Breaking NewsKeralaLead NewsNEWS

ഞങ്ങളുടെ കൈയില്‍ കൊന്തയും ബൈബിളും; ദൈവിക നാമം ആക്രോശിച്ച് അപരനെ കൊല്ലാന്‍ തുനിഞ്ഞിറങ്ങാറില്ല; കണ്ണുരുട്ടി കാണിച്ച് പേടിപ്പിച്ചാല്‍ അടിയറവ് വെക്കുന്ന വിശ്വാസവുമല്ല..! ബജ്റംഗ്ദളിന് തുറന്നകത്തുമായി മലയാളി കന്യാസ്ത്രീ

കൊച്ചി: ബജ്റംഗ്ദളിന്റെ പരാതിയെ തുടര്‍ന്ന് ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കത്തോലിക്ക കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത സംഭവത്തില്‍ പ്രതിഷേധം ഇരമ്പുകയാണ്. വിവിധ കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വന്ദന ഫ്രാന്‍സിസ്, പ്രീതി മേരി എന്നിവരെയാണ് ഛത്തിസ്ഗഢില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ പശ്ചാത്തലത്തില്‍ തുറന്ന കത്തുമായി ഒരു കന്യാസ്ത്രീ രംഗത്തുവന്നു.

തങ്ങള്‍ ഇതര മതവിദ്വേഷ പ്രചാരകരോ, വിഭാഗീയതയുടെ വക്താക്കളോ അല്ലെന്നും ഐക്യത്തിലേക്കും ജീവിതങ്ങളിലേക്കും പാലങ്ങള്‍ പണിയുന്നവരാണെന്നും ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സിസ്റ്റര്‍ സോണിയ തെരേസ് ഡി.എസ്.ജെ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കി. ഞങ്ങളുടെ ‘കയ്യിലുള്ളത് മാരകായുധങ്ങള്‍ അല്ല, കൊന്തയും ബൈബിളുമാണ്. വിശ്വാസത്തിന്റെ ഭാഗമായ ദൈവിക നാമം ആക്രോശമാക്കി അപരനെ ആക്രമിക്കാനും കൊല്ലാനുമായി ഞങ്ങള്‍ ഒരിയ്ക്കലും തുനിഞ്ഞിറങ്ങാറില്ല. ഞങ്ങളുടെ ദൈവമായ യേശുക്രിസ്തു പഠിപ്പിച്ച, അല്ലെങ്കില്‍ പകര്‍ന്നു തന്ന ദൈവീക വചനങ്ങള്‍ ക്ലേശങ്ങളിലും കഷ്ടതകളിലും ശക്തരായി തീരാന്‍ മനസ്സില്‍ മന്ത്രിക്കുക മാത്രമാണ് പതിവ്’ -അവര്‍ വ്യക്തമാക്കി.

Signature-ad

കുറിപ്പിന്റെ പൂര്‍ണരൂപം:

ഞങ്ങള്‍ ക്രൈസ്തവ സന്യസ്തര്‍ എങ്ങനെ നിങ്ങളുടെ ശത്രുക്കളും പേടിസ്വപ്നങ്ങളുമായി മാറി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ…

നൂറ്റാണ്ടിലേറെയായി ക്രൈസ്തവ സന്യസ്തര്‍ ഇന്ത്യന്‍മഹാരാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലുമായുണ്ട്. തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്ന ഇതര മതവിദ്വേഷ പ്രചാരകരോ, വിഭാഗീയതയുടെ വക്താക്കളോ അല്ല ഞങ്ങള്‍, മറിച്ച് ഐക്യത്തിലേക്കും ജീവിതങ്ങളിലേക്കും പാലങ്ങള്‍ പണിയുന്നവരാണ്. കയ്യിലുള്ളത് മാരകായുധങ്ങള്‍ അല്ല, കൊന്തയും ബൈബിളുമാണ്. വിശ്വാസത്തിന്റെ ഭാഗമായ ദൈവിക നാമം ആക്രോശമാക്കി അപരനെ ആക്രമിക്കാനും കൊല്ലാനുമായി ഞങ്ങള്‍ ഒരിയ്ക്കലും തുനിഞ്ഞിറങ്ങാറില്ല. ഞങ്ങളുടെ ദൈവമായ യേശുക്രിസ്തു പഠിപ്പിച്ച, അല്ലെങ്കില്‍ പകര്‍ന്നു തന്ന ദൈവീക വചനങ്ങള്‍ ക്ലേശങ്ങളിലും കഷ്ടതകളിലും ശക്തരായി തീരാന്‍ മനസ്സില്‍ മന്ത്രിക്കുക മാത്രമാണ് പതിവ്.

വിശക്കുന്നവര്‍ക്ക് ഭക്ഷണം കൊടുക്കുന്നതും, ദാഹിക്കുന്നവര്‍ക്ക് കുടിക്കാന്‍ കൊടുക്കുന്നതും, വസ്ത്രമില്ലാത്തവര്‍ക്ക് വസ്ത്രം കൊടുക്കുന്നതും, പാര്‍പ്പിടം ഇല്ലാത്തവര്‍ക്ക് പാര്‍പ്പിടം കൊടുക്കുക്കുന്നതും, രോഗികളെയും തടവുകാരെയും സന്ദര്‍ശിക്കുന്നതും, അവശരെ സഹായിക്കുന്നതും, മരിച്ചവരെ അടക്കുന്നതും തെറ്റായി ഞങ്ങള്‍ക്ക് തോന്നുന്നില്ല.

ഇന്ത്യാ ഗവണ്‍മെന്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയില്‍ ഏകദേശം 28 ദശലക്ഷം അല്ലെങ്കില്‍ മൊത്തം ജനസംഖ്യയുടെ 2.3% മാത്രം ക്രിസ്ത്യനികളാണുള്ളത്. അതായത് 143.81 കോടി ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഈ മഹാരാജ്യത്ത് 28 ദശലക്ഷം വരുന്ന ക്രിസ്ത്യാനികളില്‍ ഏകദേശം ഒരു ലക്ഷത്തിന് അടുത്ത് വരുന്ന ക്രൈസ്തവ സന്യസ്തരെ കണ്ട് നിങ്ങള്‍ എന്തിന് ഇങ്ങനെ പരിഭ്രാന്തരാകുന്നു? ഞങ്ങളുടെ ലക്ഷ്യം ജനങ്ങളെ മതം മാറ്റാനായിരുന്നെങ്കില്‍ ഇന്ന് ഇന്ത്യയുടെ ഭൂരിപക്ഷമായി മാറുമായിരുന്നു ക്രൈസ്തവര്‍ എന്ന സത്യം നിങ്ങള്‍ക്ക് മനസ്സിലാകാഞ്ഞിട്ടാണോ! ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും യഥാര്‍ത്ഥ സ്വാതന്ത്ര്യം അനുഭവിക്കാനോ, ആസ്വദിക്കുവാന്‍ കഴിയാത്ത അനേകായിരങ്ങള്‍ക്ക് ഞങ്ങള്‍ നല്‍കുന്ന സ്വാന്തനങ്ങളും അക്ഷര വെളിച്ചവും നിങ്ങളില്‍ ആശങ്ക പരത്തുന്നതിനാല്‍ ആണോ ഞങ്ങളുടെ വസ്ത്രം നിങ്ങളെ ഭയപ്പെടുത്തുന്നത്..? അതോ ഇത്രയും നാള്‍ അടിമത്വത്തിന്റെ നുകം ചുമലില്‍ പേറിയവര്‍ക്ക്, മുഖമില്ലാത്തവരുടെ മുഖമായും ശബ്ദമില്ലാത്തവരുടെ ശബ്ദമായും (Face of the faceless and Sound of the soundless) ഞങ്ങള്‍ മാറുന്നത് നിങ്ങള്‍ക്ക് അരോചകമായി മാറുന്നുണ്ടോ?

ഞങ്ങളുടെ വിശ്വാസത്തിന്റെയും വസ്ത്രധാരണത്തിന്റെയും സത്പ്രവര്‍ത്തികളുടെയും പേരില്‍ ശത്രുക്കളെപ്പോലെ പെരുമാറാന്‍ ഞങ്ങള്‍ ആരും ശത്രുരാജ്യങ്ങളില്‍ നിന്ന് അന്യായമായി വലിഞ്ഞു കയറിവന്ന തീവ്രവാദികളല്ല, ഞങ്ങളുടെ ഓരോരുത്തരുടെയും മാതാപിതാക്കളും അവര്‍ക്ക് മുമ്പുള്ള പൂര്‍വ്വപിതാക്കളും നൂറ്റാണ്ടുകളായി ഇന്ത്യാ രാജ്യത്തിന്റെ മക്കള്‍ തന്നെയാണ്. അതായത് വിശ്വാസം കൊണ്ട് വ്യത്യസ്തരാണെങ്കിലും ഞങ്ങളും ഈ രാജ്യത്തെ പൗരന്‍മാര്‍ തന്നെയാണ്.

ഇന്ത്യ എന്ന നമ്മുടെ മഹാരാജ്യത്തിന്റെ ഭരണഘടനയുടെ ഇരുപത്തിയഞ്ചാം ആര്‍ട്ടിക്കിള്‍ (Article 25) പൗരന്മാര്‍ക്ക് അവരുടെ മനഃസാക്ഷിയുടെ സ്വാതന്ത്ര്യമനുസരിച്ച്, ഇഷ്ടമുള്ള മതം സ്വീകരിക്കാനും, ആചരിക്കാനും, പ്രചരിപ്പിക്കാനും ഉള്ള അവകാശം ഉറപ്പ് നല്‍കുന്നുണ്ട്. ആ അവകാശത്തിന്റെ മേല്‍ കൈകള്‍ വയ്ക്കാന്‍ നിങ്ങള്‍ക്കാര്‍ക്കും യാതൊരവകാശവും ഇല്ല. അതുപോലെ തന്നെ ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ എന്ത് ധരിക്കണം എവിടെ താമസിക്കണം, എന്ത് ജോലി ചെയ്യണം എന്ന് ഒക്കെ തീരുമാനിക്കുന്നത് ഭരണഘടന അനുസരിച്ച് അവനവന്‍ തന്നെ ആണ്, അല്ലാതെ ഇന്നലെ മുളച്ചുപൊങ്ങിയ തീവ്രവാദ സംഘടനകളല്ല. വിശ്വാസ സ്വാതന്ത്ര്യവും, സഞ്ചാര സ്വാതന്ത്ര്യവും, പ്രവര്‍ത്തന സ്വാതന്ത്ര്യവും ഞങ്ങളുടെ അവകാശമാണ്, അത് ആരുടേയും ഔദാര്യമല്ല.

ഇനിയും എന്തെങ്കിലും സംശയം തോന്നുന്നുണ്ടെങ്കില്‍ ഇന്ത്യന്‍ ഭരണഘടനയുടെ പേജുകള്‍ ഒന്ന് പിന്നോട്ട് മറിച്ച് നോക്കിയാല്‍ 19-ാം ആര്‍ട്ടിക്കിള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളെ കുറിച്ച് കോറിയിട്ടിരിക്കുന്ന തങ്കലിപികള്‍ കണ്ണുനിറയെ ഒന്ന് കാണുന്നതും മനഃപാഠമാക്കുന്നതും നല്ലതാണ്. കഴിഞ്ഞ ചില വര്‍ഷങ്ങള്‍ക്കിടയില്‍ ക്രൈസ്തവ സന്യസ്തര്‍ക്ക് എതിരെ നടന്ന നിരവധി അക്രമണങ്ങളില്‍ ഒന്നാണ് ഛത്തീസ്ഗഢില്‍ കഴിഞ്ഞ വെള്ളിയാഴ്ച മലയാളികളായ രണ്ട് സന്യസ്തരെ മനുഷ്യക്കടത്തും മതംമാറ്റവും ആരോപിച്ച്, ബജരംഗദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞു വയ്ക്കുകയും പോലീസ് അറസ്റ്റ് ചെയ്ത്, കസ്റ്റഡിയില്‍ വച്ചിരിക്കുന്നതും. റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞുവച്ചോ, പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍വച്ചോ, കണ്ണുരുട്ടി കാണിച്ച് പേടിപ്പിച്ചാല്‍ അടിയറവ് വെക്കുന്ന വിശ്വാസമല്ല ഞങ്ങളുടേത്..! നെഞ്ചിന്റെ നെരിപ്പോടില്‍ പന്തം കണക്കെ ആളിക്കത്തുന്ന വിശ്വാസമാണത്… തകര്‍ക്കാനാവില്ലൊരിക്കലും ഞങ്ങളില്‍ ജീവനുള്ളിടത്തോളം കാലം…

ഞങ്ങള്‍ ധരിക്കുന്ന ഈ സന്യാസ വസ്ത്രം ദൈവത്തോടുള്ള ഞങ്ങളുടെ ജീവിത സമര്‍പ്പണത്തിന്റെ അടയാളമാണ്. അത് പിച്ചി ചീന്തുവാന്‍ നിങ്ങള്‍ എന്തിന് പരിശ്രമിക്കുന്നു.? സ്വപ്നത്തില്‍ പോലും സങ്കല്പിക്കാന്‍ കഴിയാത്ത ആരോപണങ്ങള്‍ ഞങ്ങള്‍ക്കുമേല്‍ നിങ്ങള്‍ ആരോപിച്ചാലും ക്രൂരതയുടെ സംഹാരതാണ്ഡവം തുറന്നുവിട്ടാലും

നിങ്ങള്‍ ഉള്‍പ്പെടെയുള്ള അനേകായിരങ്ങളുടെ മുറിവുകളില്‍ മരുന്ന് പുരട്ടിയും കുരുന്നുകള്‍ക്ക് വിദ്യ പകര്‍ന്നു നല്‍കിയും അനാഥര്‍ക്ക് അമ്മയും സഹോദരിയും മകളും കൂട്ടുകാരിയും ഒക്കെയായി ഇനിയും ഞങ്ങള്‍ നിങ്ങളുടെ ഇടയില്‍ തന്നെയുണ്ടാവും…

സ്നേഹപൂര്‍വ്വം,

സി. സോണിയ തെരേസ് ഡി. എസ്. ജെ.

Back to top button
error: