LIFELife Style

ബാലന്‍ മാറ്റി ജാതിവാല്‍ വെക്കാന്‍ ആവശ്യപ്പെട്ടു; മലയാളത്തില്‍ നേരിട്ടത് പറഞ്ഞ് വിദ്യ ബാലന്‍; മൂക്കിന്റെ നീളം കുറയ്ക്കാനും നിര്‍ദ്ദേശം!

ന്റെ കരിയറിന്റെ തുടക്കത്തില്‍ നേരിട്ടിരുന്ന പ്രതിസന്ധികളെക്കുറിച്ച് വിദ്യ ബാലന്‍. 2005 ല്‍ പുറത്തിറങ്ങിയ പരിനീത എന്ന ചിത്രത്തിലൂടെയാണ് വിദ്യ ബാലന്‍ ബോളിവുഡില്‍ അരങ്ങേറുന്നത്. സിനിമയും വിദ്യയുടെ പ്രകടനവും കയ്യടി നേടി. പ്രദീപ് സര്‍ക്കാര്‍ ആയിരുന്നു സിനിമയുടെ സംവിധാനം. വിധു വിനോദ് ചോപ്രയാണ് സിനിമയുടെ രചനയും നിര്‍മാണവും.

പരിനീത പുറത്തിറങ്ങും മുമ്പ് വിധു വിനോദ് ചോപ്ര തന്നോട് മൂക്കിന്റെ നീളം കുറയ്ക്കാന്‍ സര്‍ജറി ചെയ്യാന്‍ പറഞ്ഞുവെന്നാണ് വിദ്യ ബാലന്‍ ഇപ്പോള്‍ പറയുന്നത്. ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യയുടെ തുറന്നു പറച്ചില്‍.

Signature-ad

”അതെ, അദ്ദേഹം സത്യത്തില്‍ അങ്ങനെ പറഞ്ഞിട്ടുണ്ട്. നിന്റെ മൂക്കിന് നീളം കൂടുതലാണ്. ഒരു സര്‍ജറി ചെയ്യാം! ഞാന്‍ നിഷേധിച്ചു. മുഖത്ത് ഫേഷ്യല്‍ അല്ലാതൊന്നും ഞാന്‍ ചെയ്തിട്ടില്ല. ദൈവം സൃഷ്ടിച്ചത് പോലെ തന്നെ എന്റെ മുഖം വെക്കാനാണ് ഞാന്‍ എന്നും ഇഷ്ടപ്പെട്ടത്. ഒരു മലയാളം സിനിമ ചെയ്യവെ അവര്‍ എന്റെ പേരിനൊപ്പമുള്ള ബാലന്‍ ഒഴിവാക്കാന്‍ പറഞ്ഞു. പകരം എന്റെ സമുദായത്തിന്റെ പേര് വെക്കാനാണ് പറഞ്ഞത്. മഞ്ജു വാര്യര്‍, സംയുക്ത വര്‍മ എന്നൊക്കെപ്പോലെ. അങ്ങനെ വിദ്യ അയ്യര്‍ ആക്കി. ഞാന്‍ പൊട്ടിക്കരഞ്ഞു. പക്ഷെ നീയെന്നും വിദ്യ ബാലന്‍ ആയിരിക്കുമെന്ന് അച്ഛനും അമ്മയും പറഞ്ഞു. എന്തായാലും ആ സിനിമ നടന്നില്ല” വിദ്യ ബാലന്‍ പറയുന്നു.

”അപ്പോഴാണ് എന്തെങ്കിലും ശരിയല്ലെന്ന് തോന്നിയാല്‍ അത് ശരിയാകില്ലെന്ന് ഞാന്‍ മനസിലാക്കുന്നത്. പരിനീത നടക്കുമ്പോള്‍ ആരും നോസ് ജോബിന്റെ കാര്യവുമായി വീണ്ടും വരരുതെന്ന് ഞാന്‍ പ്രദീപ് സര്‍ക്കാരിനോട് പറഞ്ഞു. അദ്ദേഹം അത് ഉറപ്പു വരുത്തുകയും ചെയ്തു. അദ്ദേഹം യഥാര്‍ത്ഥ കലാകാരനായിരുന്നു. ഈ സിനിമ ചെയ്യുന്നുണ്ടെങ്കില്‍, വിദ്യ അഭിനയിക്കുന്നുണ്ടെങ്കില്‍ സിനിമ വര്‍ക്കാകുമെന്ന് അദ്ദേഹം പറഞ്ഞു” എന്നും താരം പറയുന്നു.

”അങ്ങനൊരു അരങ്ങേറ്റം ഭാഗ്യമാണ്. വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് അത് ലഭിക്കുക. മനസില്‍ വരുന്ന മറ്റൊരു പേര് ഹൃത്വിക് റോഷന്റേത് മാത്രമാണ്. ഒരു രാത്രി കൊണ്ട് ഞാന്‍ താരമായി. ഫിലിം ഫെയറില്‍ മികച്ച പുതുമുഖത്തിനുള്ള അവാര്‍ഡ് ലഭിച്ചു. പരിപാടികളിലേക്ക് ക്ഷണിക്കപ്പെട്ടു. വലിയ സംവിധായകര്‍ എന്നെ തേടിയെത്തി” എന്നും വിദ്യ പറയുന്നു. എന്നാല്‍ അപ്പോഴും തന്നെ ആളുകള്‍ മുന്‍വിധിയോടെ കണ്ടിരുന്നുവെന്നും വിദ്യ ഓര്‍ക്കുന്നു.

”ഫോട്ടോഷൂട്ടുകളില്‍ പുതുതായി എന്തെങ്കിലും ചെയ്യാമെന്ന് പറയും. അതിന് നിങ്ങള്‍ എന്നെ ശരിക്കും കണ്ടിട്ടുണ്ടോ എന്ന് ഞാന്‍ ചോദിക്കും. നിന്നെ കൂടുതല്‍ ചെറുപ്പവും സെക്സിയുമായി അവതരിപ്പിക്കണമെന്നാകും മറുപടി. ഞാന്‍ പരീക്ഷണങ്ങള്‍ക്ക് തയ്യാറാണ്. പക്ഷെ കുറച്ച് കഴിഞ്ഞപ്പോള്‍ മടുപ്പായി. ഞാന്‍ ഒരു പെണ്‍കുട്ടിയല്ല. 26 വയസുള്ളൊരു സ്ത്രീയാണ്. അത് എന്നെ ദേഷ്യം പിടിപ്പിച്ചു. പ്രത്യേകിച്ചും ഷൂട്ടിനിടെ. ചെറുപ്പമായി അഭിനയിക്കുന്നതില്‍ ഞാന്‍ സമ്മര്‍ദ്ദം നേരിട്ടു” എന്നും വിദ്യ പറയുന്നു.

 

Back to top button
error: