‘കപ്പലണ്ടി വിറ്റുനടന്ന കണ്ണേട്ടന് കോടാനുകോടിയുടെ സ്വത്ത്! മൊയ്തീന് അപ്പര്‍ക്ലാസ് ഡീല്‍’; സിപിഎമ്മിനെ കുരുക്കി ‘ഡിഫി’ നേതാവിന്റെ ശബ്ദരേഖ

തൃശൂര്‍: സിപിഎം നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി ശരത് പ്രസാദ്. പിരിവ് നടത്തിയാല്‍ ഏരിയാ സെക്രട്ടറിക്ക് പതിനായിരം രൂപ കിട്ടുമെന്നും പാര്‍ട്ടി ജില്ലാ കമ്മറ്റിയില്‍ എത്തിയാല്‍ ഒരുലക്ഷം രൂപവരെയാകുമെന്നും പറയുന്ന ഓഡിയോ സന്ദേശമാണ് പുറത്തുവന്നത്. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവും സിപിഎം മണ്ണൂത്തി ഏരിയാ കമ്മിറ്റി അംഗവുമായ നിബിന് ശ്രിനിവാസനോട് പറഞ്ഞ കാര്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
‘സിപിഐമ്മിന്റെ ജില്ലാ ലീഡര്‍ഷിപ്പിലുള്ള ആര്‍ക്കും സാമ്പത്തിക പ്രശ്നങ്ങളില്ല. പാര്‍ട്ടിയില്‍ ഒരുഘട്ടം കഴിഞ്ഞാല്‍ അവരുടെ ലെവല്‍ മാറും. ഞാന്‍ എസ്എഫ്ഐ ഏരിയാ സെക്രട്ടറിയായപ്പോള്‍ പിരിവ് നടത്തിയാല്‍ മാക്സിമം അയ്യായിരം കിട്ടുമായിരുന്നു. ജില്ലാ ഭാരവാഹിയായാല്‍ അത് ഇരുപത്തി അയ്യായിരമാകും. അത് ഒരു ലക്ഷമാകും. അവരൊക്കെ അവരുവരുടെ കാര്യം നോക്കാന്‍ നല്ല മിടുക്കന്മാരാണ്. കണ്ണേട്ടന് ഒക്കെ കോടാനുകോടികളുടെ സ്വത്തുണ്ട്. തൃശൂരില്‍ കപ്പലണ്ടി കച്ചവടം നടത്തിയ ആളാണ് ഇന്നുകാണുന്ന കോടികളുടെ സ്വത്ത് ഉണ്ടാക്കിയത്’- പുറത്തുവന്ന ശബ്ദരേഖയില്‍ പറയുന്നു. മുന്‍ മന്ത്രി എസി മൊയ്തീന്റെയും വര്‍ഗീസ് കണ്ടംകുളത്തിയുടെ പേര് ശബ്ദരേഖയിലുണ്ട്. എസി മൊയ്തീന് അപ്പര്‍ ക്ലാസ് ഡീല്‍ ആണെന്നാണ് പറയുന്നത്
സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ശബ്ദരേഖയില്‍ പറയുന്നത്. കഴിഞ്ഞ ദിവസം സഹകരണസംഘങ്ങളിലെ അഴിമതിയെ കുറിച്ച് സംസാരിച്ചതിന്റെ ഭാഗമായി നിബിനെ ഏരിയാ കമ്മിറ്റിയില്‍ തരംതാഴ്ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹിയുടെ ശബ്ദരേഖ പുറത്തുവന്നത്. നിബിനും ശരത് പ്രസാദും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നത്.






