ഭര്‍ത്താവിനെ കുറിച്ചുള്ള വേദന ക്രിസ്തുവില്‍ സമര്‍പ്പിച്ച് എറിക്ക; ജീവിതത്തെ ഒറ്റയ്ക്കു നേരിടാനുറച്ച രണ്ടു കുഞ്ഞുങ്ങളുടെ അമ്മ; ചാര്‍ളി ക്രിക്കിന്റെ മരണം ആഘോഷിക്കുന്ന വിദേശികളെ കണ്ടെത്തി വിസ റദ്ദാക്കി പുറത്താക്കാന്‍ ട്രംപും

ന്യൂയോര്‍ക്ക്: കഴിഞ്ഞ ദിവസം വെടിയേറ്റ് മരിച്ച ചാര്‍ലി കിര്‍ക്കിന്റെ ഭാര്യ, വേദനകള്‍ യേശുക്രിസ്തുവില്‍ സമര്‍പ്പിച്ച് ജീവിതത്തെ ധീരതയോടെ നേരിടാന്‍ ഒരുങ്ങുകയാണ്. രണ്ട് ചെറിയ കുട്ടികളുടെ അമ്മയായ ഇവര്‍ ഇനിയുള്ള കാലം ഭര്‍ത്താവിനെ പോലെ സജീവമായി പൊതുസമൂഹത്തില്‍ തുടരാന്‍ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്. അതേ സമയം കിര്‍ക്കിന്റെ മക്കളോട് അവരുടെ അച്ഛന്‍ ഇനി തിരികെ വരില്ല എന്ന കാര്യം എങ്ങനെ പറയും എന്ന ബുദ്ധിമുട്ടിലാണ് ബന്ധുക്കള്‍.
ബുധനാഴ്ച യൂട്ടായില്‍ സംസാരിക്കുന്നതിനിടെയാണ് കിര്‍ക്ക്് കഴുത്തില്‍ വെടിയേറ്റു മരിച്ചത്. എറിക്കയാണ് കിര്‍ക്കിന്റെ ഭാര്യ. മൂന്ന് വയസ്സുള്ള ഒരു മകളും, 16 മാസം പ്രായമുള്ള ഒരു മകനുമാണ് ഈ ദമ്പതികള്‍ക്കുള്ളത്. കിര്‍ക്കിന്റെ ടേണിംഗ് പോയിന്റ് യുഎസ്എ ഓര്‍ഗനൈസേഷന്റെ പ്രധാന സാമ്പത്തിക സ്രോതസായ ജാക്ക് പോസോബിക് ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയില്‍ കിര്‍ക്കിന്റെ കുടുംബത്തെക്കുറിച്ചും അവര്‍ എങ്ങനെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നുവെന്നും വ്യക്തമാക്കി.
എറിക്ക അവിശ്വസനീയമാംവിധം ശക്തയാണ് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. എറിക്കയും ചാര്‍ലിയും ഭക്തരായ വിശ്വാസികള്‍ ആണെന്നും പ്രാര്‍ത്ഥനയിലൂടെ ജീവിതം യേശുക്രിസ്തുവില്‍ സമര്‍പ്പിച്ച് എറിക്ക മുന്നോട്ട് പോകും എന്നുമാണ് പോസോബിക്ക് വ്യക്തമാക്കിയത്. കഴിഞ്ഞ മേയിലാണ് ദമ്പതികള്‍ അവരുടെ നാലാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. 2021 ല്‍ വളരെ ലളിതമായ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. 2012 ല്‍ എറീക്ക മിസ് അരിസോണ കിരീടം നേടിയിരുന്നു.
അതിനിടെ, ചാര്‍ളിയുടെ മരണം ആഘോഷിക്കുന്ന അമേരിക്കയില്‍ താമസിക്കുന്ന വിദേശികളെ കണ്ടെത്തി വിസ റദ്ദാക്കി പുറത്താക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ട്രംപ് ഭരണകൂടം. ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തെ സോഷ്യല്‍ മീഡിയയില്‍ പിന്തുണയ്ക്കുകയോ നിസ്സാരവല്‍ക്കരിക്കുകയോ ചെയ്യുന്ന വിദേശ പൗരന്മാര്‍ക്ക് യുഎസ് അതിര്‍ത്തിക്കുള്ളില്‍ മറുപടി നല്‍കുമെന്ന് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ക്രിസ്റ്റഫര്‍ ലാന്‍ഡൗ വ്യക്തമാക്കിയിരുന്നു.
ഇത്തരക്കാര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാന്‍ കോണ്‍സുലാര്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുള്ളതായും അദ്ദേഹം സമൂഹ മാധ്യമമായ എക്‌സില്‍ വെളിപ്പെടുത്തി. അമേരിക്കന്‍ വൈസ് പ്രസിഡന്റ്് ജെ.ഡി.വാന്‍സ് കിര്‍ക്കിന്റെ കുടുംബത്തെ നേരിട്ട് കണ്ട് അനുശോചനം അറിയിക്കും. കിര്‍ക്കിനോടുള്ള ആദരസൂചകമായി ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് എല്ലാ അമേരിക്കന്‍ പതാകകളും പകുതി താഴ്ത്തിക്കെട്ടാന്‍ പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, കിര്‍ക്കിന്റെ കൊലയാളിയെ പോലീസിന് ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.






