Breaking NewsIndiaLead NewsNEWSWorld

ഇന്ത്യ അഫ്​ഗാൻ ജനതയോടൊപ്പം!! ഈ ആക്രമണത്തെ സൈനിക നടപടി എന്ന പേരിൽ മറയ്ക്കാനുള്ള ശ്രമമാണ് പാക്കിസ്ഥാൻ നടത്തുന്നത്, ആശുപത്രികളെയും രോഗികളെയും ലക്ഷ്യമാക്കുന്നത് യാതൊരു മതവും നിയമവും ന്യായീകരിക്കില്ല, പാക്കിസ്ഥാനെതിരെ കടുത്ത വിമർശനം ഉയർത്തി ഇന്ത്യ

ന്യൂഡൽഹി: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ആശുപത്രിയെ ലക്ഷ്യമിട്ട് നടന്ന പാക് വ്യോമാക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ഈ ആക്രമണം ക്രൂരവും ഭീരുത്വപരവുമായ പ്രവർത്തിയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. താലിബാൻ ഭരണകൂടം പാക്കിസ്ഥാനെതിരെ ഉന്നയിച്ച ആരോപണത്തിൽ, മാനസികാരോ​ഗ്യ കേന്ദ്രമായ ഒമീദ് ആശുപത്രിയിൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 400 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അതേസമയം, പാക്കിസ്ഥാൻ ഈ ആരോപണം നിഷേധിച്ചു. തങ്ങളുടെ ആക്രമണം കൃത്യമായ ലക്ഷ്യങ്ങളിലേക്കാണ് നടത്തിയതെന്നും സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയിട്ടില്ലെന്നും ഇസ്ലാമാബാദ് വ്യക്തമാക്കി.

ഒമീദ് അഡിക്ഷൻ ട്രീറ്റ്മെന്റ് ആശുപത്രിയിലുണ്ടായ ആക്രമണത്തെക്കുറിച്ച് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രസ്താവന പുറപ്പെടുവിച്ചു. “ഇത് ഒരു ഭീരുത്വപരവും മനുഷ്യത്വരഹിതവുമായ ആക്രമണമാണ്. സൈനിക ലക്ഷ്യമായി ഒരിക്കലും കണക്കാക്കാനാവാത്ത ഒരു ആരോഗ്യകേന്ദ്രത്തിൽ നിരവധി നിരപരാധികളാണ് കൊല്ലപ്പെട്ടത്,” പ്രസ്താവനയിൽ പറയുന്നു.

Signature-ad

ഈ ആക്രമണത്തെ സൈനിക നടപടി എന്ന പേരിൽ മറയ്ക്കാനുള്ള ശ്രമമാണ് പാക്കിസ്ഥാൻ നടത്തുന്നതെന്നും ഇന്ത്യ കുറ്റപ്പെടുത്തി. അഫ്ഗാനിസ്ഥാന്റെ സ്വാധീനത്തിനും പ്രദേശിക സമാധാനത്തിനും നേരെയുള്ള തുറന്ന ആക്രമണമാണിതെന്നും കേന്ദ്രം വ്യക്തമാക്കി.

പരിശുദ്ധ റമദാൻ മാസത്തിനിടെ നടന്ന ഈ ആക്രമണം അതീവ അപലപനീയമാണെന്നും “ആശുപത്രികളെയും രോഗികളെയും ലക്ഷ്യമാക്കുന്നത് യാതൊരു മതവും നിയമവും ന്യായീകരിക്കില്ല” എന്നും ഇന്ത്യ കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര സമൂഹം ഈ ക്രിമിനൽ നടപടി നടത്തിയവർക്കെതിരെ പ്രതികരിക്കണമെന്നും അഫ്ഗാനിസ്ഥാനിലെ സാധാരണ ജനങ്ങളെ ലക്ഷ്യമാക്കുന്ന ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇതോടൊപ്പം, ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കു അനുശോചനം രേഖപ്പെടുത്തിയ ഇന്ത്യ, പരുക്കേറ്റവർക്ക് വേഗത്തിലുള്ള സുഖം ആശംസിക്കുകയും അഫ്ഗാൻ ജനതയോടൊപ്പം നിൽക്കുന്നതായി ഉറപ്പുനൽകുകയും ചെയ്തു.

അഫ്ഗാനിസ്ഥാന്റെ ആരോപണം

അഫ്ഗാൻ ഉപപ്രവക്താവ് ഹംദുള്ള ഫിത്രത് അറിയിച്ചു: തിങ്കളാഴ്ച രാത്രി 9 മണിയോടെ കാബൂളിലെ ആശുപത്രിയിലാണ് വ്യോമാക്രമണം നടന്നത്. 2,000 കിടക്കകളുള്ള ആശുപത്രിയുടെ വലിയ ഭാഗം തകർന്നുവെന്നും മരണസംഖ്യ 400 ആയി ഉയർന്നതായും ഏകദേശം 250 പേർക്ക് പരുക്കേറ്റതായും അദ്ദേഹം പറഞ്ഞു.സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്നും അഗ്നിശമനസേന തീ നിയന്ത്രിക്കാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുണ്ട്.

അതേസമയം ആരോപണങ്ങളെ പാക്കിസ്ഥാൻ നിഷേധിച്ചു. തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ ആരോപണം. തങ്ങളുടെ ആക്രമണങ്ങൾ കൃത്യമായ ലക്ഷ്യങ്ങളിലേക്കാണ് നടത്തിയതെന്നും യാതൊരു കൊളാറ്ററൽ ഡാമേജും ഉണ്ടായിട്ടില്ലെന്നും അവർ വ്യക്തമാക്കി. ഇതിനിടെയും അതിർത്തിപ്രദേശങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം തുടരുകയാണ്. മൂന്ന് ആഴ്ചയായി തുടരുന്ന ഏറ്റുമുട്ടലുകളിൽ ഇതിനകം നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: