ഇതുവരെ പാകിസ്ഥാനിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.






