ഇസ്രയേൽ ലക്ഷ്യമിട്ടത് ഖമനേയിയുടെ വലംകൈയുമായിരുന്ന അലി ലാരിജാനിയെ, ഇറാൻ ഉന്നത കമാൻഡർ ഗുലാംറേസ സുലൈമാനിയും കൊല്ലപ്പെട്ടു, വകവരുത്തിയത് ബാസിജിന്റെ ആസ്ഥാനങ്ങൾ തകർക്കാൻ പുതുതായി നിർമ്മിച്ച താൽക്കാലിക ക്യാമ്പിൽ വെച്ച്- ഐഡിഎഫ്, സ്ഥിരീകരിക്കാതെ ഇറാൻ

ടെഹ്റാൻ: ഇറാനിലെ ഉന്നത സൈനിക- ഭരണ നേതൃത്വങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിയൻ അർദ്ധസൈനിക വിഭാഗമായ ബാസിജിന്റെ കമാൻഡർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇറാനിലെ ബാസിജ് അർദ്ധസൈനിക വിഭാഗത്തിന്റെ തലവൻ ഗുലാംറേസ സുലൈമാനിയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ബാസിജിന്റെ ആസ്ഥാനങ്ങൾ തകർത്തതിനെത്തുടർന്ന് പുതുതായി നിർമ്മിച്ച താൽക്കാലിക ക്യാമ്പിൽ വെച്ചാണ് സുലൈമാനിയെ ഇസ്രയേൽ വകവരുത്തിയതെന്നാണ് ഐഡിഎഫിന്റെ വെളിപ്പെടുത്തൽ. ബാസിജിന്റെ ഡെപ്യൂട്ടി കമാൻഡറും മറ്റ് നിരവധി ഉന്നത ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ഐഡിഎഫ് അവകാശപ്പെടുന്നു.
അതേസമയം ഇറാനിലെ ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ പങ്ക് വഹിച്ചിരുന്ന വിഭാഗമാണ് ബാസിജ്. അതേസമയം ഇക്കാര്യത്തിൽ ഇറാന്റെ സ്ഥിരീകരണം ലഭ്യമായിട്ടില്ല. ഇറാനിയൻ ഭരണകൂടത്തിലെ അതിശക്തനായ നേതാവും അന്തരിച്ച പരമോന്നത നേതാവ് അലി ഖമനേയിയുടെ വലംകൈയുമായിരുന്ന അലി ലാരിജാനിയെ ലക്ഷ്യമിട്ടാണ് ടെഹ്‌റാനിൽ രണ്ടാമത്തെ ആക്രമണം നടന്നത്. എന്നാൽ ആക്രമണത്തിൽ ലാരിജാനി കൊല്ലപ്പെട്ടോ, അതോ പരുക്കേറ്റോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ഇറാനിയൻ നേതാക്കൾക്ക് പുറമെ, പലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് നേതാവ് അക്രം അൽ- അജൗറിയെയും സംഘത്തെയും ഇസ്രയേൽ ലക്ഷ്യം വെച്ചതായും റിപ്പോർട്ട്. ബുധനാഴ്ച നടന്ന ആക്രമണത്തിൽ അൽ-അജൗറി കൊല്ലപ്പെട്ടതായി സൈന്യം വിശ്വസിക്കുന്നുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഗാസയിൽ നിന്നും വെസ്റ്റ് ബാങ്കിൽ നിന്നും ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഇവർ ടെഹ്‌റാനിലെ ഒരു സുരക്ഷിത കേന്ദ്രത്തിൽ ഒളിച്ചു കഴിയുമ്പോഴാണ് ആക്രമണം ഉണ്ടായത്.
ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറൽ ഇയാൽ സമീർ ഈ സൈനിക വിജയങ്ങളെ ശരിവെച്ചു. രാത്രിയിൽ നടന്ന ഓപ്പറേഷനുകൾ വഴി ശത്രുപക്ഷത്തെ നിർണ്ണായക നേതാക്കളെ വകവരുത്താൻ സാധിച്ചുവെന്നും, ഇത് വരാനിരിക്കുന്ന സൈനിക നീക്കങ്ങളിൽ വലിയ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനുമായി ബന്ധപ്പെട്ട വിദേശ ശക്തികളെ ഇറാന്റെ മണ്ണിൽ തന്നെ നേരിടുന്നത് സൈന്യത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.






