Breaking NewsLead NewsNEWSWorld

മൈ ന്യൂഫ്രെണ്ടോ !!! രണ്ട് മാസത്തിനിടെ രണ്ടാം സന്ദര്‍ശനം; പാകിസ്ഥാന്‍ സൈനിക മേധാവി അമേരിക്കയിലേക്ക്

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ വീണ്ടും അമേരിക്കയിലേക്ക്. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ – പാകിസ്ഥാന്‍ ബന്ധം മോശമായ പശ്ചാത്തലത്തിലാണ് മുനീര്‍ അമേരിക്കയില്‍ എത്തുന്നത്.

രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അസിം മുനീര്‍ അമേരിക്ക സന്ദര്‍ശനം നടത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിന്റെ സൂചനയാണ് സന്ദര്‍ശനമെന്നാണ് വിലയിരുത്തല്‍. യുഎസിലെത്തുന്ന പാക് കരസേനാ മേധാവി യുണൈറ്റഡ് സ്റ്റേറ്റ്സ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ ജനറല്‍ മൈക്കല്‍ കുരില്ലയുടെ കമാന്‍ഡ് യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുക്കും. ഈ ആഴ്ച അവസാനമാണ് ചടങ്ങ് നടക്കുക. ഭീകരതയെ നേരിടുന്നതില്‍ ‘അതിശയകരമായ പങ്കാളി’ എന്ന് പാകിസ്ഥാനെ മുന്‍പ് ജനറല്‍ മൈക്കല്‍ കുരില്ല മുന്‍പ് വിശേഷിപ്പിച്ചിരുന്നു.

Signature-ad

രണ്ടുമാസം മുന്‍പ് അമേരിക്ക നല്‍കിയ വിവരങ്ങള്‍ ഉപയോഗിച്ച് അഞ്ച് ഐസിസ് ഖൊറാസന്‍ ഭീകരരെ പാകിസ്ഥാന്‍ പിടികൂടിയിരുന്നു. ‘ഭീകരവിരുദ്ധ ലോകത്ത് പാകിസ്ഥാന്‍ അസാധാരണ പങ്കാളിയാണ്. അതുകൊണ്ട് നമുക്ക് പാകിസ്ഥാനുമായും ഇന്ത്യയുമായും ബന്ധം ഉണ്ടായിരിക്കണം’ എന്നാണ് അന്ന് കുരില്ല പറഞ്ഞത്.

പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ലോകത്ത് ഭീകരത വളര്‍ത്തുന്നതില്‍ പാകിസ്താന്റെ പങ്ക് തുറന്നുകാട്ടാനായി ഇന്ത്യ ലോകരാജ്യങ്ങളിലേക്ക് പ്രതിനിധികളെ അയച്ച സമയത്തായിരുന്നു കുറില്ലയുടെ പാകിസ്ഥാന്‍ അനുകൂല പ്രസ്താവന. ജൂലൈയില്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ച മൈക്കിള്‍ കുറില്ലയ്ക്ക് പാക് പരമോന്നത സിവിലിയന്‍ അവാര്‍ഡായ നിഷാന്‍-ഇ-ഇംതിയാസ് നല്‍കി ആദരിച്ചിരുന്നു.

 

Back to top button
error: