
മേഘാലയയിലെ ഗാരോ കുന്നുകള്‍, ലോകത്തിലെ ഏറ്റവും ഈര്‍പ്പമുള്ള സ്ഥലങ്ങളിലൊന്നാണിത്. ഇവിടെ കൂടുതലായും താമസിക്കുന്നത് ഗാരോ വംശജരാണ്. മേഘാലയയിലെ രണ്ടാമത്തെ വലിയ തദ്ദേശീയ ജനവിഭാഗമാണിത്, പ്രാദേശിക ജനസംഖ്യയുടെ മൂന്നിലൊന്ന് വരും ഗാരോ വംശജര്‍. ഒട്ടേറെ കൗതുകങ്ങളും പ്രത്യേകതകളുമുണ്ട് ഇവര്‍ക്ക്.
സ്ത്രീകള്‍ക്കാണ് ഇവിടെ പ്രാധാന്യം കൂടുതല്‍. പരമ്പരാഗതമായി ഇളയമകള്‍ക്കാണ് അമ്മയുടെ സ്വത്ത് ലഭിക്കുക. പ്രായപൂര്‍ത്തിയാകുന്നതോടെ ആണ്‍കുട്ടികള്‍ വീട്ടില്‍നിന്ന് ഇറങ്ങേണ്ടിവരും. ഗ്രാമത്തിലെ ബാച്ചിലര്‍ ഡോര്‍മിറ്ററികളിലാവും പിന്നീട് ഇവരുടെ താമസം. അവിടെനിന്ന് അവര്‍ക്ക് കായികപരമായുള്ള പരിശീലനം ലഭിക്കും. അതിനൊപ്പം മുളകൊണ്ടുള്ള കുട്ടകളുണ്ടാക്കാനും പഠിപ്പിക്കും.
വിവാഹശേഷം ഭാര്യയുടെ വീട്ടിലേക്ക് മാറ്റും താമസം. ഇങ്ങോട്ടേക്ക് സ്ത്രീകള്‍ക്ക് പ്രവേശനമില്ല. അത് ലംഘിക്കപ്പെട്ടാല്‍, അവള്‍ കളങ്കപ്പെട്ടവളായി മുദ്രകുത്തപ്പെടും. സ്ത്രീകളും പുരുഷന്‍മാരും ഒരുപോലെ ആഭരണങ്ങള്‍ ധരിക്കും. കമ്മലും മാലയും വളയും മോതിരവും ഇരുകൂട്ടരും അണിയാറുണ്ട്.
വംശത്തിനുള്ളില്‍നിന്ന് തന്നെയുള്ള വിവാഹം ഇവര്‍ക്കിടയില്‍ നിഷിദ്ധമാണ്. അങ്ങനെ ചെയ്താല്‍ ശിക്ഷയുമുണ്ട്. വിവാഹകാര്യത്തിലും ഒരു പ്രത്യേകതരം ആചാരമാണവരുടേത്. വരനെ വധുവിന്റെ കുടുംബക്കാരെല്ലാം ചേര്‍ന്ന് പിടിച്ചുകെട്ടും. എന്നിട്ടാണ് വിവാഹം കഴിപ്പിക്കുന്നത്. വധുവിനിഷ്ടപ്പെട്ട വരനെയാണ് ഇങ്ങനെ പിടിച്ചുകെട്ടുന്നത്.
ഗാരോ പെണ്‍കുട്ടികള്‍ക്ക് അവരുടെ ഗ്രാമത്തിനകത്തോ പുറത്തോ ഉള്ള ഇഷ്ടമുള്ള ആണ്‍കുട്ടികളെ കണ്ടെത്താം. ആണിനെ ഇഷ്ടപ്പെട്ടാല്‍, അവളത് അച്ഛനെയും സഹോദരന്‍മാരെയും അറിയിക്കുകയായി. വരന് ഇക്കാര്യം അറിയണമെന്നില്ല. അതുമാത്രമല്ല, ഒറ്റത്തവണയല്ല പിടിച്ചുകെട്ടുന്നത്. പയ്യന് താത്പര്യമില്ലാത്ത സന്ദര്‍ഭങ്ങളിലാണ് ഒട്ടേറെ തവണ ഈ പിടിച്ചുകെട്ടല്‍ ആചാരം നടക്കും. എവിടെവെച്ചു വേണമെങ്കിലും പിടിച്ചുകെട്ടിക്കൊണ്ടുപോകാം. നേരെ പെണ്‍കുട്ടിയുടെ വീട്ടിലേക്കാണ് കൊണ്ടുവരുന്നത്. അതുകഴിഞ്ഞ് തിരിച്ചുവിടുകയും ചെയ്തു. പയ്യന് തീരുമാനമെടുക്കാനുള്ള കുറച്ചുസമയം കൊടുക്കുകയും ചെയ്യും. എന്നാല്‍, തീരുമാനമാകുന്നതുവരെ മറ്റൊരു വിവാഹം കഴിക്കാന്‍ പാടില്ല. പയ്യന് താത്പര്യമില്ലെങ്കില്‍ അതിന് വ്യക്തമായ കാരണങ്ങള്‍ ബോധിപ്പിക്കുകയും വേണം. എന്നാല്‍, ഇന്ന് ഈ ആചാരം ഏകദേശം അവസാനിച്ച നിലയിലാണ്.






