Breaking NewsLead NewsLIFELife Style

ആറ് മക്കളുടെ പിതാവിനെ പ്രണയിച്ച്, വിവാഹം ചെയ്യാതെ രണ്ടു മക്കളുടെ അമ്മയായ നടി; മകള്‍ അറിയപ്പെടുന്ന നായിക

പ്രശസ്തിയുടെ ഇടയിലും വ്യക്തിജീവിതം കൊണ്ട് വിവാദം സൃഷ്ടിച്ച നടിമാര്‍ പലരുണ്ട്. അതിലൊരാളാണ് തെന്നിന്ത്യന്‍ താരം കണ്ടല വെങ്കട പുഷ്പവല്ലി എന്ന നടി പുഷ്പവല്ലി. ആന്ധ്ര പ്രദേശിലെ ഒരു ഗ്രാമത്തില്‍ പിറന്ന വ്യക്തിയാണവര്‍. വളരെ ചെറിയ പ്രായത്തില്‍ തന്നെ സിനിമയില്‍ വന്ന പുഷ്പവല്ലി അവരുടെ പന്ത്രണ്ടാം വയസില്‍ സമ്പൂര്‍ണ രാമായണം എന്ന സിനിമയില്‍ സീതയുടെ വേഷം അവതരിപ്പിച്ചു. അന്ന് 300 രൂപയായിരുന്നു അവരുടെ പ്രതിഫലം. അന്നാളുകളിലെ ഏറ്റവും വലിയ പ്രതിഫല തുകയായിരുന്നു ഇത്. ഈ ചിത്രം 1936ല്‍ റിലീസ് ചെയ്തു.

‘ബാല നാഗമ്മ’ എന്ന ചിത്രത്തിലും, മിസ് മാലിനിയിലും അവര്‍ വേഷമിട്ടു. വിമര്‍ശകരുടെ അഭിപ്രായം നേടിയെങ്കിലും, ഈ ചിത്രം ബോക്‌സ് ഓഫീസ് വിജയം കൈവരിച്ചില്ല. ജെമിനി സ്റ്റുഡിയോസിന് വേണ്ടി സ്ഥിരം അഭിനേത്രിയായി പുഷ്പവല്ലി 18 വര്‍ഷക്കാലം അഭിനയിച്ചു. ഈ കമ്പനിയുടെ നിര്‍മാണത്തില്‍ പുറത്തിറങ്ങിയ തെലുങ്ക്, തമിഴ്, ഹിന്ദി ചിത്രങ്ങളില്‍ പുഷ്പവല്ലി ഭാഗമായി. സിനിമകളേക്കാള്‍ ശ്രദ്ധനേടിയ വ്യക്തി ജീവിതമാണ് ഇവരുടേത്. 1940ല്‍ വിവാഹം ചെയ്ത പുഷ്പവല്ലിയുടെ ആ വിവാഹബന്ധം ആറ് വര്‍ഷക്കാലം മാത്രമേ നീണ്ടുള്ളൂ. മിസ് മാലിനിയില്‍ അഭിനയിക്കുന്ന സമയത്താണ് അവരുടെ ജീവിതം മാറ്റിമറിച്ച പ്രണയം സംഭവിക്കുന്നത്.

Signature-ad

നടന്‍ ജെമിനി ഗണേശന്‍ ആയിരുന്നു ആ കാമുകന്‍. പുഷ്പവല്ലിയെ പ്രണയിക്കുന്ന സമയത്തു തന്നെ ജെമിനി ഗണേശന്‍ ആറ് മക്കളുടെ പിതാവായിരുന്നു. എന്നിട്ടും അവര്‍ പ്രണയം തുടര്‍ന്നു. വിവാഹം ചെയ്തില്ല എങ്കിലും, അവര്‍ ലിവിങ് ടുഗെദര്‍ നയിച്ച് രണ്ടു പെണ്മക്കളുടെ മാതാപിതാക്കന്മാരായി. ആ പെണ്‍കുട്ടികളില്‍ ഒരാള്‍ ബോളിവുഡ് നടി രേഖയും. വിവാഹത്തിന് പുറത്തു പിറന്ന മക്കള്‍ക്ക് അച്ഛന്റെ അംഗീകാരം ലഭിക്കല്‍ എളുപ്പമായിരുന്നില്ല. അഭിനയത്തില്‍ ശ്രദ്ധ നല്‍കാന്‍ പുഷ്പവല്ലി മകള്‍ ഭാനുരേഖയെ പ്രോത്സാഹിപ്പിച്ചു.

