
ന്യൂഡൽഹി: വിദേശത്തുനിന്ന് ഇന്ത്യയിലേയ്ക്ക് വരുന്ന പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും ഗുണകരമായൊരു നീക്കം നടത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ . കസ്റ്റംസ് തീരുവയുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ വലിയ ഇളവുകൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ഈ മാസം 2 മുതലാണ് പുതിയ നിയമങ്ങൾ നിലവിൽ വന്നത്. ഇനി മുതൽ ലളിതമായ നടപടിക്രമങ്ങളിലൂടെ യാത്രക്കാർക്ക് വേഗത്തിൽ വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങാം. റമസാനിലും പെരുന്നാളിനും നാട്ടിലേക്ക് വരാൻ തയ്യാറെടുക്കുന്ന പ്രവാസികൾക്ക് ഈ പുതിയ ഇളവുകൾ വലിയ ഉപകാരപ്രദമാകും.
കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ശ്രദ്ധേയമായൊരു ഇളവാണ് ഡ്യൂട്ടി ഫ്രീ അലവൻസിലെ പുതുക്കിയ നിരക്ക്. അതുപ്രകാരം സാധാരണ വിനോദസഞ്ചാരികൾക്ക് ഇന്ത്യയിലേക്ക് വരുമ്പോൾ 75,000 രൂപ വരെയുള്ള സാധനങ്ങൾ നികുതിയില്ലാതെ കൊണ്ടുവരാം. മുൻപ് ഇത് 50,000 രൂപയായിരുന്നു.
രണ്ട് വർഷത്തിലധികം വിദേശത്ത് താമസിച്ച് നാട്ടിലേക്ക് മടങ്ങുന്നവർക്ക് 7,50,000 രൂപ വരെയുള്ള സാധനങ്ങൾക്ക് തീരുവ ഇളവും ലഭിക്കും.
അതുപോലെതന്നെ,12 മാസം വരെ വിദേശത്തു നിന്നവർക്ക് 1.5 ലക്ഷം രൂപയും ഒന്ന് മുതൽ രണ്ട് വർഷം വരെ നിന്നവർക്ക് 3 ലക്ഷം രൂപയും തീരുവ ഇളവ് ലഭിക്കും.






