Breaking NewsLead NewsNEWSWorld

നാറ്റോ പിൻവാങ്ങിയതോടെ അഫ്ഗാനിൽ സമാധാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു!! താലിബാൻ ഭരണകൂടം പ്രവർത്തിക്കുന്നത് ഇന്ത്യയുടെ പ്രതിനിധിയെപ്പോലെ, ലോകമെമ്പാടുമുള്ള ഭീകരരെ അവിടെ ഒന്നിപ്പിച്ച് ഭീകരത കയറ്റുമതി ചെയ്യുകയാണ്, പാക് സൈന്യം കടൽ കടന്നുവന്നവരല്ല, രഹസ്യങ്ങൾ കൃത്യമായി അറിയുന്ന അയൽക്കാർ…ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി

ഇസ്ലാമാബാദ്: അഫ്ഗാൻ-പാക്കിസ്ഥാൻ സംഘർഷം യുദ്ധത്തിലേക്ക് നീങ്ങുന്നതിനു പിന്നാലെ ഇന്ത്യയ്ക്കെതിരെ രൂക്ഷവിമർശനവുമായി പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാക്കിസ്ഥാന്റെ ക്ഷമ നശിച്ചതായും തുറന്ന യുദ്ധം ആരംഭിച്ചതായും പ്രഖ്യാപിച്ച അദ്ദേഹം അഫ്ഗാനിസ്താനിലെ താലിബാൻ ഭരണകൂടം ഇന്ത്യയുടെ പ്രതിനിധിയേപ്പോലെ പ്രവർത്തിക്കുകയാണെന്നും ആരോപിച്ചു.

2020-ൽ നാറ്റോ സഖ്യം പിൻവാങ്ങിയതോടെ അഫ്ഗാനിസ്താനിൽ സമാധാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ രാജ്യത്തെ ഇന്ത്യയുടെ കോളനിയാക്കി താലിബാൻ മാറ്റുകയും ലോകമെമ്പാടുമുള്ള ഭീകരരെ അവിടെ ഒന്നിപ്പിച്ച് ഭീകരത കയറ്റുമതി ചെയ്യുകയുമാണ് ചെയ്യുന്നതെന്നും ആസിഫ് എക്സിൽ കുറിച്ചു.

Signature-ad

അതുപോലെ താലിബാൻ ഭരണകൂടം പൗരന്മാരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾ ലംഘിക്കുകയാണെന്നും ഇസ്ലാം മതം സ്ത്രീകൾക്ക് നൽകുന്ന അവകാശങ്ങൾ പോലും തട്ടിയെടുക്കുകയാണെന്നും ഖ്വാജ ആസിഫ്ആരോപിച്ചു. നയതന്ത്രത്തിലൂടെയും സൗഹൃദ രാജ്യങ്ങളുടെ ഇടപെടലിലൂടെയും ബന്ധം സാധാരണ നിലയിലാക്കാൻ പാക്കിസ്ഥാൻ പരമാവധി ശ്രമിച്ചു, എന്നാൽ ഇപ്പോൾ പാക്കിസ്ഥാനെ ലക്ഷ്യമിട്ട് അക്രമങ്ങൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പാക്കിസ്ഥാൻ സൈന്യം കടൽ കടന്നുവന്നവരല്ലെന്നും താലിബാന്റെ രഹസ്യങ്ങൾ കൃത്യമായി അറിയാവുന്ന അയൽക്കാരാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതിനിടെ അതിർത്തിയിൽ സംഘർഷം കടുക്കുകയാണ്. കാബൂൾ, കാണ്ഡഹാർ, പക്തിയ തുടങ്ങിയ അഫ്ഗാൻ നഗരങ്ങളിൽ പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തി. പാക്കിസ്ഥാൻ അതിർത്തിസേനയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് തക്കതായ മറുപടിയാണ് നൽകിയതെന്നു പാക് ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി പറഞ്ഞു. പാക്കിസ്ഥാന്റെ വ്യോമാക്രമണം താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് സ്ഥിരീകരിച്ചെങ്കിലും ആളപായമില്ലെന്ന് അറിയിച്ചു. പാക് ആക്രമണത്തിനു തിരിച്ചടിയായി വ്യാഴാഴ്ച രാത്രി അഫ്ഗാൻ സൈന്യം ഡ്യൂറൻഡ് ലൈനിലെ പാക്കിസ്ഥാൻ സൈനിക താവളങ്ങൾക്ക് നേരെ പ്രത്യാക്രമണം നടത്തിയിരുന്നു.

കാണ്ഡഹാർ, ഹെൽമണ്ട് മേഖലകളിൽ നടത്തിയ തിരിച്ചടിയിൽ 55 പാകിസ്താൻ സൈനികരെ വധിച്ചതായും ചില സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തതായും അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. എന്നാൽ, പാകിസ്താൻ ഈ കണക്കുകൾ സ്ഥിരീകരിച്ചിട്ടില്ല. ഒക്ടോബറിൽ നടന്ന സംഘർഷത്തിൽ 70-ലധികം പേർ കൊല്ലപ്പെട്ടതിന് ശേഷം അതിർത്തികൾ മിക്കവാറും അടഞ്ഞുകിടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: