കള്ളക്കേസ് തിരിഞ്ഞു കൊത്തും; ബിജെപിക്കും തിരിച്ചടി; കെജ്രിവാളിനെ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്ക് എതിരേ വകുപ്പുതല നടപടിക്ക് കോടതി നിര്‍ദേശം; ‘പ്രതിയെ മാപ്പുസാക്ഷിയാക്കി കൂടുതല്‍ പേരെ പ്രതികളാക്കുന്നത് ഭരണഘടനാ ലംഘനം; ഊഹാപോഹങ്ങളുടെ പേരില്‍ ഉണ്ടാക്കിയ കേസ്’
കേരളത്തില്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്, സ്വപ്ന സുരേഷ് ഉള്‍പ്പെട്ട നയതന്ത്ര ചാനല്‍വഴിയുള്ള സ്വര്‍ണക്കടത്ത് കേസുകളിലും പ്രതികളെ മാപ്പുസാക്ഷിയാക്കി അന്വേഷണം മുന്നോട്ടുകൊണ്ടുപോകുകയാണ് ചെയ്തത്. ഈ കേസുകളിലടക്കം വിധി നിര്‍ണായകമാകും

ന്യൂഡല്‍ഹി: സിബിഐയുടെ വിശ്വാസ്യതയ്ക്കു വീണ്ടും മങ്ങലേല്‍പ്പിച്ചു ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ കോടതിയുടെ നിരീക്ഷണങ്ങള്‍. മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരടക്കം 23 പ്രതികള്‍ക്കെതിരായ കേസ് ആണു തള്ളിയത്. കേവലം ഊഹാപോഹങ്ങളുടെ പേരില്‍ കേസെടുക്കാന്‍ കഴയില്ലെന്നും പ്രത്യേക ജഡ്ജി ജിതേന്ദ്ര സിംഗ് ഉത്തരവിട്ടു. കേസിനെ വ്യാപകമായി പ്രചാരണത്തിന് ഉപയോഗിച്ചാണ് ഡല്‍ഹി ഭരണം ബിജെപി പിടിച്ചെടുത്തത്. കേസില്‍ കേജ്രിവാള് പുറത്തിറങ്ങുന്നത് അന്വേഷണ സംഘത്തിന്റെ നിഷ്പക്ഷതയില്‍ സംശയമുണ്ടാക്കുന്നതിനൊപ്പം ബിജെപിക്കും കനത്ത തിരിച്ചടിയാകും.
‘മദ്യനയത്തില്‍ വിശാലമായ ഗൂഢാലോചനയോ ക്രിമിനല്‍ ഉദ്ദേശമോ ഉണ്ടായിരുന്നില്ല.
കേവലം ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു ഗൂഢാലോചന കഥ നിര്‍മ്മിക്കാനാണ് സിബിഐ ശ്രമിച്ചതെന്നും കേസ് നിലനില്‍ക്കില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു. അതുവഴി, 23 പ്രതികള്‍ക്കെതിരെയും പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി നിഗമനത്തിലെത്തി. മാപ്പുസാക്ഷികളുടെ മൊഴികളിലൂടെ കേസ് കെട്ടിപ്പടുത്തതിന് സിബിഐയെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
‘ഇത്തരം പെരുമാറ്റം അനുവദിച്ചാല്‍ അത് ഭരണഘടനാ തത്വങ്ങളുടെ ഗുരുതരമായ ലംഘനമാകും. ഒരു പ്രതിക്ക് മാപ്പ് നല്‍കുകയും പിന്നീട് അയാളെ മാപ്പുസാക്ഷി ആക്കുകയും, അന്വേഷണത്തിലെ/കഥയിലെ വിടവുകള്‍ നികത്താനും കൂടുതല്‍ ആളുകളെ പ്രതികളാക്കാനും അയാളുടെ മൊഴികള്‍ ഉപയോഗിക്കുന്ന രീതി തെറ്റാണ്’ എന്നു ജഡ്ജി പറഞ്ഞു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ (കുല്‍ദീപ് സിംഗ്) കേസില്‍ ഒന്നാം പ്രതിയാക്കിയ സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുമെന്നും കോടതി പറഞ്ഞു.
സിബിഐ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച പ്രതികള്‍ താഴെ പറയുന്നവരാണ്:
1. കുല്‍ദീപ് സിംഗ്
2. നരേന്ദര്‍ സിംഗ്
3. വിജയ് നായര്‍
4. അഭിഷേക് ബോയിന്‍പള്ളി
5. അരുണ്‍ രാമചന്ദ്ര പിള്ള
6. മൂത്ത ഗൗതം
7. സമീര്‍ മഹേന്ദ്രു
8. മനീഷ് സിസോദിയ
9. അമന്‍ദീപ് സിംഗ് ധാല്‍
10. അര്ജുന് പാണ്ഡെ
11. ബുച്ചിബാബു ഗോരന്ത്ല
12. രാജേഷ് ജോഷി
13. ദാമോദര്‍ പ്രസാദ് ശര്‍മ്മ
പ്രിന്‍സ് കുമാര്‍
14. അരവിന്ദ് കുമാര്‍ സിംഗ്
15. ചന്‍പ്രീത് സിംഗ് റായത്ത്
16. കവിത കല്വകുന്തള @ കെ. കവിത
17. അരവിന്ദ് കേജ്രിവാള്
18. ദുര്‍ഗേഷ് പഥക്
19. അമിത് അറോറ
20. വിനോദ് ചൗഹാന്
21. ആശിഷ് ചന്ദ് മാത്തൂര്‍
22. ശരത് ചന്ദ്ര റെഡി
ഡല്‍ഹിയിലെ മദ്യവ്യാപാരം കുത്തകയാക്കുന്നതിനും കാര്‍ട്ടലൈസേഷന്‍ നടത്തുന്നതിനും സഹായിക്കുന്നതിനായി 2021-22 ലെ ഡല്‍ഹി മദ്യനയത്തില്‍ കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ച് 2022-ല്‍ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതോടെയാണ് കേസ് ആരംഭിച്ചത്.
2022 ജൂലൈ 20-ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേന നല്കിയ പരാതിയിലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. നയത്തില്‍ കൃത്രിമം കാണിച്ചത് മൂലം ആം ആദ്മി പാര്‍ട്ടിയും (എഎപി) അതിന്റെ നേതാക്കളും മദ്യ നിര്‍മ്മാതാക്കളില്‍ നിന്ന് കോഴ വാങ്ങിയെന്ന് അന്വേഷണ ഏജന്‍സി പറഞ്ഞു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) പിന്നീട് ഈ വിഷയത്തില്‍ മണി ലോണ്ടറിംഗ് തടയല്‍ നിയമപ്രകാരം (പിഎംഎല്‍എ) കേസ് രജിസ്റ്റര്‍ ചെയ്തു.
തുടര്‍ന്ന് പ്രതിപക്ഷ നേതാക്കളുടെ തുടര്‍ച്ചയായ അറസ്റ്റുകള്‍ നടന്നു. ഇത് രാഷ്ട്രീയ പ്രേരിതമാണെന്ന് ചില കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നു. നയം രൂപീകരിക്കുന്ന ഘട്ടത്തില്‍ സിസോദിയയും കേജ്രിവാളും ഉള്‍പ്പെടെയുള്ള എഎപി നേതാക്കളും മറ്റ് തിരിച്ചറിയപ്പെടാത്ത സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു ആരോപണം.
നയത്തില്‍ ‘ഉദ്ദേശ്യപൂര്‍വം’ ലൂപ്പ്ഹോളുകള്‍ (പഴുതുകള്‍) ഉപേക്ഷിക്കുകയോ സൃഷ്ടിക്കുകയോ ചെയ്തതാണ് ഈ ഗൂഢാലോചനയെന്ന് ആരോപിക്കപ്പെട്ടു. ടെന്‍ഡര്‍ നടപടികള്‍ക്ക് ശേഷം ചില മദ്യ ലൈസന്‍സികളെയും ഗൂഢാലോചനക്കാരെയും സഹായിക്കാന്‍ ഈ പഴുതുകള്‍ ഉദ്ദേശിച്ചുള്ളതാണെന്നും സിബിഐ അവകാശപ്പെട്ടു.
കോടതി നടപടികള്‍
സിബിഐക്കെതിരെ രൂക്ഷ വിമര്‍ശനം: അന്വേഷണത്തിലെ വീഴ്ചകള്‍ക്ക് കോടതി സിബിഐയെ രൂക്ഷമായി വിമര്‍ശിച്ചു. ആയിരക്കണക്കിന് പേജുകളുള്ള കുറ്റപത്രത്തില്‍ സാക്ഷിമൊഴികളോ തെളിവുകളോ പിന്തുണയ്ക്കാത്ത കാര്യങ്ങളുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ഗൂഢാലോചനയ്ക്ക് തെളിവില്ല: മദ്യനയ രൂപീകരണത്തില്‍ വിശാലമായ ഗൂഢാലോചനയോ ക്രിമിനല്‍ ഉദ്ദേശമോ ഉണ്ടായിരുന്നില്ലെന്നും കേവലം ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് കെട്ടിപ്പടുത്തതെന്നും കോടതി പറഞ്ഞു.
മാപ്പുസാക്ഷി മൊഴികള്‍: പ്രതികളെ മാപ്പുസാക്ഷികളാക്കി അവരുടെ മൊഴികളിലൂടെ അന്വേഷണത്തിലെ വിടവുകള്‍ നികത്താന്‍ ശ്രമിക്കുന്നത് ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി: സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ കുല്‍ദീപ് സിംഗിനെ മതിയായ തെളിവുകളില്ലാതെ ഒന്നാം പ്രതിയാക്കിയ സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് കോടതി ശുപാര്‍ശ ചെയ്തു.
പ്രധാന നിരീക്ഷണങ്ങള്‍
അരവിന്ദ് കേജ്രിവാള്: കൃത്യമായ തെളിവുകളില്ലാതെയാണ് കേജ്രിവാളിനെ പ്രതിചേര്‍ത്തതെന്നും ഭരണഘടനാ പദവി വഹിക്കുന്ന ഒരാള്‍ക്കെതിരെ ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നത് നിയമവാഴ്ചയ്ക്ക് നിരക്കാത്തതാണെന്നും കോടതി പറഞ്ഞു. കേജ്രിവാള് ഈ കേസുമായി ബന്ധപ്പെട്ട് ഏകദേശം 156 ദിവസത്തോളം ജയില്‍വാസം അനുഭവിച്ചിരുന്നു.
മനീഷ് സിസോദിയ: സിസോദിയയ്ക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കില്ലെന്നും അദ്ദേഹത്തിന്റെ പങ്കാളിത്തം തെളിയിക്കുന്ന തെളിവുകളോ വീണ്ടെടുക്കലുകളോ ഉണ്ടായിട്ടില്ലെന്നും കോടതി വ്യക്തമാക്കി. സിസോദിയ ഏകദേശം 530 ദിവസത്തോളം ജയിലിലായിരുന്നു.






