Breaking NewsKeralaLead NewsNEWSNewsthen Special

എന്നുമുതലാണ് കരിക്കും പെപ്പർ സ്പ്രേയും പോലീസിന്റെ ആയുധമായി അംഗീകരിച്ചത്? ഒരു ചെറുപ്പക്കാരനെ പോലീസ് ഇഞ്ച ചതയ്ക്കുംപോലെ ചതച്ചു, മുഖ്യമന്ത്രിയു‌ടെ മറുപടി രണ്ട് സ്റ്റേഷനുകളിലായി വിവിധ കേസുകളിൽ പ്രതിയെന്ന്!! ക്രൂരമായി ദ്രോഹിക്കാനുള്ള സൈലെൻസാണോ മുഖ്യമന്ത്രി ആ മറുപടി?

‌കസ്റ്റഡി മർദ്ദനത്തിൽ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിൽ കേരള നിയമസഭ പ്രക്ഷുബ്ധമായി.അടിയന്തര പ്രമേയം അവതരിപ്പിച്ച അങ്കമാലി എംഎൽഎ റോജി എം ജോൺ പിണറായി വിജയൻ താൻ നേരിട്ട കസ്റ്റഡി മർദനത്തെ പറ്റി കേരള നിയമസഭയിൽ നടത്തിയ പഴയ പ്രസംഗത്തെ ഉദ്ധരിച്ചുകൊണ്ടാണ് സംസാരിച്ചു തുടങ്ങിയത്. അന്ന് വൈകാരികമായി സംസാരിച്ച പിണറായി വിജയൻ കേരളം ഭരിക്കുമ്പോൾ അദ്ദേഹത്തിന് കീഴിലുള്ള പോലീസ് സുജിത്ത് എന്ന 29 കാരനെ അതിക്രൂരമായി മർദ്ദിച്ചു എന്നത് വിശ്വസിക്കാൻ കഴിയുമോ എന്ന് റോജി എം ജോൺ ചോദിച്ചു. പ്രതിപക്ഷത്തു നിന്ന് സംസാരിച്ച ഓരോ അംഗവും കേരള പോലീസിന്റെ അക്രമങ്ങളെ അക്കമിട്ട് കേരള നിയമസഭയിൽ അവതരിപ്പിച്ചു. പിണറായി വിജയന്റെ കീഴിൽ കേരള പോലീസ് അഴിഞ്ഞാടുമ്പോൾ പൊതുജനം ഭയത്തിലാണ് എന്ന് പറയുന്നതായിരുന്നു ഓരോ പ്രതിപക്ഷ അംഗത്തിന്റെയും പ്രസംഗം.

പ്രതിപക്ഷത്തിന്റെ വിമർശനങ്ങളോടും ചോദ്യങ്ങളോടുമുള്ള കേരളത്തിന്റെ ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം എന്താണെന്നു നോക്കാം. കുന്നംകുളത്ത് പോലീസിൻ്റെ കസ്‌റ്റഡി മർദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുജിത്ത് രണ്ട് സ്റ്റേഷനുകളിലായി വിവിധ കേസുകളിൽ പ്രതിയാണ് എന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറയുകയുണ്ടായി. സമരങ്ങളിൽ പങ്കെടുക്കുന്ന, പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന് ഒരു യുവജന രാഷ്ട്രീയ നേതാവിന്റെ പേരിൽ പോലീസ് കേസുകൾ ഉണ്ടാവുക എന്നത് കേരളത്തിന്റെ മുഖ്യമന്ത്രിക്ക് അസ്വാഭാവികമായി തോന്നുന്ന കാര്യമാണോ? 2021ൽ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ അഫിഡവിറ്റിൽ നിരവധി കേസുകളിൽ താങ്കൾ പ്രതിയാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. അല്ലെങ്കിൽ തന്നെ കേരള പോലീസ് അതിമൃഗീയമായി ഒരു ചെറുപ്പക്കാരനെ അക്രമിച്ച വിഷയത്തിൽ എന്തിനാണ് ആ ചെറുപ്പക്കാരന്റെ മേലുള്ള പോലീസ് കേസുകൾ മുഖ്യമന്ത്രി ചികയാൻ പോയത്? കേരള പോലീസിനെ തിരുത്താനും ശിക്ഷിക്കാനും ആണ് മുഖ്യമന്ത്രിക്ക് താല്പര്യമെങ്കിൽ ആ ചെറുപ്പക്കാരന്റെ കേസുകളെ പറ്റി സംസാരിക്കേണ്ട കാര്യമില്ലല്ലോ.

Signature-ad

യൂത്ത് കോൺഗ്രസ് നേതാവായ സുജിത്തിനെ കേരള പോലീസ് അതിക്രൂരമായി ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കേരളം കണ്ടതാണ്. പോലീസ് ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങൾക്ക് തെളിവുണ്ടെന്നും വകുപ്പ് തല അന്വേഷണത്തിൽ ഇക്കാര്യങ്ങൾ ബോധ്യമായെന്നും മുഖ്യമന്ത്രി തന്നെ സഭയിൽ അംഗീകരിച്ചതും ആണ്. എന്നിട്ടും എന്തിനാണ് ആ ചെറുപ്പക്കാരന്റെ പേരിലുള്ള കേസുകളെ പറ്റി താങ്കൾ സംസാരിച്ചത്? പോലീസ് അതിക്രമങ്ങളിൽ പോലും മുഖ്യമന്ത്രിക്ക് പോലീസിനെ ചേർത്തു നിർത്തണമെന്ന തോന്നലിൽ നിന്നും ഉടലെടുത്തതാണോ ആ ചെറുപ്പക്കാരന്റെ കേസുകളെ സംബന്ധിച്ച പരാമർശം എന്ന് പൊതുജനം ചോദിക്കുമ്പോൾ പറയാനായി ഒരു മറുപടിയെങ്കിലും കേരളത്തിന്റെ മുഖ്യമന്ത്രി കരുതി വെക്കണം. പോലീസ് അതിക്രമത്തിന് ഇരയായ ചെറുപ്പക്കാരന്റെ പേരിൽ പോലീസ് കേസ് ഉണ്ടെങ്കിലും ഇല്ലെങ്കിലും അതിനിവിടെ എന്തെങ്കിലും പ്രസക്തി ഉണ്ടോ? 2023 മദ്യപിച്ച് കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന വ്യാജമായി കെട്ടിച്ചമച്ച കേസിലാണ് പോലീസുകാർ ഈ ചെറുപ്പക്കാരനെ ക്രൂരമായി അക്രമിച്ചത് എന്ന വിവരം മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തതാണ്. ഈ ചെറുപ്പക്കാരന്റെ പേരിലുള്ള കേസുകളിൽ ബഹുഭൂരിപക്ഷവും സാമൂഹികാകലം പാലിച്ചില്ല, പ്രകോപനമായ മുദ്രാവാക്യം വിളി, സംഘം ചേരൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കാണ്. സുജിത്തിന്റെ വിഷയത്തിൽ അയാളുടെ പേരിലുള്ള കേസുകളിലേക്ക് കൂടുതൽ ആഴത്തിൽ പോകേണ്ട സാഹചര്യം ഇല്ല, കാരണം ഒരാളുടെ പേരിൽ എന്തെങ്കിലും കേസ് ഉണ്ടെന്നത് കേരള പോലീസിന് അവരെ ക്രൂരമായി മർദ്ദിക്കാൻ അനുവാദം നൽകുന്ന ലൈസൻസ് അല്ലല്ലോ.

സുജിത്തിനെ ആക്രമിച്ച പോലീസുകാർക്കെതിരെ എടുത്ത നടപടി പര്യാപ്തമല്ലെന്നും, ആ പോലീസുദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ക്രിമിനലുകളായ ഈ പോലീസുദ്യോഗസ്ഥരെ പുറത്താക്കും വരെ നിയമസഭയ്ക്ക് മുമ്പിൽ യുഡിഎഫ് എംഎൽഎമാരായ സനീഷ്കുമാർ ജോസഫിന്റെയും എകെഎം അഷ്റഫിന്റെയും നേതൃത്വത്തിൽ പ്രതിപക്ഷം അനിശ്ചിതകാല നിരാഹാരം നടത്തുമെന്നും പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചു. കേരള മനസാക്ഷിയെ ഞെട്ടിച്ച ഈ ക്രൂര പോലീസ് അതിക്രമത്തിൽ തക്കതായ നടപടി എന്തുകൊണ്ട് കേരള സർക്കാർ എടുക്കുന്നില്ല എന്ന ചോദ്യം പ്രതിപക്ഷം അതിശക്തമായി തന്നെ സഭയ്ക്കകത്തും പുറത്തും ഉന്നയിക്കുന്നുണ്ട്. പോലീസിനെ സംരക്ഷിക്കുന്ന സർക്കാരിന്റെ നിലപാടിനെ പ്രതിപക്ഷ നേതാവ് അതി രൂക്ഷമായി തന്നെ വിമർശിച്ചു, സിപിഎം ലോക്കൽ സെക്രട്ടറിയുടെ കരണക്കുറ്റി അടിച്ചു പൊട്ടിച്ച പോലീസിനെയാണ് ഭരണപക്ഷം ന്യായീകരിക്കുന്നത് എന്നും, എന്നുമുതലാണ് കരിക്കും പെപ്പർ സ്പ്രേയും പോലീസിന്റെ ആയുധമായി അംഗീകരിച്ചതെന്നും സഭയിൽ പ്രതിപക്ഷ നേതാവ് ചോദിച്ചു.

പോലീസ് അതിക്രമം ബന്ധപ്പെട്ട അടിയന്തര പ്രമേയത്തിൽ സംസാരിക്കുമ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി ചെറുപ്പം മുതൽ താൻ ജീവിക്കുന്നത് സ്റ്റാലിന്റെ റഷ്യയിൽ അല്ലെന്നും ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകാലത്തെ പോലീസിനു കീഴിലാണെന്നും പറയുകയുണ്ടായി. തന്റെ ഭരണ പരാജയങ്ങൾ ചോദ്യം ചെയ്യുമ്പോൾ ജവഹർലാൽ നെഹ്റുവിന്റെ പേര് വലിച്ചിഴയ്ക്കുക എന്ന കലാപരിപാടി നടത്തി പോരാറുണ്ടായിരുന്നത് നരേന്ദ്രമോദി ആയിരുന്നു. അതിനു സമാനമായാണ് കഴിഞ്ഞദിവസം കേരളത്തിലെ മുഖ്യമന്ത്രിയും പ്രതികരിച്ചത്. കേരളത്തിലെ പോലീസ് അതിക്രമങ്ങൾ, കസ്റ്റഡി മർദ്ദനങ്ങൾ സംസാരിക്കുമ്പോൾ അവിടെ ജവഹർലാൽ നെഹ്റുവിനെ എന്താണ് പ്രസക്തി. കേരളത്തിലെ പോലീസ് അതിക്രമങ്ങളെ പറ്റിയുള്ള ചോദ്യങ്ങൾക്ക് ദശാബ്ദങ്ങൾക്ക് മുന്നേ നടന്നിട്ടുള്ള കാര്യങ്ങളെ പറ്റിയാണ് ഭരണപക്ഷം പലപ്പോഴും സംസാരിച്ചത്. ഇങ്ങനെ സർക്കാരിന്റെയും ആഭ്യന്തരവകുപ്പിന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകളിൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാതെ ഒളിച്ചോടിയതുകൊണ്ടും ന്യായീകരണങ്ങൾ നിരത്തിയത് കൊണ്ടുമാണ് കേരള പോലീസ് ഈ നിലയിലേക്ക് അധപതിച്ചത്.

സംസ്ഥാനത്തെ പോലീസ് അതിക്രമങ്ങൾ ഒറ്റപ്പെട്ട ചില സംഭവങ്ങൾ മാത്രമാണ് എന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടന്ന എൽഡിഎഫ് യോഗത്തിൽ വിശദീകരിച്ചു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയും മാധ്യമങ്ങളോട് പറഞ്ഞത് ഇതേ മറുപടിയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ മാത്രം എത്ര പോലീസ് അതിക്രമ വാർത്തകളാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്? ഈ ക്രൂരകൃത്യങ്ങൾ എല്ലാം കണ്ടിട്ടും മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും ഇതൊക്കെ ഒറ്റപ്പെട്ട സംഭവം മാത്രമാണ് എന്നു തോന്നുന്നുവെങ്കിൽ പിന്നെ കേരളത്തിലെ പോലീസ് വകുപ്പ് എങ്ങനെ ഇത്തരത്തിൽ കുത്തഴിഞ്ഞ പ്രവർത്തിക്കുന്നു എന്ന ചോദ്യത്തിന് മറ്റൊരു ഉത്തരം തേടേണ്ടതില്ല.

2016 മുതൽ 2024 ജൂൺ വരെ, കുറ്റക്കാരായ 108 പോലീസുകാരെയും 2024 ഒക്ടോബർ മുതൽ 2025 സെപ്റ്റംബർ വരെ 36 പോലീസുകാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടതായി മുഖ്യമന്ത്രി പറയുന്നുണ്ട്. കേരളത്തിൽ നടക്കുന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണെങ്കിൽ എന്തിനാണ് 150 ഓളം പോലീസുകാരെ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പലപ്പോഴായി പിരിച്ചുവിട്ടത്? അതിൽ നിന്നു തന്നെ കേരളത്തിലെ ആഭ്യന്തര വകുപ്പിൽ നടമാടുന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ അല്ല എന്ന വ്യക്തമാണ്. ഈ കണക്കുകൾ ഒന്നുമില്ലെങ്കിൽ പോലും കേരള പോലീസ് എന്താണെന്ന് ഇന്നാട്ടിലെ അരിയാഹാരം കഴിക്കുന്ന ഓരോ മലയാളിക്കും ബോധ്യമുള്ളതാണ്. രാവിലെ ടിവി തുറന്നാൽ രാത്രി അത് അടയ്ക്കുന്നത് വരെ കേൾക്കുന്ന പോലീസ് അതിക്രമങ്ങൾക്കും, പോലീസിനുള്ളിലെ അഴിമതികൾക്കും കണക്കില്ല. പോലീസുകാരെ സർവീസിൽ നിന്നും പിരിച്ചുവിടുന്നത് കൊണ്ടു മാത്രം തീരുന്ന പ്രശ്നങ്ങളാണ് കേരള പോലീസിൽ ഉള്ളതെന്ന് ദയവായി കേരളത്തിന്റെ മുഖ്യമന്ത്രി കരുതരുത്. കേരള പോലീസിനെ നിയന്ത്രിച്ചു നിർത്തേണ്ടത് താങ്കളുടെ ഉത്തരവാദിത്വമാണ്. പോലീസ് വകുപ്പിൽ നിന്നു വരുന്ന ഓരോ അതിക്രമ വാർത്തയും, ഓരോ വീഴ്ചയും ആഭ്യന്തര മന്ത്രി എന്ന നിലയിലുള്ള പിണറായി വിജയന്റെ പരാജയത്തെ അടയാളപ്പെടുത്തുന്നതാണ്.

കേവലം ഒരു അടിയന്തര പ്രമേയം കൊണ്ട് അവസാനിക്കേണ്ടതല്ല കേരളത്തിലെ പോലീസ് അതിക്രമങ്ങൾ. നിയമസഭയ്ക്ക് മുന്നിൽ നിരാഹാരം കിടക്കുന്ന യുഡിഎഫ് എംഎൽഎമാരും, സഭക്കകത്ത് സംസാരിക്കുന്ന പ്രതിപക്ഷ അംഗങ്ങളും ഈ വിഷയത്തെ വരും ദിവസങ്ങളിലും കൂടുതൽ ശക്തമായി ഉന്നയിക്കുമെന്ന് തന്നെ കരുതാം. പോലീസിനെ പേടിച്ചു ജീവിക്കേണ്ട അവസ്ഥയല്ല, പോലീസ് ഉണ്ടെന്ന വിശ്വാസത്തിൽ മെച്ചപ്പെട്ട ജീവിതം നയിക്കാൻ കഴിയുന്ന സാഹചര്യമാണ് നമുക്ക് ആവശ്യം.

Back to top button
error: