Breaking NewsCrimeLead NewsNEWS

പള്ളിപ്പുറത്ത് വീട്ടുവളപ്പില്‍ കത്തിച്ചനിലയില്‍ മൃതദേഹ അവശിഷ്ടങ്ങള്‍; ഏറ്റുമാനൂരില്‍നിന്ന് കാണാതായ വീട്ടമ്മയുടേത് എന്ന് സംശയം; ജയ്‌നമ്മയെ കാണാതായത് ഡിസംബറില്‍

ആലപ്പുഴ: പള്ളിപ്പുറത്ത് കണ്ടെത്തിയ ശരീരം അവശിഷ്ടങ്ങള്‍ ഏറ്റുമാനൂരില്‍ നിന്ന് കാണാതായ ജയ്‌നമ്മയുടേതെന്ന സംശയത്തില്‍ പൊലീസ്. കുഴിച്ചെടുത്ത അസ്ഥികള്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഡിഎന്‍എ പരിശോധനയടക്കം വിശദമായ അന്വേഷണത്തിലൂടെ മൃതദേഹം ആരുടേതെന്ന് കണ്ടെത്താനാണ് ശ്രമം. ഇതിന്റെ ഭാഗമായി ജയ്‌നമ്മയുടെ സഹോദരന്‍ സാവിയോ, സഹോദരി ആന്‍സി എന്നിവരുടെ ഡിഎന്‍എ സാംപിളുകള്‍ ശേഖരിക്കും.

പള്ളിപ്പുറത്ത് ആള്‍താമസമില്ലാത്ത വീടിന് സമീപത്ത് നിന്നാണ് ഇന്നലെ ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഏറ്റവും ഒടുവില്‍ ജൈനമ്മയുടെ ഫോണ്‍ ഓണായത് ചേര്‍ത്തല പള്ളിപ്പുറത്താണ്. ജൈനമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിലാണ് ഇവിടെ പരിശോധന നടത്തിയത്. സെബാസ്റ്റ്യന്‍ എന്ന ആളുടേതാണ് ഈ സ്ഥലം. ഇവിടെ കുഴിച്ച് പരിശോധന നടത്തിയപ്പോഴാണ് ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ചേര്‍ത്തലയിലെ ബിന്ദു പത്മനാഭന്‍ തിരോധനക്കേസില്‍ ആരോപണ വിധേയനാണ് സെബാസ്റ്റ്യന്‍.

Signature-ad

ഡിസംബര്‍ 23 നാണ് ജയ്‌നമ്മയെ കാണാതായത്. കോട്ടമുറി കാക്കനാട്ട്കാലായില്‍ ഭര്‍ത്താവ് അപ്പച്ചനൊപ്പമാണ് ജയ്‌നമ്മ താമസിച്ചിരുന്നത്. ഇവര്‍ രണ്ട് പേര്‍ മാത്രമായിരുന്നു ഈ വീട്ടില്‍ താമസിച്ചിരുന്നത്. ജയ്‌നമ്മ സ്ഥിരമായി ധ്യാനകേന്ദ്രങ്ങളില്‍ പോകുന്നതിനാല്‍ കാണാതായ ആദ്യ ദിവസങ്ങളില്‍ ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ നാല് ദിവസം കഴിഞ്ഞിട്ടും തിരികെ വരാതായതോടെ ഡിസംബര്‍ 28 ന് സഹോദരന്‍ സാവിയോ മാണി ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

ജയ്‌നമ്മയും ഭര്‍ത്താവ് അപ്പച്ചനും തമ്മില്‍ നിരന്തരം വഴക്കായിരുന്നെന്നാണ് കുടുംബത്തിന്റെ ആരോപണം. ജയ്നമ്മയെ ഭര്‍ത്താവ് ഉപദ്രവിക്കുമായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. ജയ്‌നമ്മയുടെ തിരോധാനത്തില്‍ ഭര്‍ത്താവ് അപ്പച്ചനും പൊലീസില്‍ പരാതി നല്‍കിയിരുന്നു. വീട്ടില്‍ നിന്ന് കാണാതായതിന് ശേഷം പല തവണ ബന്ധുക്കള്‍ ഫോണില്‍ വിളിച്ചിരുന്നു. നാല് തവണ ഫോണ്‍ റിങ്ങ് ചെയ്‌തെങ്കിലും ആരും കോള്‍ എടുത്തില്ല. ഇപ്പോള്‍ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ല. പൊലീസ് നടത്തിയ അന്വേഷണത്തില്‍ അവസാനം ഫോണിന്റെ സിഗ്‌നല്‍ കിട്ടിയത് ചേര്‍ത്തല പള്ളിപ്പുറം ഭാഗത്താണ്. ഇവിടെ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ജയ്‌നമ്മ പോകാന്‍ സാധ്യതയുള്ള ധ്യാനകേന്ദ്രങ്ങളിലും പരിശോധന നടത്തിയിരുന്നു. ഇവിടെയൊന്നും ഇവരെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് പള്ളിപ്പുറത്ത് പരിശോധന നടത്തി ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സ്ഥലമുടമ സെബാസ്റ്റ്യനെ പൊലീസ് ചോദ്യം ചെയ്യും.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: