
കൊല്ലം: യുവതി ഉള്‍പ്പെട്ട സംഘം തൊഴില്‍ തട്ടിപ്പ് നടത്തിയത് മാസം 2 ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന കപ്പല്‍ ജോലി വാഗ്ദാനം നല്‍കി. കേസില്‍ നാലാം പ്രതിയായ കൊല്ലം കല്ലട സ്വദേശി ചിഞ്ചു അനീഷിനെയാണ് കൊച്ചിയില്‍ നിന്നുമാണ് പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പുനലൂര്‍ കറവൂര്‍ സ്വദേശി നിഷാദ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കപ്പലില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിഷാദില്‍ നിന്നും പല തവണയായി പതിനൊന്നര ലക്ഷം രൂപയാണ് ചിഞ്ചു അനീഷും സംഘവും തട്ടിയെടുത്തത്.
മാസം 2 ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന കപ്പല്‍ ജോലിയാണ് നിഷാദിനു നല്‍കിയ വാഗ്ദാനം. വായ്പ എടുത്താണ് നിഷാദ് പണം നല്‍കിയത്. സമൂഹ മാധ്യമത്തിലൂടെ പരസ്യം കണ്ടാണ് ജോലിക്ക് അപേക്ഷിച്ചത്. ഗുഗിള്‍ മീറ്റ് വഴിയായിരുന്നു ചിഞ്ചു അപേക്ഷകരോട് സംസാരിച്ചിരുന്നത്. ഇത്തരത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികളാണ് ഇവരടങ്ങുന്ന സംഘം പല ചെറുപ്പക്കാരില്‍ നിന്നും തട്ടിയെടുത്തത്.

2023 മേയ് മുതല്‍ നവംബര്‍ വരെ പലതവണയായിട്ടാണ് നിഷാദ് ഇവര്‍ക്ക് പണം നല്‍കിയിരുന്നത്. പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസ് തട്ടിപ്പ് സംഘത്തിലെ ഒന്നാം പ്രതി ബിനിലിനെ മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടും, മൂന്ന് പ്രതികളെ ഇനി പിടികൂടാനുണ്ട്. വലിയതോതിലുള്ള പരാതി ഉയര്‍ന്നതോടെ എറണാകുളത്ത് ഇവര്‍ക്കുണ്ടായിരുന്ന ടാലന്റ് വീസ എച്ച്ആര്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനം അടച്ചുപൂട്ടിയിരുന്നു.
തട്ടിപ്പ് സംഘത്തിലെ ഒന്നാം പ്രതി ബിനില്‍കുമാര്‍ എം.ഡിയായി പെരുമ്പാവൂര്‍ ആസ്ഥാനമായുള്ള ഫ്‌ലൈ വില്ലോ ട്രീ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. 2023 മേയില്‍ ഫേസ് ബുക്കിലൂടെയുള്ള പരസ്യം കണ്ടാണ് നിഷാദ് സ്ഥാപനവുമായി ബന്ധപ്പെട്ട് പണം നല്‍കിയത്. ഗൂഗിള്‍ മീറ്റിലൂടെ ഇന്റര്‍വ്യൂ നടത്തി വ്യാജ ഓഫറിംഗ് ലെറ്ററും നല്‍കി. മാസങ്ങള്‍ കഴിഞ്ഞിട്ടും പോകാന്‍ കഴിയാതായപ്പോഴാണ് തട്ടിപ്പാണെന്ന് അറിഞ്ഞത്.
ഇന്റര്‍വ്യൂ നടത്തിയതും വ്യാജ ഓഫര്‍ ലെറ്റര്‍ നല്‍കിയതും ചിഞ്ചുവാണെന്ന് പൊലീസ് പറഞ്ഞു. ചിഞ്ചുവും ഭര്‍ത്താവ് അനീഷും സമാനമായ മറ്റൊരു കേസില്‍ 2023ല്‍ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയ വഴി പരസ്യം നല്‍കി ഇരകളെ കണ്ടെത്തുന്നതായിരുന്നു പ്രതികളുടെ രീതി.