മോട്ടല്‍ മുറി വൃത്തിയാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; യുഎസില്‍ ഇന്ത്യക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി, കൊടുംക്രൂരത ഭാര്യയും മകനും നോക്കിനില്‍ക്കെ

ഡള്ളാസ്: ഇന്ത്യന്‍ വംശജനെ യു.എസില്‍ തലയറുത്ത് കൊന്നു. ഒരു മോട്ടലില്‍ വെച്ചാണ് കൊലപാതകം നടന്നത്. ഭാര്യക്കും മകനും മുന്നില്‍വെച്ചാണ് കൊലപാതകം നടന്നത്. ചന്ദ്രമൗലി നാഗമല്ലയ്യയാണ് കൊല്ലപ്പെട്ടത്. തര്‍ക്കത്തിനൊടുവിലാണ് കൊലപാതകം.
ഡൗണ്‍ടൗണ്‍ സ്യൂട്ട് എന്ന മോട്ടലില്‍ വെച്ചാണ് സംഭവം. ടെക്‌സാസിലെ ടെന്‍സണ്‍ ഗോള്‍ഫ് കോഴ്‌സില്‍നിന്നു 30 കിലോ മീറ്റര്‍ അകലെയാണ് സംഭവം നടന്ന സ്ഥലം. കൊലപാതകസ്ഥലം പൊലീസ് ടേപ്പ് ഉപയോഗിച്ച് സീല്‍ ചെയ്തിരിക്കുന്ന ദൃശ്യങ്ങള്‍ സ്‌കൈ ന്യൂസിലൂടെ പുറത്ത് വന്നിട്ടുണ്ട്. യോര്‍ദാനിസ് കോബോസ് മാര്‍ടിനെസ് എന്നയാളാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അനധികൃതമായി യു.എസിലെത്തിയതിന് ഇയാള്‍ മുമ്പും പിടിയിലായിരുന്നു.
ഫോക്‌ന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം കേസിലെ പ്രതിയും സഹപ്രവര്‍ത്തകയും ചേര്‍ന്ന് മോട്ടല്‍ റൂം വൃത്തിയാക്കുന്നതിനിടെ അവിടത്തെ കേടായ വാഷിങ് മിഷ്യന്‍ ഉപയോഗിക്കരുതെന്ന് നാഗമല്ലയ്യ അവരോട് പറഞ്ഞു.
എന്നാല്‍, തന്നോട് പറയുന്നതിന് പകരം സഹപ്രവര്‍ത്തകയോട് ഇക്കാര്യം പറഞ്ഞതില്‍ പ്രകോപിതനായ മാര്‍ട്ടിനെസ് മോട്ടലിനുള്ളിലേക്ക് പോയി കത്തിയുമായി തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് നാഗമല്ലയെ കുത്തി. രക്ഷപ്പെടാനായി പാര്‍ക്കിങ് കേന്ദ്രത്തിലേക്ക് പോയ ഇയാളെ പിന്തുടര്‍ന്ന് വീണ്ടും കുത്തിയതിന് ശേഷം തലയറുക്കുകയായിരുന്നു.
ഈ സമയം മോട്ടലിന്റെ ഓഫീസ് റൂമിലായിരുന്നു നാഗമല്ലയ്യയുടെ മകനും ഭാര്യയുമുണ്ടായിരുന്നത്. ബഹളം കേട്ടെത്തിയ അവര്‍ പ്രതിയെ തടഞ്ഞുവെങ്കിലും അവരെ തള്ളിമാറ്റി മാര്‍ട്ടിനെസ് കൊലപാതകം നടത്തുകയായിരുന്നു. തല അറുത്തെടുത്തതിന് ശേഷം ഇയാള്‍ അത് തട്ടിമാറ്റിയെന്നും ആരോപണമുണ്ട്. സംഭവത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് അനുശോചനമറിയിച്ചു.






