Breaking NewsCrimeLead NewsNEWS

ചികിത്സയ്ക്കെത്തിയ രോഗിയുമായി പ്രണയവിവാഹം; പിന്നാലെ ഗാര്‍ഹിക പീഡനം; സൈക്കോളജിസ്റ്റ് ജീവനൊടുക്കി

ഹൈദരാബാദ്: ചികിത്സയ്ക്കെത്തിയ യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ച 33 കാരി മാനസിക പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കി. ഹൈദരാബാദിലെ ബെഞ്ചാര ഹില്‍സിലാണ് സംഭവം നടന്നത്. ബെഞ്ചാര ഹില്‍സിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്തിരുന്ന ഡോ. രഞ്ജിതയാണ് മരിച്ചത്. സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ രോഹിത്ത് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയിരുന്നു. രഞ്ജിതയുടെ ചികിത്സയില്‍ രോഹിതിന് നല്ല മാറ്റവും ഉണ്ടായി. പിന്നാലെ രോഹിതും രഞ്ജിതയും പ്രണത്തിലായി.

ഇരുവരുടെയും കുടുംബാംഗങ്ങളുടെ സമ്മതത്തോടെ ഇവര്‍ വിവാഹിതരായി. പക്ഷേ വിവാഹം കഴിഞ്ഞതിന് പിന്നാലെ രഞ്ജിത ജോലിക്ക് പോകുന്നത് രോഹിത്ത് വിലക്കി. കിട്ടുന്ന ശമ്പളത്തിന് രഞ്ജിത ധൂര്‍ത്തടിക്കുകയാണെന്നായിരുന്നു കുറ്റപ്പെടുത്തല്‍. തുടര്‍ന്ന് ഹൈദരാബാദിലെ തന്നെ പ്രശസ്തമായ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ചൈല്‍ഡ് സൈക്കോളജിസ്റ്റായി രഞ്ജിത ജോലിയില്‍ പ്രവേശിച്ചു. ഇതും രോഹിത്തിന് ഇഷ്ടമായിരുന്നില്ല. ഇതോടെ ഇയാള്‍ ഭാര്യയെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങിയെന്ന് രഞ്ജിതയുടെ മാതാപിതാക്കള്‍ പറയുന്നു.

Signature-ad

രോഹിത്തും കുടുംബംവും യുവതിയോട് പണം ആവശ്യപ്പെടുകയും കൊടുക്കാതിരുന്നാല്‍ മര്‍ദിക്കുകയും ചെയ്തിരുന്നതായാണ് ആരോപണം. രോഹിത്തിന്റെ മാതാപിതാക്കളും സഹോദരനും ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ രഞ്ജിത കടുത്ത മാനസിക പ്രയാസത്തിലായി. ജൂലായ് 16നാണ് അമിത അളവില്‍ ഉറക്ക ഗുളിക കഴിച്ച രഞ്ജിത ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൃത്യസമയത്ത് ചികിത്സ ലഭിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു.

സ്വന്തം മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങിയെത്തിയ രഞ്ജിത ജൂലായ് 28ന് നാലുനിലക്കെട്ടിടത്തിലെ ബാത്ത്‌റൂം ജനാലയിലൂടെ ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രഞ്ജിതയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. യുവതിയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണയ്ക്ക് രോഹിത്തിനും കുടുംബത്തിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

 

 

Back to top button
error: