സിസിടിവി ദൃശ്യം ഉണ്ടോ എന്നുള്ളതല്ല വിഷയം, സിസിടിവി ദൃശ്യം വെച്ചാണോ കേരളത്തിൽ എല്ലാ കേസുകളും തെളിയിക്കുന്നത്? മന്ത്രി പറയുന്നതാണ് മുഖവിലയ്‌ക്കെടുക്കേണ്ടത്!! കെഎസ്‌യു പ്രവർത്തകർക്ക് ആണത്തം ഉണ്ടെങ്കിൽ സമരം മുൻകൂട്ടി അറിയിക്കുകയാണ് ചെയ്യേണ്ടത്, നടത്തിയത് പതിയിരുന്നുള്ള ആക്രമണം- കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന് പരുക്കേൽക്കാനിടയായ സംഭവത്തിൽ പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ രംഗത്ത്. മന്ത്രിക്കെതിരെ കെഎസ്‌യു പ്രവർത്തകർ നടത്തിയത് പതിയിരുന്നുള്ള ആക്രമണമാണെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കെഎസ്‌യു പ്രവർത്തകർക്ക് ആണത്തം ഉണ്ടെങ്കിൽ സമരം മുൻകൂട്ടി അറിയിക്കുകയാണ് ചെയ്യേണ്ടതെന്നും കടകംപള്ളി സുരേന്ദ്രൻ വിമർശിച്ചു.
അതേസമയം മന്ത്രിയെ കെഎസ്‌യു പ്രവർത്തകർ കയ്യേറ്റം ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളില്ലെന്ന പ്രതിപക്ഷ ആരോപണത്തിലും കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. സിസിടിവി ദൃശ്യം ഉണ്ടോ എന്നുള്ളതല്ല വിഷയം. സിസിടിവി ദൃശ്യം വെച്ചാണോ കേരളത്തിൽ എല്ലാ കേസുകളും തെളിയിക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ ചോദിച്ചു. മന്ത്രി പറയുന്നതാണ് മുഖവിലയ്‌ക്കെടുക്കേണ്ടത്. മന്ത്രി അവശയായി വീണതിന് കാരണം കെഎസ്‌യു പ്രവർത്തകരുടെ ആക്രമണമാണെന്നും കടകംപള്ളി കുറ്റപ്പെടുത്തി.
സിസിടിവി ക്യാമറയിൽ തെളിയുന്ന കേസുകൾ ഉണ്ടാവും. എല്ലാ കേസുകളും സിസിടിവി വെച്ചാണോ തെളിയിക്കുന്നത്. ഈ കേസിൽ പോലീസിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. പോലീസിന് വീഴ്ചയുണ്ടെങ്കിൽ ഇതല്ലല്ലോ സംഭവിക്കുക. സംസ്ഥാനത്തിന്റെ സമര ചരിത്രത്തിൽ മന്ത്രിമാരെ തടയുന്ന വലിയ സംഭവം ഉണ്ടായിട്ടുണ്ട്. മന്ത്രിമാരെ തടഞ്ഞതിന്റെ പേരിൽ രക്തസാക്ഷിത്വം വരിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ ഒരു മന്ത്രിക്ക് പോലും ഒരു പോറൽ പോലും ഏറ്റിട്ടില്ല. കേരളത്തിൽ ഒരു മന്ത്രിയെയും ഓടിച്ചിട്ട് പിടിക്കാൻ ആരും ശ്രമിച്ചിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
അതേസമയം ഫെബ്രുവരി 25ന് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽവെച്ചായിരുന്നു മന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. റെയിൽവെ സ്റ്റേഷനിലൂടെ നടന്ന് നീങ്ങുകയായിരുന്ന മന്ത്രിക്ക് നേരെ കെഎസ്‌യു പ്രവർത്തകർ രംഗത്തെത്തുകയായിരുന്നു. ഇതിനിടെ മന്ത്രിയുടെ കൈക്കും കഴുത്തിനും പരുക്കേറ്റിരുന്നു. ആദ്യം കണ്ണൂർ ജില്ലാ ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയിൽ മന്ത്രിക്ക് കഴുത്തിൽ ക്ഷതം കണ്ടെത്തി.വിദഗ്ധ ചികിത്സ കണക്കിലെടുത്ത് മന്ത്രിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മെച്ചപ്പെട്ടതോടെ ഇന്ന് രാവിലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. തുടർന്ന് മന്ത്രി കോട്ടയത്ത് ആയുർവേദ ചികിത്സ തേടുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.