മറ്റൊരു മകളായ രാധ വിവാഹശേഷം അമേരിക്കയില്‍ താമസമാരംഭിച്ചു. വിവാഹം ചെയ്തില്ല എങ്കിലും, ജീവിതകാലം മുഴുവനും പുഷ്പവല്ലി ജെമിനി ഗണേശന്റെ ജീവിതത്തില്‍ നിറസാന്നിധ്യമായി. പുഷ്പവല്ലിയുടെ കഠിനാധ്വാനമാണ് മകള്‍ രേഖയുടെ സിനിമാജീവിത വിജയത്തിന് പിന്നിലെ പ്രധാന കാരണം. 1991ല്‍ പുഷ്പവല്ലി മരിച്ചു. രേഖ സിനിമാ നടി ആവണം എന്നത് പുഷ്പവല്ലിയുടെ ആഗ്രഹമായിരുന്നു. എന്നാല്‍, പിതാവ് ജെമിനി ഗണേശന്റെ സഹായമേതും തന്നെ രേഖയുടെ സിനിമാ ജീവിതത്തില്‍ ലഭിച്ചിട്ടുമില്ല.

തെലുങ്ക് ചിത്രമായ ‘റങ്കുല രത്‌നം’ എന്ന സിനിമയിലൂടെ പന്ത്രണ്ടാം വയസില്‍ രേഖ അഭിനയജീവിതം ആരംഭിച്ചു. ബോളിവുഡില്‍ എത്തുമ്പോള്‍ രേഖയുടെ പ്രായം 15 വയസ്. ശിക്കാരി എന്ന് പുനര്‍നാമകരണം ചെയ്ത സിനിമയിലൂടെയാണ് തുടക്കം. അടുത്തടുത്ത സിനിമാ വിജയങ്ങളിലൂടെ രേഖയുടെ കരിയര്‍ ഗ്രാഫ് പച്ചപിടിച്ചു. കരിയറില്‍ 200ലധികം സിനിമകളില്‍ രേഖ അഭിനയിച്ചു. ആറ് വര്‍ഷക്കാലം രേഖ രാജ്യസഭാ അംഗമായി പ്രവര്‍ത്തിച്ചു. 2012 മുതല്‍ 2018 വരെയായിരുന്നു ഇത്.

രേഖയുടെ വ്യക്തിജീവിതവും അമ്മയുടേത് പോലെ വിവാദം നിറഞ്ഞതായി. മുകേഷ് അഗര്‍വാള്‍ എന്ന ബിസിനസുകാരനെ വിവാഹം ചെയ്ത രേഖയുടെ ദാമ്പത്യം ഭര്‍ത്താവിന്റെ മരണത്തോട് കൂടി അവസാനിച്ചു. രേഖ – അമിതാഭ് ബച്ചന്‍ പ്രണയവും വര്‍ഷങ്ങളായി ബോളിവുഡിന്റെ ഇഷ്ടവിഷയമാണ്. സീനിയര്‍ എന്‍.ടി.ആറിന്റെ ഒപ്പം 10 ചിത്രങ്ങളില്‍ പുഷ്പവല്ലി അഭിനയിച്ചു. മഹാനടി എന്ന സിനിമയില്‍ പുഷ്പവല്ലിക്കായി ഒരു കഥപാത്രമുണ്ടായിരുന്നു. ബിന്ദു ചന്ദ്രമൗലിയാണ് ആ വേഷം ചെയ്തത്. ഈ രംഗം വെട്ടിച്ചുരുക്കിയതിനാല്‍ സിനിമയുടെ ഭാഗമായില്ല.

Back to top button
error: